ADVERTISEMENT

ഇന്നത്തെ തുർക്കിയും സിറിയയും ഉൾപ്പെടെയുള്ള മേഖലയിൽ താമസിച്ചിരുന്ന ആദിമ ജനതയാണ് ഹിറ്റൈറ്റുകൾ.1700 മുതൽ 1100 ബിസി വരെയാണ് ഹിറ്റൈറ്റ് രാജവംശങ്ങളുടെ കാലം. കരിങ്കടലിനപ്പുറമുള്ള മേഖലയിൽ നിന്ന് വന്നവരാണ് ഹിറ്റൈറ്റുകൾ. പതിനായിരക്കണക്കിന് ആദിമ കളിമണ്‍ ഫലകങ്ങളിൽ നിന്നാണ് ഇവരെപ്പറ്റിയുള്ള വിവരങ്ങൾ ലഭിച്ചത്. കാർഷിക വൃത്തിയായിരുന്നു ഹിറ്റൈറ്റുകളുടെ പ്രധാന ഉപജീവനമാർഗം. കുതിരകളെയും ആടുകളെയും ചെമ്മരിയാടുകളെയുമൊക്കെ ഇവർ വളർത്തിയിരുന്നു. ഇൻഡോ യൂറോപ്യൻ ഗണത്തിലാണ് ഇവരുടെ ഭാഷ ഉൾപ്പെടുത്തിയിരിക്കുന്നത്.

ലോഹങ്ങൾ ഇവർ ഉപയോഗിച്ചിരുന്നു. ഇരുമ്പ് ഉപയോഗിച്ച് ആയുധങ്ങളുമുണ്ടാക്കി. ഹിറ്റൈറ്റ് സാമ്രാജ്യത്തിന്റെ തലസ്ഥാനം ഹട്ടൂസ നഗരമായിരുന്നു. ആദിമകാലത്തെ വലിയൊരു നഗരമായിരുന്നു ഹട്ടൂസ. കാസ്കിയൻമാർ എന്നു പേരുള്ള ക്രൂരൻമാരും അപരിഷ്കൃതരുമായ ജനത ഹട്ടൂസയ്ക്കു സമീപം അധിവസിച്ചിരുന്നു. ഇവർ ഹട്ടൂസയ്ക്ക് സ്ഥിരം ഭീഷണിയായിരുന്നു.

സാമ്പത്തികപരമായും സൈനികപരമായും ഉന്നതിയിലും പ്രബലതയിലും നിന്ന ഹട്ടൂസ പൊടുന്നനെ ലോകചരിത്രത്തിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. എന്താണ് ഇതിനു വഴിവച്ചതെന്ന കാര്യത്തിൽ കൃത്യമായ ഒരു നിഗമനത്തിലേക്ക് എത്താൻ വിദഗ്ധർക്കോ ചരിത്രകാരൻമാർക്കോ കഴിഞ്ഞിരുന്നില്ല. എന്നാൽ പിൽക്കാലത്ത് ഇവിടെ നടന്ന ഗവേഷണം അപരിമിതമായ അളവിൽ ഉണ്ടായ ഒരു സ്ഫോടനമോ അഗ്നിബാധയോ കാരണമാണ് ഹട്ടൂസയുടെ നാശം സംഭവിച്ചതെന്ന സാധ്യത ഉയർത്തി. ഛിന്നഗ്രഹം, വാൽനക്ഷത്രം, ഉൽക്ക...ഇതിനു പിന്നി‍ൽ ഒരു അന്യഗ്രഹ ആക്രമണമാകാമെന്ന സാധ്യതവരെ ഗൂഢവാദക്കാർ ഉയർത്തി. ഹട്ടൂസയ്ക്കു സമീപപ്രദേശങ്ങളിലുള്ള ഒട്ടേറെ പ്രാചീന നഗരങ്ങളും ഇതേ രീതിയിൽ നശിച്ചത് ഇത്തരം വാദങ്ങൾക്ക് ഇന്ധനം പകർന്നു.

ഹട്ടൂസ പലതവണ ആക്രമണങ്ങൾക്കും നാശങ്ങൾക്കും വിധേയമായിരുന്നു. എന്നാൽ നഗരത്തെ അപ്രത്യക്ഷമാക്കിയ രൂക്ഷമായ ആ സംഭവവികാസം ഒരു പക്ഷേ കാലാവസ്ഥാ വ്യതിയാനം കാരണം ഉണ്ടായ ക്ഷാമമാണെന്ന് പ്രബലമായ വാദവുമുണ്ട്. ഈജിപ്ഷ്യൻ ഫറവോയായ മെർനെപ്റ്റ ഹട്ടൂസയിലേക്ക് കപ്പൽവഴി സഹായമായി ധാന്യങ്ങൾ അയച്ചതിനെപ്പറ്റി വിവരണങ്ങളുണ്ട്. ഹട്ടൂസയിലെ രാജാവുതന്നെ പല തവണ അയൽരാജ്യങ്ങളോട് സഹായമഭ്യർഥിച്ചിട്ടുള്ളതായി പഠനങ്ങളുണ്ട്. 3 വർഷം നീണ്ട ഒരു വരൾച്ചയാകാം ഹിറ്റൈറ്റ് സമൂഹത്തെ നശിപ്പിച്ചതെന്ന സാധ്യത കഴിഞ്ഞ വർഷം ശാസ്ത്രജ്ഞർ മുന്നോട്ടുവച്ചിരുന്നു. ഇങ്ങനെയെങ്കിൽ പ്രാചീനലോകത്ത് കാലാവസ്ഥാ വ്യതിയാനത്തിന്റെ കരാളഹസ്തത്തിലമർന്ന ഒരു നഗരമായിരുന്നു ഹട്ടൂസ.

ഹിറ്റൈറ്റ് സാമ്രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാ സ്ഥലമായിരുന്നു യസിലിക്കായ. ഇന്നത്തെ കാലത്തെ തുർക്കിയിലെ, മധ്യമേഖലയിൽ ബോഗസ്‌കലെ ഗ്രാമത്തിനടുത്തായാണു ഈ ചരിത്രസ്ഥലം.

English Summary:

The Hittites: A Bronze Age Civilization Lost to Time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com