ഫോട്ടോയെടുക്കുന്നത് പിന്നെയാകാം, വഴി മാറൂ...: മനുഷ്യൻ മാറുന്നതും കാത്ത് പെൻഗ്വിൻ
Mail This Article
മഞ്ഞുപുതച്ചു കിടക്കുന്ന അന്റാർട്ടിക് മേഖലയിൽ കുണുങ്ങി കുണുങ്ങി നടക്കുന്ന പെൻഗ്വിനുകളെ കാണാൻ പ്രത്യേക ഭംഗിയാണ്. ഇവരുടെ രസകരമായ നിരവധി വിഡിയോകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം വന്നൊരു വിഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. നടക്കുന്ന വഴിയിൽ തടസമായി മനുഷ്യർ നിൽക്കുന്നതും അവർ മാറുന്നതുവരെ പെൻഗ്വിൻ കാത്തുനിൽക്കുന്നതുമായ ദൃശ്യമാണ് പ്രചരിച്ചത്.
യുവതിയും യുവാവും മഞ്ഞിനിടയിലുള്ള വഴിയിൽ നിന്ന് ചിത്രം പകർത്തുകയായിരുന്നു. അപ്പോഴാണ് പിന്നിലൊരു ശബ്ദം കേട്ടത്. തിരിഞ്ഞുനോക്കിയപ്പോൾ കുഞ്ഞൻ പെൻഗ്വിൻ! അമ്പരന്നുപോയ രണ്ടുപേരും വഴിയുടെ രണ്ടറ്റത്തേക്ക് മാറിനിന്നു. പെൻഗ്വിനോട് മുന്നോട്ടു നടന്നോളൂ എന്ന രീതിയിൽ യുവതി കൈകൊണ്ട് ആംഗ്യം കാണിച്ചു. തുടർന്ന് പെൻഗ്വിൻ മുന്നോട്ട് നടക്കുകയായിരുന്നു. എതിർവശത്തുനിന്ന് മറ്റൊരു പെൻഗ്വിനും വരുന്നുണ്ടായിരുന്നു.
രസകരമായ വിഡിയോ രണ്ടുദിവസത്തിനുള്ളിൽ 12.2 കോടിപേരാണ് കണ്ടത്. മഞ്ഞുപാളികൾക്കിടയിൽ പെൻഗ്വിനുകൾക്ക് നടക്കാനായി പ്രത്യേക വഴിയുണ്ട്. ഇതിനെ പെൻഗ്വിൻ ഹൈവേ എന്നാണ് പറയുന്നത്. ഈ വഴിയിൽ മനുഷ്യർക്ക് പ്രവേശനമില്ല. കാഴ്ചകൾ കണ്ട് ആസ്വദിക്കുമ്പോൾ പെൻഗ്വിനുകളുടെ സ്വൈര്യവിഹാരത്തിന് തടസം നിൽക്കരുതെന്ന് വിഡിയോ കണ്ടവർ പറയുന്നു. ചുവന്ന കൊടികൾ സ്ഥാപിച്ചിരിക്കുന്നത് പെൻഗ്വിൻ ഹൈവേ തിരിച്ചറിയാനാണെന്നും ചിലർ കുറിച്ചു.