വനനശീകരണത്തിൽ ബ്രസീൽ കഴിഞ്ഞാൽ ഇന്ത്യ; നഷ്ടമായത് 6684 ചതുരശ്ര കി.മീ. വനം, തുടരുന്നു
Mail This Article
ബ്രസീൽ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ വനനശീകരണം നടക്കുന്ന രാജ്യമായി ഇന്ത്യ മാറുകയാണെന്ന് പരിസ്ഥിതി ഗവേഷകർ. ആർട്ടിക്കിൾ 14 എന്ന ജേണലിൽ പരിസ്ഥിതി ശാസ്ത്രജ്ഞ പ്രകൃതി ശ്രീവാസ്തവ, ഗവേഷകരായ പ്രേരണസിങ് ബിന്ദ്ര, കൃതിക സമ്പത്ത് എന്നിവർ ചേർന്ന പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. റോഡ്, വൈദ്യുതി നിലയങ്ങൾ, റെയിൽപ്പാതകൾ, അണക്കെട്ടുകൾ തുടങ്ങിയവയുടെ നിർമാണത്തിനായി സ്വാഭാവിക വനങ്ങളെ ഏറ്റെടുക്കുകയാണ്. ഇതിനുപകരമായി അത്രയും ഭൂമി കണ്ടെത്തി വനവത്കരണം നടത്തണമെന്നാണ് വ്യവസ്ഥ. എന്നാൽ അങ്ങനെ സംഭവിക്കുന്നില്ല. വനത്തിന്റെ നിർവചനത്തിൽപ്പെടാത്തതും വനമായി തുടരുന്നതുമായ ഭൂമിയിലാണ് വനവത്കരണം നടത്തുന്നതെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയ്ക്ക് 6684 ചതുരശ്ര കിലോമീറ്റർ വനം നഷ്ടപ്പെട്ടതായി യുകെ ആസ്ഥാനമായ ബിസിനസ് എനർജി കംപാരിസൺ സർവീസ് സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ വർഷം ഫെബ്രുവരി മുതൽ സെപ്റ്റംബർ വരെ രാജ്യത്ത് വികസനാവശ്യങ്ങൾക്കായി 1100 ഹെക്ടർ വനഭൂമി ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. ഇക്കാര്യം വനം ഉപദേശകസമിതികളുടെയും പ്രാദേശിക എംപവേർഡ് സമിതികളുടെ 26 യോഗങ്ങളുടെ മിനിറ്റ്സ് രേഖകളിൽ നിന്നും വ്യക്തമാണ്.