ശൈത്യകാലത്ത് തലച്ചോറും തലയോട്ടിയും ചുരുക്കും; വ്യത്യസ്തനാണ് ‘ഷ്രൂ’
Mail This Article
ജീവിലോകത്തെ പലതരം കൗതുക സ്വഭാവസവിശേഷതകൾ നമുക്കറിയാം. ഉദാഹരണമായി പ്രാണ രക്ഷയ്ക്കായി വാൽ മുറിച്ചു കടന്നുകളയുന്ന പല്ലി, സാഹചര്യത്തിനനുസരിച്ച് നിറം മാറുന്ന ഓന്ത്...ഇതൊക്കെ നമുക്ക് ചുറ്റും സാധാരണ കാണുന്നവയാണ്. കൂടാതെ ശിശിര കാലങ്ങളിൽ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളുടെ തോത് കുറയ്ക്കുന്നതിനായി ശിശിര നിദ്രയിലേർപ്പെടുന്ന ജീവികളെക്കുറിച്ചും നാം വായിച്ചറിഞ്ഞതാണ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്ത്മാണ് തണുപ്പ് കഠിനമാകുന്ന സമയത്ത് തലച്ചോറിനെ ചുരുക്കുന്ന ഷ്രൂ എന്ന ജീവി. വടക്കൻ യൂറോപ്പിൽ സാധാരണയായി കാണപ്പെടുന്ന ഇതിനെ യൂറേഷ്യൻ ഷ്രൂ എന്നും വിളിക്കുന്നു. ആറ് മുതൽ എട്ട് സെ.മീ വരെ നീളവും അഞ്ച് മുതൽ ആറ് സെ.മീ വരെ മാത്രം നീളവുമുള്ള ചെറു സസ്തനിയാണിത്.
തലച്ചോറും തലയോട്ടിയും ചുരുക്കാൻ കഴിയുന്ന ഈ കഴിവ് 'ഡെഹ്നൽസ് പ്രതിഭാസം' എന്നാണറിയപ്പെടുന്നത്. ആഗസ്റ്റ് ഡെഹ്നൽ എന്ന പോളിഷ് ജന്തുശാസ്ത്രജ്ഞന്റെ പേരിൽ നിന്നാണ് ഈ പ്രതിഭാസത്തിന് പ്രസതുത പേർ ലഭിച്ചത്. കഠിനമായ ശൈത്യത്തിൽ ജീവിക്കുന്ന സസ്തനികൾ ശരീരത്തിൽ ഊർജപയോഗം അമിതമാകുന്ന സാഹചര്യത്തിലും ഭക്ഷണക്കുറവ് വരുന്ന സമയത്തും ഈ പ്രതിഭാസം കാണിക്കാറുണ്ട്.
5-12 ഗ്രാം വരെ ഷ്രൂവിന്റെ തലച്ചോർ ചുരുങ്ങുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതായത് ഇവയുടെ ശരീരഭാരം 18% വരെ കുറയുന്നു. അടുത്ത വസന്തകാലത്ത് തലച്ചോറിലെ കലകൾ വീണ്ടും വളരുകയുള്ളുവെന്നതാണ് രസകരമായ കാര്യം. അമേരിക്ക, ജർമനി, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇവരുടെ ഗവേഷണ പ്രകാരം 'ഡെഹ്നൽസ് പ്രതിഭാസ'ത്തിന് കാരണം ചില ജീനുകളാണ്.