കാമുകിക്കു മുൻപിൽ ആളാകാൻ ക്യാമറയുമായി സിംഹക്കൂട്ടിൽ; കൊലപ്പെട്ടു, ശരീരഭാഗങ്ങൾ സിംഹങ്ങൾ ഭക്ഷിച്ചു
Mail This Article
ഉസ്ബെക്കിസ്ഥാനിലെ പാർക്കന്റിലെ മൃഗശാലയിൽ ക്യാമറയുമായി സിംഹക്കൂട്ടിൽ കയറിയ മൃഗശാല സൂക്ഷിപ്പുകാരനെ മൂന്നു സിംഹങ്ങൾ ആക്രമിച്ച് കൊലപ്പെടുത്തി. 44കാരനായ എഫ്. ഐറിസ്കുലോവ് ആണ് കൊല്ലപ്പെട്ടത്. കാമുകിയുടെ മുൻപിൽ ആളാകാനാണ് അദ്ദേഹം ക്യാമറയുമായി കൂട്ടിൽ കയറിയതെന്ന് റിപ്പോർട്ടുകളുണ്ട്.
കൂടിന്റെ പൂട്ട് തുറന്ന് സിംഹങ്ങളുടെ അടുത്തേക്ക് പോകുന്നത് ദൃശ്യങ്ങളിൽ കാണാം. ആ സമയം മൂന്ന് സിംഹങ്ങളും വളരെ ശാന്തരായി പെരുമാറിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഐറിസ്കുലോവിനെ ആക്രമിച്ചു. സിംഹങ്ങൾ വളഞ്ഞപ്പോഴും അദ്ദേഹം ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ആക്രമിക്കുന്നതിനു മുൻപ് സിംബ എന്ന് ഇയാൾ സിംഹങ്ങളിൽ ഒന്നിനെ വിളിക്കുന്നതും കേൾക്കാം. കൂട്ട ആക്രമണത്തിനിടെ അദ്ദേഹം നിലവിളിക്കുകയും ദൃശ്യങ്ങൾ അവസാനിക്കുകയും ചെയ്തു.
കൊല്ലപ്പെട്ട ഐറിസ്കുലോവിന്റെ ശരീരഭാഗങ്ങൾ സിംഹങ്ങൾ ഭക്ഷിച്ചതായി മൃഗശാല അധികൃതർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഒരു സിംഹത്തെ വെടിവച്ചു കൊന്നതായും മറ്റ് രണ്ടുപേരെ പ്രത്യേക കൂട്ടിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.