ഡസ്റ്റർ വീണ്ടുമെത്തുമോ? പുതിയ 3 മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ റെനോ
Mail This Article
2027നു മുന്‍പ് എട്ട് പുതിയ മോഡലുകള്‍ പുറത്തിറക്കുമെന്ന് റെനോ. ഒരു എസ്യുവി അടക്കം മൂന്നു കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. മൂന്നു ബില്യണ്‍ ഡോളര്‍ (ഏകദേശം 26,398 കോടി രൂപ) നിക്ഷേപത്തിന്റെ കരുത്തിലാണ് റെനോയുടെ മുന്നേറ്റം. യൂറോപിനു പുറത്തു വില്‍ക്കുന്ന കാറുകളില്‍ നിന്നുള്ള വരുമാനം ഇരട്ടിയാക്കാനുള്ള ശ്രമങ്ങളും റെനോ നടത്തുന്നുണ്ട്.
ഒരു ബി സെഗ്മെന്റ് എസ്യുവി, മൂന്നു സി സെഗ്മെന്റ് എസ്യുവി, രണ്ട് ഡി സെഗ്മെന്റ് എസ്യുവി, രണ്ട് പിക്ക് അപ്പ് ട്രക്കുകള്‍ എന്നിവയാണ് റെനോ പുറത്തിറക്കുക. യൂറോപിനു പുറത്തുള്ള വിപണിയിലെ കാറുകള്‍ക്കുവേണ്ടി രണ്ട് പുതിയ പ്ലാറ്റ്ഫോമുകളും റെനോയുടെ പദ്ധതിയിലുണ്ട്. വ്യത്യസ്ത പവര്‍ട്രെയിനുകളിലുള്ള വാഹനങ്ങളില്‍ ഉപയോഗിക്കാനാവുന്ന മോഡുലാര്‍ പ്ലാറ്റ്ഫോം ലാറ്റിന്‍ അമേരിക്ക, വടക്കേ ആഫ്രിക്ക, തുര്‍ക്കി, ഇന്ത്യ എന്നിങ്ങനെ നാലു മേഖലകളിലേക്കായാണ് നിര്‍മിക്കുന്നത്. രണ്ടാമത്തെ കോംപാക്ട് മോഡുലാര്‍ ആര്കിടെക്ച്ചര്(സിഎംഎ) പ്ലാറ്റ്ഫോം പ്രീമിയം ഡി, ഇ വിഭാഗങ്ങളിലെ കാറുകള്‍ക്കു വേണ്ടി മാറ്റി വച്ചിരിക്കുന്നു. ചൈനീസ് കാര്‍ കമ്പനിയായ ഗീലിയുമായി ചേര്‍ന്നാണ് ഈ പ്ലാറ്റ്ഫോം നിര്‍മിക്കുക.
എട്ടു കാറുകളില്‍ ആദ്യത്തേതാണ് കാര്‍ഡിയന്‍. അടുത്തവര്‍ഷം ലാറ്റിനമേരിക്കയിലും മൊറോക്കോയിലും പുറത്തിറങ്ങുന്ന കാര്‍ഡിയന്‍ വൈകാതെ ഇന്ത്യന്‍ വിപണിയിലുമെത്തും. കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുന്നതിന്റെ ഭാഗമായി വൈദ്യുത കാറുകള്‍ക്കൊപ്പം ഹൈബ്രിഡ് മോഡലുകള്‍ക്കാണ് റെനോ മുന്‍ഗണന നല്‍കുന്നത്. മേഗന് ഇ ടെക് ഇലക്ട്രിക് കാര്‍ ബ്രസീലിലും തുര്‍ക്കിയിലും റെനോ വില്‍ക്കുന്നുണ്ട്. 2027 ആവുമ്പോഴേക്കും യൂറോപിനു പുറത്ത് വില്‍ക്കുന്ന മൂന്നിലൊരു കാര്‍ ഇലക്ട്രിക്കോ ഹൈബ്രിഡോ ആക്കാനാണ് റെനോയുടെ ശ്രമം. ചെറിയ മോഡുലാര്‍ പ്ലാറ്റ്ഫോമിലുള്ള കാറുകള്‍ ലാറ്റിന്‍ അമേരിക്കയിലും തുര്‍ക്കിയിലും മൊറോക്കോയിലും ഇന്ത്യയിലും നിര്‍മിക്കും.
നാലു മീറ്റര്‍ മുതല്‍ അഞ്ചു മീറ്റര്‍ വരെ നീളവും 2.6 മീറ്റര്‍ മുതല്‍ മൂന്നു മീറ്റര്‍ വരെ വീല്ബേസിലുമുള്ള വാഹനങ്ങള്‍ മോഡുലാര്‍ പ്ലാറ്റ്ഫോമില്‍ നിര്‍മിക്കാനാവും. വൈദ്യുത വാഹനങ്ങള്‍ക്കു പുറമേ ഐസിഇ, ഫ്ളക്സ് ഫ്യുവല്‍(ഇ100), എല്‍പിജി, മൈല്‍ഡ് ഹൈബ്രിഡ് അഡ്വാന്‍സ്ഡ്(48വി), ഫുള്‍ ഹൈബ്രിഡ്, ഫ്രണ്ട് വീല്‍/ ഫോര്‍ വീല്‍ കാറുകളും ഈ പ്ലാറ്റ്ഫോമില്‍ റെനോ ഒരുക്കും.
ദക്ഷിണ കൊറിയയില്‍ നിര്‍മിക്കുന്ന ആഡംബര വാഹനങ്ങള്‍ക്കു വേണ്ടിയാണ് സിഎംഎ പ്ലാറ്റ്ഫോം റെനോ ഒരുക്കുക. കൂടുതല്‍ കരുത്തുള്ള ഹൈബ്രിഡ് വാഹനങ്ങളും ഈ പ്ലാറ്റ്ഫോമില്‍ പുറത്തുവരും. സോളിലെ എന്‍ജിനീയറിങ് സെന്ററില്‍ രൂപകല്പന ചെയ്യുന്ന വാഹനങ്ങളെ ബുസാനിലെ പ്ലാന്റിലാണ് റെനോ നിര്‍മിക്കുക. ക്രെറ്റയുടെ വലുപ്പത്തിലുള്ള കോംപാക്ട് എസ്യുവി വിഭാഗത്തില്‍ പെടുന്ന വാഹനമായിരിക്കും കാര്‍ഡിയന്‍. മറ്റൊരു വാഹനമായ നയാഗ്ര പിക്അപ്പാണ്. പുതിയ ഇ-ടെക് ഹൈബ്രിഡ് 4 വീല്‍ ഡ്രൈവ് സാങ്കേതികവിദ്യയും നയാഗ്രയിലുണ്ട്.
ഇന്ത്യയില്‍ ചരിത്രം സൃഷ്ടിച്ച റെനോയുടെ ഡസ്റ്ററിനോട് സാമ്യത പുലര്‍ത്തുന്നുണ്ട് നയാഗ്രയുടെ രൂപം. എന്നാല്‍ മസില്‍കാര്‍ സവിശേഷതകളാണ് നയാഗ്രയില്‍ എടുത്തു കാണുന്നതെന്നു മാത്രം. ഗ്രില്ലിലെ 3ഡി എഫക്ടും കട്ടി പുരികമുള്ളതുപോലെ തോന്നിപ്പിക്കുന്ന ഹെഡ്ലൈറ്റും വാഹനത്തിന്റെ രൂപത്തിലെ ഗൗരവം കൂട്ടുന്നു. സാധാരണയിലും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ലോങ് ട്രാവല്‍ സസ്പെന്‍ഷനും ഉയര്‍ന്ന ബ്രേക്ക് ഓവര്‍ ആംഗിളുമെല്ലാം നയാഗ്ര ഓഫ് റോഡിങിനു വേണ്ടി ജനിച്ചതാണെന്ന സൂചന നല്‍കുന്നുണ്ട്.
ഇ-ടെക് ഹൈബ്രിഡ് 4WD സാങ്കേതികവിദ്യയാണ് നയാഗ്രയുടെ പവര്ട്രെയിനിലുള്ളത്. മൈല്‍ഡ് ഹൈബ്രിഡ്(48വി) പിന്തുണയും മലിനീകരണം കുറക്കുന്നു. സാധാരണ ദിവസങ്ങളിലെ യാത്രകളില്‍ പകുതിയിലേറെ ദൂരവും നിങ്ങള്‍ക്ക് വൈദ്യുതിയില്‍ പോകാന്‍ സാധിക്കുമെന്നാണ് റെനോയുടെ വാഗ്ദാനം. കാര്ഡിയനു ശേഷം നയാഗ്രയായിരിക്കും റെനോ പുറത്തിറക്കുക. യൂറോപിനു പുറത്ത് 80 രാജ്യങ്ങളിലായി 1.30 കോടി ഉപഭോക്താക്കളുള്ള ഫ്രാന്‍സില്‍ നിന്നുള്ള കാര്‍ നിര്‍മാണ കമ്പനിയാണ് റെനോ.