പറക്കുമ്പോൾ മിന്നുന്ന പച്ചയും ചുവപ്പും! വെറുതേയല്ല വിമാനത്തിലെ ഈ ലൈറ്റുകൾ
Mail This Article
രാത്രിയില്‍ ആകാശത്തുകൂടി വിമാനങ്ങള്‍ പറന്നു പോകുമ്പോള്‍ ചില വെളിച്ചങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ. പച്ച, ചുവപ്പ്, വെള്ള എന്നിങ്ങനെ പല നിറങ്ങളില്‍ മിന്നുന്ന ഈ വെളിച്ചങ്ങള്‍ക്ക് വ്യത്യസ്തങ്ങളായ ചുമതലകളുണ്ട്. സുരക്ഷിതമായ ഓരോ യാത്രയും പൂര്‍ത്തിയാക്കുന്നതില്‍ വിമാനത്തിലും റണ്‍വേയിലുമൊക്കെ ഘടിപ്പിച്ചിട്ടുള്ള വെളിച്ചങ്ങള്‍ക്കും പങ്കുണ്ട്. വിമാനങ്ങളുടെ സവിശേഷതകളും എന്താണ് ചുമതലകളെന്നതും തുടങ്ങി, ദിവസത്തിലെ ഏതു സമയത്താണ് എന്നതു വരെ ഈ ലൈറ്റുകളെ സ്വാധീനിക്കുന്നു.
പൊതുവില്‍ മൂന്നു വ്യത്യസ്ത കാര്യങ്ങള്‍ക്കുവേണ്ടിയാണ് വിമാനങ്ങളിലെ വെളിച്ചങ്ങള്‍ ഉപയോഗിക്കുന്നത്. ഒന്ന് പൈലറ്റിന്റെ കാഴ്ച സുഗമമാക്കുന്നതിന്. രണ്ട് വിമാനങ്ങളെ കൂടുതല്‍ വ്യക്തതയോടെ മറ്റുള്ളവര്‍ കാണുന്നതിന്. മൂന്ന് വ്യത്യസ്ത ആവശ്യങ്ങൾക്ക് വേണ്ടി. ഒന്നിലേറെ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ലൈറ്റുകളും ഇക്കൂട്ടത്തിലുണ്ട്. ഉദാഹരണത്തിന് ലാന്‍ഡിങ് ലൈറ്റുകള്‍ വിമാനങ്ങളെ കൂടുതല്‍ തെളിമയോടെ കാണുന്നതിനും പൈലറ്റിനു കൂടുതല്‍ വ്യക്തതയോടെ മുന്നിലെ കാര്യങ്ങള്‍ കാണാനും സഹായിക്കാറുണ്ട്.
വിമാനം പറത്തുന്നതിന് നിയമപരമായി നിര്‍ബന്ധമുള്ളവയാണ് പല ലൈറ്റുകളും. ഏതെങ്കിലും ലൈറ്റ് പ്രവര്‍ത്തിക്കുന്നില്ലെന്നു കണ്ടെത്തിയാൽ വിമാനം വൈകും. കാരണം പലപ്പോഴും ഇത്തരം ലൈറ്റുകള്‍ അത്ര എളുപ്പത്തില്‍ മാറ്റിവയ്ക്കാന്‍ സാധിക്കാറില്ല. വിമാനങ്ങളില്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ലൈറ്റുകളേതെന്ന് നോക്കാം.
നാവിഗേഷന്‍ ലൈറ്റ്‌സ്
നാവിഗേഷന്‍ ലൈറ്റുകള്‍ പൊസിഷന്‍ ലൈറ്റുകളെന്നും അറിയപ്പെടുന്നു. രാത്രിയില്‍ പറക്കുന്ന എല്ലാ വിമാനങ്ങള്‍ക്കും ഈ ലൈറ്റുകള്‍ നിര്‍ബന്ധമാണ്. കപ്പലുകള്‍ പ്രധാനപ്പെട്ട സഞ്ചാര മാര്‍ഗമായിരുന്ന കാലത്തുതന്നെ ഇത്തരം നാവിഗേഷൻ ലൈറ്റുകളുടെ പ്രാധാന്യം നമ്മള്‍ തിരിച്ചറിഞ്ഞിരുന്നു. കപ്പലുകളെ അപകടത്തില്‍ പെടാതെ രക്ഷിക്കാന്‍ ഉപയോഗിച്ച നാവിഗേഷന്‍ ലൈറ്റുകള്‍ അതേ ആവശ്യത്തിനാണ് വിമാനങ്ങളിലും ഉപയോഗിക്കുന്നത്. വിമാനങ്ങളുടെ വലത്തേ ചിറകില്‍ പച്ച ലൈറ്റും ഇടത്തേ ചിറകില്‍ ചുവപ്പു വെളിച്ചവുമാണുള്ളത്. വെള്ള ലൈറ്റുകള്‍ വിമാനത്തിന്റെ വാലിലോ ചിലപ്പോള്‍ ചിറകിന്റെ പിന്‍ ഭാഗത്തായോ ആണ് കാണാറ്. വിമാനത്തിന്റെ സ്ഥാനം ഏത് ഇരുട്ടിലും വ്യക്തമായി നിര്‍ണയിക്കാന്‍ ഈ വെളിച്ചങ്ങളും അവയുടെ നിറങ്ങളും സഹായിക്കും.
ബീക്കണ്‍ ലൈറ്റ്‌സ്
ആന്റി കൊളീഷ്യന്‍ ലൈറ്റുകള്‍ എന്നും ബീക്കണ്‍ ലൈറ്റുകള്‍ അറിയപ്പെടാറുണ്ട്. വിമാനം സഞ്ചരിക്കുകയാണെന്ന സൂചന നല്‍കുന്നവയാണ് ബീക്കണ്‍ ലൈറ്റുകള്‍. വിമാനത്തിന്റെ മുകളിലും താഴ്ഭാഗത്തുമാണ് ഈ ലൈറ്റുകള്‍ കാണുക. വിമാനത്തിന്റെ എന്‍ജിന്‍ ഓണാവുമ്പോള്‍ മിന്നി തുടങ്ങുന്ന ഈ ലൈറ്റുകള്‍ എന്‍ജിന്‍ ഓഫാക്കുമ്പോഴാണ് പൂര്‍ണമായി കെടുക.
സ്‌ട്രോബ് ലൈറ്റ്
ആന്റി കൊളീഷ്യന്‍ ലൈറ്റുകളെന്ന് സ്‌ട്രോബ് ലൈറ്റുകളേയും വിശേഷിപ്പിക്കാറുണ്ട്. ചിറകിന്റെ അറ്റത്താണ് ഈ വെള്ള ലൈറ്റുകളുള്ളത്. ചില വിമാനങ്ങളില്‍ ഈ ലൈറ്റുകള്‍ വേഗത്തില്‍ മിന്നിക്കത്താറുണ്ട്. വിമാനം റണ്‍വേയില്‍ സഞ്ചരിക്കുമ്പോഴും പറക്കുമ്പോഴുമാണ് ഈ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാറ്. പുതിയ വിമാനങ്ങളില്‍ എല്‍ഇഡി ലൈറ്റുകളാണ് സ്‌ട്രോബ് ലൈറ്റുകളായി ഉപയോഗിക്കാറ്.
ടാക്‌സി ലൈറ്റ്‌സ്
പൈലറ്റിന് രാത്രികാലങ്ങളില്‍ റണ്‍വേയുടെ വ്യക്തമായ കാഴ്ച ലഭിക്കുന്നതിനാണ് ടാക്‌സി ലൈറ്റ്‌സ് ഉപയോഗിക്കാറ്. വിമാനത്തിന്റെ മുന്‍ ഭാഗത്തും ചിറകുകളിലുമായാണ് ഈ ലൈറ്റുകള്‍ ഉണ്ടാകുക. ലൈന്‍ഡിങ് ലൈറ്റുകളില്‍ പ്രകാശം കുറയ്ക്കാനാകുമെങ്കില്‍ അവയും ടാക്‌സി ലൈറ്റുകളായി ഉപയോഗിക്കാറുണ്ട്.
ലാന്‍ഡിങ് ലൈറ്റ്‌സ്
ഫ്ലൈറ്റ് ക്രൂവിന് വളരെ പ്രധാനമാണ് ലാന്‍ഡിങ് ലൈറ്റുകള്‍. വിമാനത്തിന്റെ ചിറകിലും മൂക്കിലും ഇന്ധന ടാങ്കിന്റെ അടിയിലുമൊക്കെയായി ലാന്‍ഡിങ് ലൈറ്റ്‌സ് വയ്ക്കാറുണ്ട്. റണ്‍വേ വ്യക്തമായി കാണുന്ന രീതിയിലായിരിക്കും ഈ ലൈറ്റുകളുടെ സ്ഥാനം. നേരത്തെപറഞ്ഞതു പോലെ പ്രകാശം കുറയ്ക്കാനായാല്‍ ലാന്‍ഡിങ് ലൈറ്റുകളെ ടാക്‌സി ലൈറ്റുകളായും ഉപയോഗിക്കാറുണ്ട്.
റണ്‍വേ ടേണ്‍ഓഫ് ലൈറ്റ്‌സ്
ലാന്‍ഡിങ് ലൈറ്റുകളോടെ സാമ്യതയുള്ളവയാണെങ്കിലും അത്രത്തോളം പ്രകാശമുള്ളവയല്ല റണ്‍വേ ടേണ്‍ഓഫ് ലൈറ്റുകള്‍. വിമാനത്തിന്റെ മൂക്കിന്റെ ഏതെങ്കിലും ഭാഗത്തു നിന്നു റണ്‍വേ വ്യക്തമായി കാണാനായി ഇവ പ്രവര്‍ത്തിപ്പിക്കുന്നു. പ്രത്യേകിച്ചും ടാക്സിവേകളിൽ നിന്ന് റണ്‍വേകളിലേക്ക് പ്രവേശിക്കുന്ന സമയത്ത് റണ്‍വേ ടേണ്‍ഓഫ് ലൈറ്റുകള്‍ ഉപകാരപ്പെടാറുണ്ട്.
വിങ് ഇന്‍സ്‌പെക്ഷന്‍ ലൈറ്റ്‌സ്
വിമാനത്തിന്റെ പ്രധാന ഭാഗത്തില്‍ നിന്നു ചിറകിലേക്കായി ക്രമീകരിച്ചരിക്കുന്നവയാണ് വിങ് ഇന്‍സ്‌പെക്ഷന്‍ ലൈറ്റുകള്‍. പേരില്‍ തന്നെ ഇവയുടെ ഉപയോഗവും വ്യക്തമാണ്. ചിറകുകളില്‍ ഏതെങ്കിലും തരത്തിലുള്ള മഞ്ഞുകട്ടകള്‍ രൂപപ്പെട്ടിട്ടുണ്ടോ എന്ന് ഫ്ലൈറ്റ് ക്രൂവിന് വ്യക്തമാക്കുന്നത് ഈ ലൈറ്റുകളാണ്.
സെര്‍ച്ച് ലൈറ്റ്
ചില സൈനിക വിമാനങ്ങളില്‍ ഇത്തരം സെര്‍ച്ച് ലൈറ്റുകള്‍ കാണപ്പെടാറുണ്ട്. കരയിലെ പ്രത്യേകം ഭാഗം കൂടുതല്‍ വ്യക്തമായി കാണാന്‍ വേണ്ടിയാണ് വിമാനങ്ങള്‍ ഈ ശക്തമായ ലൈറ്റുകള്‍ ഉപയോഗിക്കാറ്. പരിധിക്കുള്ളിലാണ് പറക്കുന്നതെങ്കില്‍ താഴെയുള്ള കാഴ്ചകള്‍ കൂടുതല്‍ വ്യക്തമാകാന്‍ ഇത് പൈലറ്റുമാരെ സഹായിക്കും.
ഫോര്‍മേഷന്‍ ലൈറ്റ്‌സ്
വിമാനങ്ങള്‍ കൂട്ടമായി പറക്കുമ്പോള്‍ സ്ഥാനം കൃത്യമാക്കാന്‍ സഹായിക്കുന്നവയാണ് ഈ ലൈറ്റുകള്‍. ഇന്‍ഫ്രാറെഡ് ലൈറ്റുകളാണ് ഇവയില്‍ ഉപയോഗിക്കാറ്. അതുകൊണ്ടുതന്നെ നൈറ്റ് വിഷന്‍ ഉപകരണങ്ങള്‍ വഴി മാത്രമേ ഇത് കാണാനാവൂ.
ലോഗോ ലൈറ്റ്
വിമാനങ്ങളുടെ ലോഗോ വ്യക്തമായി കാണുന്നതിനു വേണ്ടി വെച്ചിട്ടുള്ള ലൈറ്റുകളാണിത്. പഴയ വിമാനങ്ങളില്‍ ചിറകുകളില്‍ നിന്നു പിന്നിലേക്കായിട്ടാണ് ഇവ ഘടിപ്പിച്ചിരുന്നത്. ഇത് നിയമപരമായി നിര്‍ബന്ധമുള്ള വെളിച്ച സംവിധാനമല്ല. വിമാനകമ്പനികള്‍ അവരുടെ പ്രചാരണത്തിനു വേണ്ടിയാണ് ഇത് ഉപയോഗിക്കാറ്. പറക്കുമ്പോള്‍ പോലും ഏതു വിമാനമാണ് പോകുന്നതെന്ന് താഴെയുള്ളവര്‍ക്ക് തിരിച്ചറിയാന്‍ ഇതുവഴി സാധിക്കും.