ADVERTISEMENT

മഴ കനത്തതോടെ വെള്ളക്കെട്ടും വെള്ളപ്പൊക്കവും മിന്നല്‍ പ്രളയവുമെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമാവുന്നുണ്ട്. വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുന്നത് നിരവധി അപകട സാധ്യതകള്‍ കൂടി വര്‍ധിപ്പിക്കുന്നുണ്ട്. കഷ്ടി രണ്ടു മണിക്കൂര്‍ പെയ്ത മഴ കളമശേരിയില്‍ പൊടുന്നനെ വെള്ളപ്പൊക്കമുണ്ടാക്കിയത് ദിവസങ്ങള്‍ക്കു മുമ്പാണ്. അപ്രതീക്ഷിതമായി ഇത്തരം വെള്ളപ്പൊക്കത്തിന്റെ ഭാഗമാവേണ്ടി വന്നാല്‍ വാഹനത്തിന്റേയും വ്യക്തികളുടേയും സുരക്ഷ ഉറപ്പിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം?

സാധ്യമെങ്കില്‍ വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുന്നത് തന്നെയാണ് ഏറ്റവും സുരക്ഷിതം. എന്നാല്‍ മിന്നല്‍ പ്രളയം പോലുള്ള സന്ദര്‍ഭങ്ങളില്‍ ഇതിനു പോലും അവസരം ലഭിച്ചെന്നു വരില്ല. ഓഫീസിലേക്കുള്ള യാത്രക്കിടെയായിരിക്കാം ഒരുപക്ഷേ നിങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങുന്നത്. അത്തരം സാഹചര്യങ്ങളില്‍ സുരക്ഷിതമായിരിക്കാന്‍ സ്വീകരിക്കേണ്ട ഏഴു മാര്‍ഗങ്ങള്‍ നോക്കാം. 

സംക്രാന്തി - മെഡിക്കൽ കോളേജ് റോഡിൽ ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയിൽ നിന്ന്. ചിത്രം: മനോരമ
സംക്രാന്തി - മെഡിക്കൽ കോളേജ് റോഡിൽ ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയിൽ നിന്ന്. ചിത്രം: മനോരമ

നിങ്ങളുടെ സുരക്ഷ ആദ്യം

നിങ്ങളുടെ കാര്‍ ഒരുപക്ഷേ വലിയ സ്വപ്‌നത്തിന്റെ ഫലമായിരിക്കാം. എങ്കിലും ഒരു വാഹനവും നിങ്ങളേക്കാള്‍ വലുതല്ലെന്ന് മറക്കരുത്. അത്യന്തം അപകടകരമായ സാഹചര്യം നേരിടേണ്ടി വന്നാല്‍ കാര്‍ ഉപേക്ഷിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുകയാണ് വേണ്ടത്. ഇനി ഉയര്‍ന്ന സ്ഥലങ്ങള്‍ അടുത്തില്ലെങ്കില്‍ വാഹനത്തിന് മുകളില്‍ കയറി നിന്നെങ്കിലും സ്വന്തം സുരക്ഷ ഉറപ്പിക്കേണ്ടതാണ്.

കാറിനുള്ളിലേക്ക് വെള്ളം കയറുന്ന സാഹചര്യമുണ്ടായാല്‍ കാറിലെ ഇലക്ട്രോണിക് സംവിധാനം താറുമാറാവാനും ഡോറോ ജനലുകളോ പോലും തുറക്കാനോ സാധിക്കാത്ത നിലയുണ്ടാവും. അത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. വെള്ളം കാറിനകത്തേക്കു കയറുമെന്ന് ഉറപ്പായാല്‍ എത്രയും പെട്ടെന്ന് പുറത്തിറങ്ങി സുരക്ഷിത സ്ഥാനത്തേക്കു മാറുന്നതാണ് ഉചിതം. 

Image Source: joebelanger | iStock
Image Source: joebelanger | iStock

ബാറ്ററി കണക്ഷന്‍ വിച്ഛേദിപ്പിക്കണം

നിങ്ങള്‍ വാഹനം പാര്‍ക്കു ചെയ്തിരിക്കുന്ന ഭാഗത്ത് വെള്ളം ഉയരാന്‍ സാധ്യതയുണ്ടെങ്കില്‍ ബാറ്ററിയുടെ കണക്ഷന്‍ വിച്ഛേദിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും സുരക്ഷിത സ്ഥാനത്തേക്ക് വാഹനം മാറ്റാനാവില്ലെന്ന് ഉറപ്പായി കഴിഞ്ഞാല്‍ ഇത്തരം നടപടികള്‍ കാറിന്റെ ആയുസ് വര്‍ധിപ്പിക്കും. കാറിലെ ഇലക്ട്രിക് സംവിധാനങ്ങള്‍ സുരക്ഷിതമായിരിക്കാനും ഷോര്‍ട്ട് സര്‍ക്യൂട്ട് തടയാനും ഇത് സഹായിക്കും. 

ഉയരം കൂടിയ സ്ഥലത്ത് പാര്‍ക്കിങ്

വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലത്താണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍ വാഹനം കൂടുതല്‍ ഉയരമുള്ള പ്രദേശത്തേക്ക് സുരക്ഷിതമായി പാര്‍ക്ക് ചെയ്യാനുള്ള സാധ്യതയുണ്ടോ എന്നു പരിശോധിക്കണം. നിങ്ങളുടെ താമസസ്ഥലത്തു നിന്നും അല്‍പം അകലെയാണ് പാര്‍ക്കിങ് സൗകര്യമെങ്കില്‍ പോലും വാഹനം സുരക്ഷിതമായി അങ്ങോട്ടേക്കു മാറ്റുന്നതാണ് നല്ലത്. എസ് യു വികളെ അപേക്ഷഇച്ച് ഗ്രൗണ്ട് ക്ലിയറന്‍സ് കുറവുള്ള കാറുകളാണെങ്കില്‍ പ്രത്യേകിച്ചും. 

Image Source: Nikhil Mantri | iStock
Image Source: Nikhil Mantri | iStock

വെള്ളക്കെട്ടിലൂടെ ഡ്രൈവിങ് വേണ്ട

റോഡില്‍ വെള്ളം നിറഞ്ഞിരിക്കുന്ന അവസ്ഥയാണെങ്കില്‍ സാധ്യമെങ്കില്‍ അതുവഴി വാഹനം ഓടിക്കാതിരിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് നിങ്ങള്‍ക്ക് പരിചിതമല്ലാത്ത വഴിയാണെങ്കില്‍. ഇനി പരിചിതമായ വഴിയാണെങ്കില്‍ പോലും വെള്ളം അളവില്‍ കൂടുതലുണ്ടെങ്കില്‍ വെള്ളക്കെട്ടിലൂടെയുള്ള ഡ്രൈവിങ് ഒഴിവാക്കുന്നതാണ് ഉചിതം. പരിചിത വഴികളില്‍ പോലും വെള്ളപ്പാച്ചിലില്‍ പുതിയ കുഴികളോ കല്ലുകളോ ഒക്കെ വഴിയിലുണ്ടാവാനും സാധ്യതയുണ്ട്. വലിയ വാഹനങ്ങള്‍ പോവുന്നതു നോക്കി വെള്ളത്തിന്റെ ആഴവും അപകട സാധ്യതയും നോക്കി മാത്രം കാറുകള്‍ മുന്നോട്ടെടുക്കുന്നതാണ് നല്ലത്. 

Image Source: Sudarshan Jha | shutterstock
Image Source: Sudarshan Jha | shutterstock

ടയറിനേക്കാള്‍ മുകളില്‍ വെള്ളമുണ്ടെങ്കില്‍

ടയറിന്റെ പകുതിയിലേറെ മുങ്ങുമെങ്കില്‍ ഒരിക്കലും കാര്‍ വെള്ളത്തിലേക്ക് എടുക്കരുത്. വെള്ളം പുറത്തേക്കൊഴുകുന്ന കാറിലെ സംവിധാനം പൊതുവില്‍ ടയറിന്റെ പകുതി ഉയരത്തിലാണ് സജ്ജീകരിച്ചിട്ടിട്ടുണ്ടാവുക. എടുത്തു ചാടി വെള്ളത്തിലേക്ക് വാഹനം ഇറക്കിയാല്‍ അറ്റകുറ്റപണികളിലൂടെ നന്നാക്കിയെടുക്കാന്‍ പോലും സാധിക്കാത്ത നിലയിലേക്ക് കാര്‍ മാറാനും ഇടയുണ്ട്. റോഡില്‍ ഉയരമുള്ള ഭാഗമുണ്ടെങ്കില്‍ അതിലൂടെ മാത്രം വാഹനം മുന്നോട്ടെടുക്കാന്‍ ശ്രദ്ധിക്കുക. 

ഡ്രൈവിങ് സാവധാനം 

വെള്ളക്കെട്ടും അപകട സാധ്യതയും തിരിച്ചറിഞ്ഞാല്‍ സാവധാനത്തില്‍ മാത്രം വാഹനം ഓടിക്കുക. ഇത് അപകടം ഒഴിവാക്കാന്‍ കൂടുതല്‍ സമയം നല്‍കും. കുറഞ്ഞ വേഗതയിലും ആര്‍എംപിയിലും താഴ്ന്ന ഗിയറിലും വാഹനത്തിന് കൂടുതല്‍ ഗ്രിപ്പ് ലഭിക്കുകയും ചെയ്യും. ഇത് കാര്‍ നിയന്ത്രിക്കുന്നത് എളുപ്പമാക്കും. വെള്ളക്കെട്ട് കണ്ടാല്‍ ഒന്നു വെള്ളം തെറിപ്പിക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടാവില്ല. എന്നാല്‍ ആ വെള്ളക്കെട്ടിന് പ്രതീക്ഷിക്കുന്നതിനേക്കാള്‍ ആഴമോ കുഴിയോ വെള്ളത്തില്‍ വലിയ കല്ലോ ഉണ്ടെങ്കില്‍ അത് വലിയ അപകടത്തിലേക്കു നയിച്ചേക്കാം. വെള്ളക്കെട്ടിന്റെ സാഹചര്യത്തില്‍ ഓട്ടമാറ്റിക് ഗിയറുള്ള വാഹനങ്ങളാണെങ്കില്‍ മാനുവല്‍ മോഡിലേക്കു മാറ്റുന്നതും നല്ലതാണ്. 

ഓഫായാല്‍ സ്റ്റാര്‍ട്ടു ചെയ്യരുത്!

വെള്ളക്കെട്ടില്‍ പെട്ടുപോയാല്‍ ഏറ്റവും മോശം അവസ്ഥ വാഹനം ഓഫായി പോവുകയെന്നതാണ്. കാറിന്റെ ടയറിന്റെ പകുതിയേക്കാള്‍ വെള്ളമുണ്ടെങ്കില്‍ വാഹനം ഓഫായി പോയാല്‍ പിന്നീട് സ്റ്റാര്‍ട്ടു ചെയ്യാന്‍ ശ്രമിക്കരുത്. കാരണം ഇത്തരം സാഹചര്യങ്ങളില്‍ വാഹനത്തിന്റെ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ഭാഗങ്ങളിലേക്ക് വെള്ളം ഇതിനകം തന്നെ എത്തിയിട്ടുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ വരുമ്പോള്‍ വീണ്ടും സ്റ്റാര്‍ട്ടു ചെയ്യാന്‍ ശ്രമിക്കുന്നത് കൂടുതല്‍ തകരാറിലേക്കു നയിക്കുകയേ ഉള്ളൂ. ഇത്തരം സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് വാഹനത്തില്‍ നിന്നും പുറത്തേക്കിറങ്ങി സുരക്ഷിത സ്ഥാനത്തേക്കു മാറുകയാണ് വേണ്ടത്. 

പ്രകൃതി ദുരന്തങ്ങളുടെ പരിധിയില്‍ പെടുന്നതിനാല്‍ സാധാരണയായി ഇന്‍ഷൂറന്‍സ് കമ്പനികള്‍ വെള്ളപ്പൊക്കത്തില്‍ പെട്ട വാഹനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കില്ല. വെള്ളക്കെട്ടിലൂടെ അതിസാഹസത്തിന് ശ്രമിക്കുന്നതിന് മുമ്പ് ഇക്കാര്യവും ഓര്‍മയില്‍ വേണം. അതേസമയം കൂടുതല്‍ പ്രീമിയം നല്‍കി വെള്ളപ്പൊക്കം കൂടി കവര്‍ ചെയ്യുന്ന ഇന്‍ഷൂറന്‍സ് എടുക്കാനുമാവും. എങ്കിലും പരമാവധി വെള്ളപ്പൊക്കമെന്ന അപകടത്തില്‍ നിന്നും മാറി സഞ്ചരിക്കുന്നതാണ് കാറിനും ഡ്രൈവര്‍ക്കും സുരക്ഷിതം.

English Summary:

What to do if your car ends up submerged in deep water

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com