ADVERTISEMENT

ലണ്ടൻ∙ ഇന്ത്യൻ ബിരുദധാരികൾക്ക് ആധിപത്യമുള്ള ഒരു പോസ്റ്റ്-സ്റ്റഡി വീസ പദ്ധതി യുകെ സർവകലാശാലകളെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനും ഗവേഷണ അവസരങ്ങൾ വിപുലീകരിക്കാനും സഹായിക്കുന്നുവെന്ന് ബ്രിട്ടിഷ് സർക്കാർ പുറത്തിറക്കിയ റിപ്പോർട്ടിൽ വെളിപ്പെടുന്നു. 2021 ജൂലൈയിൽ അവതരിപ്പിച്ച ഗ്രാജ്വേറ്റ് റൂട്ട് വീസ രാജ്യാന്തര വിദ്യാർഥികൾക്ക് അവരുടെ പഠനം പൂർത്തിയാക്കിയതിന് ശേഷം രണ്ട് വർഷം വരെ (പിഎച്ച്ഡി ബിരുദധാരികൾക്ക് മൂന്ന് വർഷം) യുകെയിൽ തുടരാൻ അനുവദിക്കുന്നു.

യുകെ സർക്കാർ ഗ്രാജ്വേറ്റ് റൂട്ട് വീസ പുനഃപരിശോധിക്കാൻ തീരുമാനിച്ചത് രാജ്യാന്തര വിദ്യാർഥി സമൂഹത്തിൽ ആശങ്കയുണ്ടാക്കിരുന്നു. വീസ പ്രോഗ്രാമിന്‍റെ അനിശ്ചിതത്വം മൂലം യുകെ സർവകലാശാലകളിലേക്കുള്ള അപേക്ഷകളുടെ എണ്ണത്തിൽ കുറവുണ്ടായതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ ഗ്രാജ്വേറ്റ് റൂട്ട് വീസ വേഗത്തിൽ വിലയിരുത്താൻ യുകെ ആഭ്യന്തര സെക്രട്ടറി ജയിംസ് ക്ലെവർലി സ്വതന്ത്ര മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയെ (MAC) ചുമതലപ്പെടുത്തി. ഏറ്റവും മികച്ചതും  പ്രതിഭാധനരുമായ രാജ്യാന്തര വിദ്യാർഥികളെ യുകെയിൽ പഠിക്കാൻ ആകർഷിക്കുന്നതിനായി സർക്കാർ വീസ പ്രോഗ്രാം തുടരണമെന്ന് കമ്മിറ്റി റിപ്പോർട്ട് നിർദ്ദേശിച്ചു.

∙ ഒന്നാമൻ ഇന്ത്യ 
കമ്മിറ്റി റിപ്പോർട്ട് പ്രകാരം, എല്ലാ ഗ്രാജ്വേറ്റ് റൂട്ട് വീസകളും 75% അഞ്ച് രാജ്യത്തിൽ നിന്നുള്ളവരാണ് കരസ്ഥമാക്കുന്നത്. അതിൽ 40% ഇന്ത്യയിൽ നിന്നുള്ളവരാണ്. വിദ്യാർഥി വീസകളുടെ (26%) അനുപാതവുമായി താരതമ്യം ചെയ്യുമ്പോൾ ഗ്രാജ്വേറ്റ് റൂട്ട് വീസകളിൽ ഇന്ത്യൻ പൗരന്മാരുടെ ഉയർന്ന അനുപാതം (42%) ശ്രദ്ധേയമാണ്. ഗ്രാജ്വേറ്റ് വീസകളിൽ 10% മാത്രമാണുള്ള ചൈനീസ് പൗരന്മാരുടെ എണ്ണം. വിദ്യാർഥി വീസകളിൽ ഇത് 25% വരെയാണ്. നൈജീരിയൻ പൗരന്മാരാണ് ഏറ്റവും കൂടുതൽ ആശ്രിതരെ (അതിൽ പകുതിയും കുട്ടികൾ) ഗ്രാജ്വേറ്റ് റൂട്ട് വീസയിൽ കൊണ്ടുവരാൻ സാധ്യത കൽപ്പിക്കപ്പെടുന്നവർ.

ഗ്രാജ്വേറ്റ് റൂട്ട് അവതരിപ്പിച്ചതിന് ശേഷം അനുവദിച്ച ഗ്രാജ്വേറ്റ് വീസകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2023-ൽ, 114,000 പ്രധാന അപേക്ഷകർക്കും 30,000 ആശ്രിതർക്കും ഗ്രാജുവേറ്റ് വീസകൾ അനുവദിച്ചു. ഈ വീസകളുടെ ഭൂരിഭാഗവും നാല് രാജ്യങ്ങളിൽ നിന്നുള്ളവരെ കേന്ദ്രീകരിച്ചിരിക്കുന്നു. ഇന്ത്യ, നൈജീരിയ, ചൈന, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ മൊത്തം ഗ്രാജ്വേറ്റ് വീസകളുടെയും 70% വരും, അതിൽ 40% ഇന്ത്യയിൽ നിന്നുള്ളവരാണ്.

വിദ്യാർഥി വീസ വിഭാഗത്തിൽ, ഈ റൂട്ടിലേക്ക് തുടരാൻ അനുവദിക്കുന്ന ഏറ്റവും വലിയ വിദ്യാർഥി ഗ്രൂപ്പ് ഇന്ത്യൻ പൗരന്മാരാണ്, അവർ കഴിഞ്ഞ വർഷത്തെ വിദ്യാർഥികളുടെ 43% വരും. അതേസമയം, ഇത്തവണ ഇന്ത്യയിൽ നിന്നുള്ള അപേക്ഷകളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് 4% കുറഞ്ഞ് 8,770 ആയി.

∙ രാജ്യാന്തര വിദ്യാർഥികൾക്കുള്ള യുകെ വീസ നയം
യുകെയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന രാജ്യാന്തര വിദ്യാർഥികൾക്ക് രണ്ട് പ്രധാന വീസ ഓപ്ഷനുകൾ ലഭ്യമാണ്: വിദ്യാർഥി റൂട്ട് വീസയും ഗ്രാജ്വേറ്റ് റൂട്ട് വീസയും. വിദ്യാർഥി റൂട്ട് വീസ യുകെയിൽ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ ബിരുദ, ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തൊഴിൽ പരിശീലനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അനുയോജ്യമാണ്. ഈ വീസയ്ക്ക് £490 ഫീസ് ഈടാക്കും. ഗ്രാജ്വേറ്റ് റൂട്ട് വീസ യുകെയിൽ നിന്ന് ബിരുദം നേടിയ വിദ്യാർഥികൾക്ക് രണ്ട് വർഷം വരെ യുകെയിൽ തുടരാനും ജോലി തേടാനും അവസരം നൽകുന്നു. ഈ വീസയ്ക്ക് £822 ഫീസ് ഈടാക്കും, കൂടാതെ £776 ഹെൽത്ത് സർചാർജും വാർഷിക £1,035 ഗ്രാജ്വേറ്റ് റൂട്ട് ഫീസും ഉൾപ്പെടുന്നു

വിദ്യാർഥി വീസ കാലാവധി കഴിയുന്നതിന് മുമ്പ്, സാധാരണയായി നാല് മാസത്തെ പഠനം പൂർത്തിയാക്കിയതിന് ശേഷം, ഗ്രാജ്വേറ്റ് റൂട്ട് വീസയ്ക്ക് അപേക്ഷിക്കണം. 2024 ജനുവരി മുതൽ, നിയുക്ത ഗവേഷണ പരിപാടികളിൽ പങ്കെടുക്കുന്നവരെ ഒഴികെ, രാജ്യാന്തര വിദ്യാർഥികൾക്ക് അവരുടെ യുകെ വിദ്യാർഥി വീസയിൽ ആശ്രിതരെ കൊണ്ടുവരാൻ കഴിയില്ല. കൂടാതെ, വിദ്യാർഥികൾക്ക് പഠനം പൂർത്തിയാക്കുന്നതിന് മുമ്പ് തൊഴിൽ വീസയിലേക്ക് മാറാൻ കഴിയില്ല.

2021 ജൂലൈയിൽ ഗ്രാജ്വേറ്റ് വീസ നിലവിൽ വന്നതിനുശേഷം, അനുവദിച്ച വീസകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2022  പ്രധാന അപേക്ഷകർക്കും ആശ്രിതർക്കും 66,000 ഗ്രാജുവേറ്റ് വീസകൾ അനുവദിച്ചു.

2023ഈ എണ്ണം ഇരട്ടിയിലധികമായി, അതായത് 144,000 വീസകളായി ഉയർന്നു. 2023-ൽ 114,000 പ്രധാന അപേക്ഷക വീസ ഉടമകളിൽ 99% പേർ ബിരുദമോ ബിരുദാനന്തര ബിരുദമോ (അല്ലെങ്കിൽ തത്തുല്യമായത്) പൂർത്തിയാക്കിയതിനാൽ 2 വർഷത്തെ വീസ കൈവശം വച്ചിട്ടുണ്ട്, അതേസമയം 1% (1,500 വീസകൾ) പിഎച്ച്ഡി/മറ്റ് ഡോക്ടറൽ യോഗ്യത അല്ലെങ്കിൽ തത്തുല്യം പൂർത്തിയാക്കിയ 3 വർഷത്തെ വീസ കൈവശം വച്ചിട്ടുണ്ട്. 2023ൽ 30,000 ആശ്രിത വീസകൾ അനുവദിച്ചു.

'റാപ്പിഡ് റിവ്യൂ ഓഫ് ദി ഗ്രാജ്വേറ്റ് റൂട്ട്' റിപ്പോർട്ടിലെ മറ്റ് കണ്ടെത്തലുകൾ പ്രകാരം വീസ റൂട്ട് ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും ബിരുദാനന്തര ബിരുദം നേടിയ കോഴ്സുകൾ പൂർത്തിയാക്കിയിട്ടുണ്ട്. എണ്ണത്തിലെ വളർച്ച പ്രധാനമായും രണ്ടാം നിര സ്ഥാപനങ്ങളിൽ നിന്നോ റസ്സൽ ഗ്രൂപ്പിന് പുറത്തുള്ള യുകെ സർവകലാശാലകളിൽ നിന്നോ ആണ്, ഇത് എല്ലാ ഗ്രാജ്വേറ്റ് റൂട്ട് വീസകളുടെയും 66% വരും.

English Summary:

UK's Graduate Route visa, dominated by Indians, should continue: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com