പ്രമേഹം നിയന്ത്രിക്കാൻ ഇനി വീട്ടിലിരുന്നു ചെയ്യാം 10 ഈസി വ്യായാമമുറകൾ
Mail This Article
വ്യായാമം തുടങ്ങുന്നതിനു മുമ്പ് അത് എന്തിനു ചെയ്യണം, എത്ര ചെയ്യണം, എന്നു ശരിയായി മനസ്സിലാക്കിയിട്ടു തുടങ്ങുന്നതാണ് നല്ലത്. ഇത് നാളെ നിങ്ങളുടെ ജീവിതത്തിൽ പല്ലു തേപ്പും കുളിയും പോലെയുള്ള ഒരു ശീലമാക്കേണ്ടതാണ്. പൊതുവേ ആരും വ്യായാമം ചെയ്യാത്തത് എനിക്കിതിന്റെയൊന്നും ആവശ്യമില്ല എന്ന തെറ്റിദ്ധാരണയും മടിയും കൊണ്ടാണ്. പ്രഷറോ ഷുഗറോ കൊളസ്ട്രോളോ കൂടിയതിനു ശേഷം മാത്രമേ പലരും ഇതു തുടങ്ങൂ. ഇവ മൂന്നും കൂടാതെ ഒരുവിധപ്പെട്ട ജീവിതശൈലീരോഗങ്ങളും വരാതിരിക്കാൻ (നല്ല രക്തയോട്ടം കാൻസർ വരെ തടയും) വ്യായാമം മാത്രമാണു പ്രതിവിധിയെന്നു പലർക്കുമറിയില്ല.
അന്നന്നു കഴിക്കുന്ന ഭക്ഷണം അന്നന്നു കത്തിക്കുക എന്നുള്ളത് പ്രകൃതി നിയമമാണ്. ഭക്ഷണത്തിലൂടെ അകത്തെത്തിയ ഗ്ലൂക്കോസും കൊഴുപ്പും കത്തിച്ചു കളഞ്ഞ് അതിലേറെ വ്യായാമം ചെയ്താൽ മാത്രമേ ഇത്രയും കാലം കൊണ്ട് അടിഞ്ഞുകൂടിയ ദുർമേദസ് മുഴുവൻ 3–4 മാസം കൊണ്ട് വൃത്തിയാക്കാൻ സാധിക്കൂ; അപ്പോൾ ഭക്ഷണ നിയന്ത്രണമെന്തിനെന്നു കൂടി മനസ്സിലാക്കി വേണം വ്യായാമം ചെയ്യാൻ.
പത്ത് വ്യായാമ മുറകൾ
വ്യായാമത്തിൽ ആദ്യത്തെ നാലെണ്ണം ഏകദേശം രണ്ട് കിലോയോളം ഭാരം വരുന്ന ഒരു വടി ഉപയോഗിച്ചു ചെയ്യേണ്ടതാണ്.
1. കൈവണ്ണയുടെ മുൻഭാഗത്തെ പേശികൾക്കുവേണ്ടി
ഒരു കസേരയിൽ ഇരുന്ന് കൈവണ്ണ രണ്ടും തുടയിലൂന്നി, കൈ മലർത്തി വടി പിടിച്ചുകൊണ്ട് കൈപ്പത്തി മുകളിലേക്കും താഴേക്കും കൊണ്ടു വരിക.
2. കൈവണ്ണയുടെ പിൻഭാഗത്തെ പേശികൾക്കുവേണ്ടി
ഒരു കസേരയില്‍ ഇരുന്ന് കൈവണ്ണ രണ്ടും തുടയിലൂന്നി, കൈ കമിഴ്ത്തി വടി പിടിച്ചുകൊണ്ട് കൈപ്പത്തി മുകളിലേക്കും താഴേക്കും കൊണ്ടു വരിക.
3. കയ്യിലെ മുൻഭാഗത്തെ (Biceps) പേശികൾക്കുവേണ്ടി
വടി കൈയിൽ പിടിച്ചുകൊണ്ട് നേരേ നിവർന്നു നിന്നു താഴേക്കും മുകളിലേക്കും കൊണ്ടു പോകുക.
4. കയ്യുടെ പിൻഭാഗത്തെ (Triceps) പേശികൾക്കുവേണ്ടി
വടി കയ്യിൽ പിടിച്ചു തലയ്ക്കു മുകളിൽ ഉയർത്തി കൈമുട്ടുകൾ പുറകുവശത്തേക്കു മടക്കുക, നിവർത്തുക.
5. തോളിന്റെ മുകൾഭാഗത്തെ പേശികൾക്കുവേണ്ടി
കൈ രണ്ടും താഴേക്കു തൂക്കിയിട്ട് നിവർന്നു നിന്ന് ഇരു കൈകളും മുകളിലേക്കുയർത്തി പുറംകൈകൾ കൂട്ടിമുട്ടിച്ച് വീണ്ടും താഴേക്ക് കൊണ്ടു വരുക.
6. നെഞ്ചിന്റെയും മുതുകിന്റെയും പേശികള്‍ക്കുവേണ്ടി
നിവർന്നു നിന്ന് ഇരുകൈകളും രണ്ടു വശങ്ങളിലേക്കു നീട്ടിപ്പിടിച്ച് (ഇടതു കൈ മുകളിലൂടെയും വലതു കൈ താഴേക്കും മാറ്റി മാറ്റി പിടിച്ച്) ഇരുവശത്തേക്കു വീശുക.
7. വയറിന്റെ പേശികള്‍ക്കുവേണ്ടി
കൈപ്പത്തി രണ്ടും തലയുടെ അടിയിൽ വെച്ച്, തറയിൽ മലർന്നു കിടന്ന് കാൽമുട്ടുകൾ രണ്ടും മടക്കി നെഞ്ചോടു ചേർത്ത് മുട്ടിച്ചു നിവർത്തുക.
8. നടുവിലെ പേശികൾക്കുവേണ്ടി
നിവർന്നു നിന്ന് മുട്ടുമടക്കാതെ കഴിയുന്നത്ര കുനിഞ്ഞു നിവരുക.
9. തുടയിലെ പേശികൾക്കു വേണ്ടി
കസേരയിരിക്കുന്നതായി ഭാവിച്ച് ഇരിക്കുകയും എഴുന്നേൽക്കുകയും (കൈകൾ മുന്നോട്ട് നിവർത്തിപിടിച്ച്) ചെയ്യുക.
10. കാൽവണ്ണയിലെ പേശികൾക്കു വേണ്ടി
ഭിത്തിയിൽ പിടിച്ചു നിന്ന് രണ്ടു പാദങ്ങളും ചേർത്തു വച്ച് വിരലുകൾ നിലത്തൂന്നി ഉപ്പൂറ്റി ഉയർത്തുകയും താഴ്ത്തുകയും ചെയ്യുക.
വിവരങ്ങൾ: ഡോ. എം. വി. പ്രസാദ്
പ്രമേഹരോഗി അറിയേണ്ടതെല്ലാം: വിഡിയോ