സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് വർക്ഔട്ട്; സ്ലോ റണ്ണിങ്ങിന്റെ ഗുണങ്ങൾ അറിയാം
Mail This Article
പല തരത്തിലുള്ള വര്‍ക്ഔട്ടും വ്യായാമ രീതികളുമൊക്കെ സാമൂഹിക മാധ്യമങ്ങളില്‍ പല കാലങ്ങളില്‍ ഹിറ്റാകാറുണ്ട്. ഇത്തരത്തില്‍ അടുത്തിടെ വൈറലായ ഒരു വര്‍ക്ഔട്ട് ട്രെന്‍ഡാണ് സ്ലോ റണ്ണിങ്. സാധാരണ ഓട്ടത്തെ അപേക്ഷിച്ച് പതിയെ ചെയ്യുന്ന ഈ ഓട്ടം പല പ്രായത്തിലും വലുപ്പത്തിലും ആരോഗ്യസ്ഥിതിയിലും പെട്ടവര്‍ക്ക് പിന്തുടരാമെന്നതാണ് ഗുണം.
ഒരാള്‍ക്ക് ആയാസരഹിതമായി ഓടാന്‍ പറ്റുന്ന വേഗത്തിലുള്ള ഓട്ടത്തെയാണ് സ്ലോ റണ്ണിങ് എന്ന് പറയുന്നത്. സ്ലോ റണ്ണിങ്ങിന്റെ വേഗം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. സ്ലോ റണ്ണിങ് ചെയ്യുമ്പോള്‍ ഒരാളുടെ പരമാവധി ഹൃദയമിടിപ്പ് നിരക്കിന്റെ 70 ശതമാനത്തിന് താഴെയായിരിക്കണമെന്ന് ഓട്ടക്കാരനും ഗ്രാന്‍ഡ് വാലി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രഫസറുമായ ടോഡ് ബക്കിങ്ഹാം പറയുന്നു. 220ല്‍ നിന്ന് നിങ്ങളുടെ പ്രായം കുറയ്ക്കുമ്പോള്‍ ലഭിക്കുന്ന സംഖ്യയാണ് ഒരാളുടെ പരമാവധി ഹൃദയമിടിപ്പ് നിരക്കായി കണക്കാക്കുന്നത്. ശ്വാസം മുറിയാതെ മറ്റൊരാളുമായി സംസാരിക്കാന്‍ കഴിയുന്ന വേഗവും സ്ലോ റണ്ണിന്റെ പ്രത്യേകതയാണ്.
വ്യായാമത്തെ ഒരു സാമൂഹിക അനുഭവമാക്കി മാറ്റാന്‍ സ്ലോ റണ്ണിങ്ങിന് സാധിക്കുമെന്ന് സ്ലോ റണ്‍ വക്താക്കളായ പല ഓട്ടക്കാരും പറയുന്നു. സ്ലോ റണ്‍ ചെയ്യുമ്പോള്‍ പരസ്പരം സംസാരിക്കാനും തമാശ പറയാനും ഇടപഴകാനുമൊക്കെ അവസരം ലഭിക്കും എന്നതിനാലാണ് ഇത്. പരുക്കുകളില്‍ നിന്ന് ശരീരത്തെ രക്ഷിക്കാനും സ്ലോ റണ്ണിങ്ങ് കഴിയും. പതിഞ്ഞ വേഗത്തിലോടി തുടങ്ങി പടിപടിയായി മാത്രം വേഗവും ദൂരവും വര്‍ധിപ്പിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് ലൈഫ് കോച്ചുകളും അഭിപ്രായപ്പെടുന്നു.
ശരീരത്തിന്റെ സ്ഥിരത വര്‍ധിപ്പിക്കാനും സ്ലോ റണ്ണിങ് സഹായകമാണ്. പേശികളുടെ റിക്കവറിക്കും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയുമെല്ലാം ആരോഗ്യത്തിനും മെല്ലെയുള്ള ഓട്ടം ഗുണപ്രദമാണ്. വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ ഓക്സിജന്‍ ഉപയോഗപ്പെടുത്താനുള്ള പേശികളുടെ കഴിവിനെയും സ്ലോ റണ്‍ മെച്ചപ്പെടുത്തും. സ്ലോ റണ്ണിങ് ചെയ്യുന്നവരും ഇടയ്ക്ക് ആവശ്യമായ വിശ്രമം എടുക്കാനും ആവശ്യമുള്ളതിലും അധികം സമയം അവയ്ക്ക് വേണ്ടി ചെലവഴിക്കാതിരിക്കാനും ശ്രദ്ധിക്കണം.
കഴുത്ത് വേദന അകറ്റാൻ ഈ വ്യായാമം പരീക്ഷിക്കാം: വിഡിയോ