ADVERTISEMENT

നിത്യവും ജിമ്മിലൊക്കെ പോകുകയും വര്‍ക്ഔട്ട്‌ ചെയ്യുകയും ചെയ്യുന്നവര്‍ക്ക്‌ പലപ്പോഴും ഉണ്ടാകുന്ന സംശയമുണ്ട്‌. വര്‍ക്ഔട്ട്‌   വെറും വയറ്റില്‍ ചെയ്യണോ അതോ എന്തെങ്കിലും കഴിച്ചിട്ട്‌ ചെയ്യണോ എന്നത്‌. വര്‍ക്ഔട്ടിന്‌ മുന്‍പോ ശേഷമോ ഭക്ഷണം കഴിക്കുന്നതിന്‌ അതിന്റേതായ ഗുണങ്ങളുണ്ട്‌. ഈ ഭക്ഷണത്തിന്റെ സമയവും ഉള്ളടക്കവും വര്‍ക്ഔട്ടിലെ നിങ്ങളുടെ പ്രകടനത്തെയും ബാധിക്കാം. 

സെലിബ്രിട്ടികളുടെയും മറ്റും വര്‍ക്ഔട്ട്‌  ക്രമം ശ്രദ്ധിച്ചാല്‍ കാണാം അവര്‍ പലപ്പോഴും അത്‌ തുടങ്ങും മുന്‍പ്‌ പ്രോട്ടീന്‍ ഷേയ്‌ക്കോ പ്രോട്ടീന്‍ ബാറോ സ്‌മൂത്തിയോ ഒക്കെ കഴിക്കാറുണ്ട്‌. വ്യായാമത്തിന്‌ ആവശ്യമായ ഊര്‍ജ്ജം നല്‍കാനും പേശികളുടെ സുഖപ്പെടുത്തലിനും പേശികളുടെ ഘനം നഷ്ടമാകാതിരിക്കാനും രക്തത്തിലെ പഞ്ചസാരയുടെ തോത്‌ നിയന്ത്രിക്കാനും പ്രീ-വര്‍ക്ഔട്ട്‌ ഭക്ഷണങ്ങള്‍ സഹായിക്കുമെന്ന്‌ ന്യൂട്രീഷനിസ്റ്റ്‌ മധുര പരൂള്‍ക്കര്‍ ബെഹ്‌കി ഇന്ത്യ ടുഡേയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും കൊഴുപ്പും അടങ്ങിയ സമ്പൂര്‍ണ്ണ ഭക്ഷണക്രമം വ്യായാമത്തിന്‌ രണ്ടോ മൂന്നോ മണിക്കൂര്‍ മുന്‍പ്‌ കഴിക്കുന്നതാണ്‌ ഏറ്റവും നല്ലതെന്നും മധുര ചൂണ്ടിക്കാണിക്കുന്നു. വിശദമായ ഭക്ഷണത്തിനുള്ള സമയമോ സാവകാശമോ ഇല്ലെങ്കില്‍ വ്യായാമത്തിന്‌ 30-45 മിനിട്ട്‌ മുന്‍പ്‌ സിംപിള്‍ കാര്‍ബോ അടങ്ങിയ സ്‌നാക്കുകള്‍ കഴിക്കാമെന്നും ന്യൂട്രീഷനിസ്‌റ്റ്‌ കൂട്ടിച്ചേര്‍ക്കുന്നു. 

അതേ സമയം വര്‍ക്ഔട്ടിന്‌ ശേഷമുള്ള ഭക്ഷണം മുഖ്യമായും പേശികളുടെ സുഖപ്പെടുത്തലിനെ ഉദ്ദേശിച്ചുള്ളത്‌. ഇതിന്‌ ആവശ്യമായ പോഷണങ്ങളാണ്‌ പോസ്‌റ്റ്‌ വര്‍ക്ഔട്ട്‌  ഭക്ഷണങ്ങളില്‍ പലതിലും ഉള്‍പ്പെടുത്താറുള്ളത്‌. വ്യായാമത്തിന്റെ സമയത്ത്‌ കുറഞ്ഞ്‌ പോകാറുള്ള ഗ്ലൈക്കജന്‍ വീണ്ടും ഉയര്‍ത്താനും ശരീരത്തിലെ നിര്‍ജലീകരണം ഒഴിവാക്കാനും വര്‍ക്ഔട്ടിന്‌  ശേഷമുളള ഭക്ഷണപാനീയങ്ങള്‍ സഹായിക്കും. 

Representative image. Photo Credit:Josep Suria/Shutterstock.com
Representative image. Photo Credit:Josep Suria/Shutterstock.com

വര്‍ക്ഔട്ട്‌  കഴിഞ്ഞ്‌ ഒരു മണിക്കൂറിനുള്ളില്‍ പോസ്‌റ്റ്‌ വര്‍ക്ഔട്ട്‌  ഭക്ഷണം കഴിക്കണമെന്ന്‌ സികെ ബിര്‍ല ആശുപത്രിയിലെ ക്ലിനിക്കല്‍ ന്യൂട്രീഷനിസ്റ്റ്‌ ദീപാലി ശര്‍മ്മ അഭിപ്രായപ്പെടുന്നു. ഈ സമയത്താണ്‌ ശരീരം ഏറ്റവും ഊര്‍ജ്ജിതമായി പോഷണങ്ങള്‍ വലിച്ചെടുക്കുന്നത്‌. പ്രോട്ടീനും കോംപ്ലക്‌സ്‌ കാര്‍ബോഹൈഡ്രേറ്റും ആന്റി ഓക്‌സിഡന്റുകളുമൊക്കെ അടങ്ങിയ പോസ്‌റ്റ്‌ വര്‍ക്ഔട്ട്‌  മീലാണ്‌ ദീപാലി ശുപാര്‍ശ ചെയ്യുന്നത്‌. 

ആവശ്യത്തിന്‌ വെള്ളം കുടിക്കാനും വര്‍ക്ഔട്ട്‌ ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്‌. വര്‍ക്ഔട്ടിന്‌ രണ്ട്‌ മൂന്ന്‌ മണിക്കൂര്‍ മുന്‍പ്‌ 700 മില്ലി വെള്ളം കുടിക്കണം. വര്‍ക്ഔട്ട്‌ സമയത്ത്‌ 15 മിനിട്ട്‌ കൂടുമ്പോള്‍ അര കപ്പ്‌ വെള്ളം കുടിക്കാം. വര്‍ക്ഔട്ടിന്‌  ശേഷം വീണ്ടും 700 മില്ലി കുടിക്കേണ്ടതാണ്‌.ഒരു മണിക്കൂറില്‍ അധികം നീളുന്ന കഠിനമായ വര്‍ക്ഔട്ടുകള്‍ ചെയ്യുന്നവര്‍ ഇലക്ട്രോലൈറ്റ്‌ തോത്‌ ബാലന്‍സ്‌ ചെയ്യാന്‍ സ്‌പോര്‍ട്‌സ്‌ ഡ്രിങ്ക്‌ കുടിക്കുന്ന കാര്യവും പരിഗണിക്കണമെന്ന്‌ ന്യൂട്രീഷനിസ്റ്റുകള്‍  ശുപാര്‍ശ ചെയ്യുന്നു. 

കരുത്തും ശരീരത്തിന്റെ സ്ഥിരതയുമാണ്‌ ലക്ഷ്യമെങ്കില്‍ പ്രീ വര്‍ക്ഔട്ട്‌ മീല്‍ സഹായകമാണെന്ന്‌ ഫിറ്റ്‌നസ്‌ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ പേശികളുടെ വളര്‍ച്ചയും അവയുടെ സുഖപ്പെടുത്തലുമാണ്‌ ലക്ഷ്യമെങ്കില്‍ പോസ്‌റ്റ്‌ വര്‍ക്ഔട്ട്‌ മീലില്‍ ശ്രദ്ധിക്കണം. അതല്ല ഭാരം കുറയ്‌ക്കാനാണ്‌ ശ്രമിക്കുന്നതെങ്കില്‍ വര്‍ക്ഔട്ടിന്‌ മുന്‍പുള്ള ഭക്ഷണം ചെറു സ്‌നാക്‌സിലും ശേഷമുള്ള ഭക്ഷണം സന്തുലിതമായ മീലിലും ഒതുക്കേണ്ടത്‌ മുഖ്യമാണ്‌. 

English Summary:

Workout on an Empty Stomach? Discover the TRUTH About Eating Before & After Exercise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com