വന്ധ്യംകരണത്തിന് ശേഷം വീണ്ടും ഗര്‍ഭം ധരിക്കാന്‍ ട്യൂബല്‍ റീകനാലൈസേഷന്‍
Mail This Article
സ്‌ത്രീകളില്‍ ഗര്‍ഭധാരണം സ്ഥിരമായി നിര്‍ത്തുന്നതിന് ചെയ്യുന്ന ശസ്‌ത്രക്രിയയാണ് ട്യൂബല്‍ ലിഗേഷന്‍. അണ്ഡാശയത്തില്‍ നിന്ന് ഗര്‍ഭപാത്രത്തിലേക്ക് അണ്ഡമെത്തിക്കുന്ന ഫാലോപ്യന്‍ ട്യൂബ് എന്ന കുഴല്‍ മുറിച്ച് കെട്ടി വയ്‌ക്കുന്നതാണ് ഈ ശസ്‌ത്രക്രിയ. ചില പ്രത്യേക സാഹചര്യങ്ങളില്‍ വീണ്ടും ഗര്‍ഭം ധരിക്കണമെന്ന് ആഗ്രഹിക്കുന്ന സ്‌ത്രീകള്‍ക്ക് ഈ കെട്ടിവച്ച ഫാലോപ്യന്‍ ട്യൂബ് പഴയ പടിയാക്കാന്‍ നടത്തുന്ന ശസ്‌ത്രക്രിയയാണ് ലാപ്രോസ്‌കോപിക് ട്യൂബല്‍ റീകനാലൈസേഷന്‍.
ഫാലോപ്യന്‍ ട്യൂബുകള്‍ വീണ്ടും ബന്ധിപ്പിക്കാന്‍ അനുയോജ്യമാണെന്നും ആവശ്യത്തിന് നീളം അവയ്‌ക്കുണ്ടെന്നും ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ഈ ശസ്‌ത്രക്രിയ നടത്തുകയുള്ളൂ. ജനറല്‍ അനസ്‌തേഷ്യ നല്‍കിയ ശേഷം പൊക്കിളിന്റെ ഭാഗത്ത് അരയിഞ്ച് നീളത്തിലുള്ള ഒരു ദ്വാരമുണ്ടാക്കും. ഇതിലൂടെ അടിവയറിലേക്ക് കാര്‍ബണ്‍ഡയോക്‌സൈഡ് വാതകം കുത്തിവയ്‌ക്കും. അടിവയറ്റിലെ ഭിത്തികള്‍ പെല്‍വിക് അവയവങ്ങളില്‍ നിന്ന് ഉയര്‍ത്തുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ശസ്‌ത്രക്രിയ ചെയ്യാന്‍ തടസ്സങ്ങളില്ലാത്ത കാഴ്‌ചയും ഇടവും ഇത് സര്‍ജന് നല്‍കും. ദ്വാരത്തിലൂടെ ലാപ്രോസ്‌കോപ്പ് കടത്തിവിട്ട ശേഷം ആദ്യം ഫാലോപ്യന്‍ ട്യൂബിന്റെ കെട്ടഴിക്കുകയും പിന്നീട് അവ രണ്ട് വശത്തും ബന്ധിപ്പിക്കുകയും ചെയ്യും. ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം ലാപ്രോസ്‌കോപ്പ് പിന്‍വലിക്കുകയും മുറിവുകള്‍ തുന്നിച്ചേര്‍ക്കുകയും ചെയ്യും.
വലിയ മുറിപ്പാടുകള്‍ അവശേഷിപ്പിക്കില്ല എന്നതും ശസ്‌ത്രക്രിയക്ക് ശേഷമുള്ള രോഗമുക്തി വേഗം നടക്കുമെന്നതും ലാപ്രോസ്‌കോപ്പിക് ട്യൂബല്‍ റീകനാലൈസേഷന്റെ മെച്ചങ്ങളാണെന്ന് വിശാഖപട്ടണം റെയിന്‍ബോ ചില്‍ഡ്രന്‍സ് ഹോസ്‌പിറ്റലിലെ ഇന്‍ഫെര്‍ട്ടിലിറ്റി കണ്‍സള്‍ട്ടന്റ് ഡോ. വഡ്‌ലപതി സരോജ ഇന്ത്യന്‍ എക്‌സ്‌പ്രസില്‍ എഴുതില്‍ ലേഖനത്തില്‍ പറയുന്നു. ശസ്‌ത്രക്രിയയുടെ സങ്കീര്‍ണ്ണതയും കുറവാണ്. ശസ്‌ത്രക്രിയക്ക് മണിക്കൂറുകള്‍ക്ക് ശേഷം രോഗിക്ക് ആശുപത്രി വിടാന്‍ പലപ്പോഴും സാധിക്കാറുണ്ടെന്നും ഡോ. സരോജ കൂട്ടിച്ചേര്‍ത്തു.