ചിരി മരുന്നിന്റെ മാലപടക്കത്തിന് തിരി കൊളുത്തും മെഡിക്കല്‍ കോമഡിയുമായി ഡോ.പാല്‍
Mail This Article
ശാരീരികവും വൈകാരികവുമായ നിരവധി മാറ്റങ്ങള്‍ക്ക് കാരണമാകുന്ന ശക്തമായ ഔഷധമാണ് ചിരി. ചിരിച്ചു കൊണ്ട് അര്‍ബുദം പോലുള്ള വലിയ രോഗങ്ങളെ നേരിട്ട ഇന്നസെന്റിനെ പോലുള്ളവരെ നമുക്കറിയാം. എന്നാല്‍ രോഗങ്ങളെ കുറിച്ചും അവയുടെ പരിഹാര മാര്‍ഗ്ഗങ്ങളെ കുറിച്ചുമെല്ലാം ഹാസ്യത്തിന്റെ സഹായത്തോടെ ജനങ്ങളെ ബോധവത്‌ക്കരിക്കുന്ന ഒരു ഡോക്ടറെ പരിചയപ്പെടാം.
കലിഫോര്‍ണിയയിലുള്ള ഇന്ത്യന്‍ ഡോക്ടറായ ഡോ. പളനിയപ്പന്‍ മാണിക്യമാണ് യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും ചിരിയിലൂടെ ചിന്ത പടര്‍ത്തി വൈറലാകുന്നത്. സാങ്കല്‍പ്പിക കോമിക്കല്‍ കഥാപാത്രങ്ങളിലൂടെയും കഥകളിലൂടെയും ഗഹനമായ ആരോഗ്യ രഹസ്യങ്ങളെ ലളിതമായി അവതരിപ്പിച്ച് മെഡിക്കല്‍ കോമഡി അഥവാ മെഡ്‌കോമെന്ന ഹാസ്യശാഖയ്‌ക്ക് തന്നെ രൂപം നല്‍കിയിരിക്കുകയാണ് ഈ ഗ്യാസ്‌ട്രോഎന്ററോളജിസ്‌റ്റ്. യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലിലൂടെയുമാണ് മധുര സ്വദേശിയായ ഈ ഡോക്ടര്‍ ആരോഗ്യച്ചിരി വിടര്‍ത്തുന്നത്. അമേരിക്കയിലെയും ഇന്ത്യയിലെയും നിരവധി നഗരങ്ങളിലും തന്റെ മെഡ്‌കോം ഷോകളുമായി ഡോ. പാല്‍ എത്തിയിട്ടുണ്ട്.
നമ്മുടെ നാട്ടിലും യൂട്യൂബര്‍മാര്‍ സജീവമായ കോവിഡ് കാലത്ത് തന്നെയാണ് ഡോ. പളനിയപ്പനും മെഡിക്കല്‍ കോമഡി ആരംഭിക്കുന്നത്. കോവിഡ് സംബന്ധിച്ച് ഒരു എന്‍ജിഒയ്‌ക്ക് വേണ്ടി തയാറാക്കിയ വിഡിയോയായിരുന്നു തുടക്കം. എന്നാല്‍ ഗൗരവമുള്ള വിഷയങ്ങള്‍ പറയുന്നതിന് ഇടയിലുള്ള ഡോക്ടറുടെ കോമഡി എന്‍ജിഒയ്‌ക്ക് അത്ര ദഹിക്കാത്തതിനാല്‍ ഈ വീഡിയോ സ്വീകരിക്കപ്പെട്ടില്ല.
ആ വിഡിയോ ഡോക്ടര്‍ യൂട്യൂബില്‍ പങ്കുവയ്ക്കുകയായിരുന്നു. കുറഞ്ഞ നേരത്തിനുള്ളില്‍ വൈറലായ ഈ വിഡിയോയ്‌ക്ക് അഞ്ച് ലക്ഷത്തിലധികം കാഴ്‌ചക്കാരെയാണ് ലഭിച്ചത്. ഇതായിരുന്നു തുടക്കം. ഇന്ന് യൂട്യൂബില്‍ 20 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബര്‍മാരും ഇന്‍സ്‌റ്റാഗ്രാമില്‍ പത്ത് ലക്ഷത്തിലധികം ഫോളോവേഴ്സും ഈ ഡോക്ടറിനുണ്ട്.
ശരവണ കുമാര്‍, ആരോഗ്യസ്വാമി, ത്രിപുരസുന്ദരി തുടങ്ങിയ നിരവധി സാങ്കല്‍പിക കഥാപാത്രങ്ങളെയും മെഡ്‌കോമിനു വേണ്ടി ഡോ.പാല്‍ സൃഷ്ടിച്ചിട്ടുണ്ട്. രോഗികളുമായി നല്ല ബന്ധമുണ്ടാക്കാനും രോഗത്തെ പറ്റി അവരെ കൊണ്ട് കൂടുതല്‍ തുറന്ന് സംസാരിപ്പിക്കാനുമെല്ലാം നര്‍മ്മം കലര്‍ന്ന സമീപനത്തിലൂടെ സാധിക്കാറുണ്ടെന്ന് ഡോ.പാല്‍ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പൊതുജനങ്ങളുടെ ആഹാരശീലങ്ങള്‍, അമിതവണ്ണം, ഡയറ്റിങ്, ഉപവാസം തുടങ്ങിയ വിഷയങ്ങളെ പറ്റിയൊക്കെയാണ് പൊതുവേ ഡോ.പാല്‍ വിഡിയോ ചെയ്യാറുള്ളത്.
ആരാധകര്‍ മാത്രമല്ല വിമര്‍ശകരും ഡോക്ടറുടെ ഈ മെഡ്കോമുകള്‍ക്ക് കുറവല്ല. നിരവധി ട്രോളുകളും വിമര്‍ശനങ്ങളും ലഭിക്കാറുണ്ടെന്നും ഡോക്ടര്‍ പറയുന്നു. പക്ഷേ വിഡിയോകളിലൂടെ താന്‍ നല്‍കുന്ന വിവരങ്ങള്‍ പ്രയോജനപ്പെട്ടവര്‍ നല്‍കുന്ന പ്രതികരണങ്ങള്‍ കൂടുതല്‍ വിഡിയോകള്‍ ചെയ്യാന്‍ പ്രചോദനമാകുന്നതായി ഡോ.പാല്‍ കൂട്ടിച്ചേര്‍ത്തു.
യൂട്യൂബ് ചാനലിനു വേണ്ടി ആഴ്ചയില്‍ 20 മണിക്കൂറാണ് ഡോക്ടര്‍ മാറ്റിവയ്ക്കുന്നത്. ഭാവിയില്‍ കൂടുതല്‍ സാങ്കല്‍പ്പിക കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ഭാരം കുറയ്ക്കാനുള്ള കൂടുതല്‍ മാര്‍ഗ്ഗങ്ങളെ പറ്റിയുള്ള വിഡിയോകള്‍ ചെയ്യാനും ഡോ. പാല്‍ പദ്ധതിയിടുന്നു.