പിസിഒഎസ് ഉള്ള സ്ത്രീയാണോ നിങ്ങൾ? ഓര്‍മക്കുറവ് ഉണ്ടാകാമെന്ന് പഠനം
Mail This Article
സ്‌ത്രീകളില്‍ 10 ശതമാനം പേരെ ബാധിക്കുന്ന ഹോര്‍മോണ്‍ തകരാര്‍ രോഗമാണ് പോളിസിസ്‌റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പിസിഒഎസ്. ഇത് ബാധിച്ച സ്‌ത്രീകള്‍ക്ക് അവരുടെ മധ്യകാലഘട്ടത്തില്‍ ഓര്‍മ്മക്കുറവും ധാരണശേഷി സംബന്ധിച്ച പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി.
കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. 18നും 30നും ഇടയില്‍ പ്രായമുള്ള 907 സ്‌ത്രീകള്‍ പഠനത്തില്‍ പങ്കെടുത്തു. ഓര്‍മ്മശക്തി, ശ്രദ്ധ, വാചികശേഷി, തലച്ചോറിന്റെ ഘടനയിലെ മാറ്റങ്ങള്‍ എന്നിവയും പിസിഒഎസുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. ഇത് പിസിഒഎസ് ബാധിതരായ സ്‌ത്രീകളുടെ ജീവിതനിലവാരം, കരിയര്‍ വിജയം, സാമ്പത്തിക സുരക്ഷിതത്വം എന്നിവയെ പ്രതികൂലമായി ബാധിക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.
പിസിഒഎസ് രോഗികള്‍ മറ്റുള്ളവരെ അപേക്ഷിച്ച് ശ്രദ്ധ അളക്കുന്ന പരീക്ഷണത്തില്‍ 11 % കുറവ് സ്‌കോറാണ് നേടിയതെന്നും ഗവേഷകര്‍ പറയുന്നു. പഠനത്തില്‍ പങ്കെടുത്ത 291 പേരുടെ തലച്ചോറിന്റെ സ്‌കാനുകള്‍ 25 വയസ്സിലും 30 വയസ്സിലും എടുത്തതില്‍ നിന്ന് തലച്ചോറിലെ വൈറ്റ് മാറ്ററിന്റെ പൂര്‍ണ്ണത ഇവരില്‍ കുറവാണെന്ന് കണ്ടെത്തി. ഇത് തലച്ചോര്‍ നേരത്തെ പ്രായമാകുന്നതിന്റെ ലക്ഷണമാണ്.
പഠനത്തിലെ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കാനും നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ഹെതര്‍ ജി. ഹഡില്‍സ്‌റ്റണ്‍ പറയുന്നു. ന്യൂറോളജി ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.
ഹോര്‍മോണ്‍ തകരാര്‍ മൂലം അണ്ഡാശയത്തിന്റെ പുറം ഭാഗത്ത് ചെറിയ സഞ്ചികള്‍ രൂപപ്പെടുന്ന രോഗമാണ് പിസിഒഎസ്. ക്രമം തെറ്റിയ ആര്‍ത്തവം, ഉയര്‍ന്ന ആന്‍ഡ്രോജന്‍ തോത്, വര്‍ദ്ധിച്ച രോമവളര്‍ച്ച, മുഖക്കുരു, വന്ധ്യത എന്നിവയും ഈ ഹോര്‍മോണ്‍ തകരാര്‍ മൂലം ഉണ്ടാകാം.
സ്ട്രെസ് അകറ്റാൻ മൂന്ന് ടെക്നിക് - വിഡിയോ