കണക്കുകൂട്ടലുകൾ തെറ്റി; 2030നു മുൻപേ ലോകത്ത് 100 കോടിയിലധികം ആളുകൾക്ക് അമിതവണ്ണം
Mail This Article
ലോകത്തിലെ എട്ടിലൊരാള്‍ അഥവാ 100 കോടിയിലധികം പേര് അമിതവണ്ണം മൂലം കഷ്ടപ്പെടുന്നുണ്ടെന്ന് 2022ല്‍ ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. 1990നെ അപേക്ഷിച്ച് 2022ല്‍ പൊണ്ണത്തടി ബാധിച്ച മുതിര്‍ന്നവരുടെ എണ്ണം ഇരട്ടിയായെന്നും ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ബോഡി മാസ് ഇന്‍ഡെക്സ് 30ന് മുകളിലുള്ളവരെയാണ് അമിതവണ്ണക്കാരായി കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ കിലോഗ്രാമിലുള്ള ഭാരത്തെ മീറ്ററിലുള്ള ഉയരത്തിന്റെ സ്ക്വയര്‍ കൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്ന മൂല്യമാണ് ബോഡി മാസ് ഇന്‍ഡെക്സ്.
അഞ്ച് മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികളിലും കൗമാരക്കാരിലും അമിതവണ്ണം നാലു മടങ്ങ് വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. മുതിര്‍ന്ന ജനസംഖ്യയിലെ 43 ശതമാനവും അമിതവണ്ണക്കാരാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. പോഷണക്കുറവിന്റെ നിരക്ക് കുറഞ്ഞെങ്കിലും പല സ്ഥലങ്ങളിലും പ്രത്യേകിച്ച് ദക്ഷിണ-കിഴക്കന്‍ ഏഷ്യയിലും സബ് സഹാറന്‍ ആഫ്രിക്കയിലും ഇത് ഇപ്പോഴും പൊതുജനാരോഗ്യ വെല്ലുവിളിയായി തുടരുന്നതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
2030 ഓടെ 100 കോടി പേര്‍ക്ക് അമിതവണ്ണം ഉണ്ടാകുമെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ പോഷണ, ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ കണക്ക് കൂട്ടല്‍. എന്നാല്‍ ഇത് എട്ട് വര്‍ഷം മുന്‍പ് തന്നെ സംഭവിച്ചിരിക്കുകയാണെന്ന് വകുപ്പ് ഡയറക്ടര്‍ ഫ്രാന്‍സെസ്കോ ബ്രാന്‍ക പറയുന്നു.
കുറഞ്ഞ, ഇടത്തരം വരുമാനക്കാര്‍ താമസിക്കുന്ന രാജ്യങ്ങളായ ഈജിപ്ത്, ഇറാഖ്, ലിബിയ, ദക്ഷിണാഫ്രിക്ക, ചിലി, സിറിയ, തുര്‍ക്കി, മെക്സിക്കോ എന്നിവിടങ്ങളിലാണ് അമിതവണ്ണം ബാധിച്ചവരുടെ എണ്ണം ത്വരിത ഗതിയില്‍ ഉയരുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അമേരിക്ക ഒഴികെയുള്ള സമ്പന്ന രാജ്യങ്ങളാരും അമിതവണ്ണക്കാര്‍ കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്.
വ്യവസായവത്ക്കരണത്തിന് ശേഷം ഭക്ഷണസംവിധാനങ്ങളിലും ഉത്പാദനത്തിലും വന്ന മാറ്റവും ആരോഗ്യകരമായ ഭക്ഷണത്തെ സംബന്ധിച്ച നയങ്ങളുടെ അഭാവവുമാണ് കുറഞ്ഞ, ഇടത്തരം വരുമാനക്കാരായ രാജ്യങ്ങളില്‍ അമിതവണ്ണമുള്ളവരുടെ എണ്ണം ഉയരാന്‍ കാരണമായതെന്ന് ഫ്രാന്‍സെസ്കോ ബ്രാന്‍ക അഭിപ്രായപ്പെടുന്നു. സംസ്കരിച്ച ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും വില്പനയിലും സൂപ്പര്‍മാര്‍ക്കറ്റുകളുടെ എണ്ണത്തിലും ഉണ്ടായ വര്‍ദ്ധനയും ഇതുമായി കൂട്ടിവായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 30 വര്‍ഷങ്ങളില്‍ പോഷണമില്ലായ്മ മൂലം ഭാരക്കുറവ് റിപ്പോര്‍ട്ട് ചെയ്യുന്ന മുതിര്‍ന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. ആവശ്യത്തിന് ഭാരമില്ലാത്തവരുടെ എണ്ണം പാതിയായി കുറഞ്ഞിട്ടുണ്ട്. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഭാരം കുറഞ്ഞ മുതിര്‍ന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ എത്തിയോപ്യ, ഉഗാണ്ട പോലുള്ള രാജ്യങ്ങളില്‍ ഇക്കാര്യത്തില്‍ വലിയ വ്യത്യാസമില്ല.
പട്ടിണി കിടന്നാൽ അമിതവണ്ണം കുറയുമോ? വിഡിയോ