ചിരിയുടെ ഭംഗി കൂട്ടും, പല്ല് വെളുപ്പിക്കും; സ്മൈൽ ഡിസൈൻ ട്രീറ്റ്‌മെന്റ് എന്തെന്നറിയാം
Mail This Article
കല്യാണത്തിന് മുന്‍പ് തന്റെ ചിരി മെച്ചപ്പെടുത്താന്‍ ഡെന്റല്‍ ക്ലിനിക്കിലെത്തി ശസ്‌ത്രക്രിയക്കു വിധേയനായ 28കാരന്റെ മരണവാർത്ത അറിഞ്ഞവരാണ് നമ്മളിൽ പലരും. ശസ്‌ത്രക്രിയക്ക് നല്‍കിയ അനസ്‌തീസിയ ഓവര്‍ഡോസാണ് ലക്ഷ്‌മി നാരായണ്‍ എന്ന യുവാവിന്റെ ജീവന്‍ കവര്‍ന്നത്. എന്നാൽ ഈ വാർത്തയ്ക്കു ശേഷം എന്താണ് ഈ ശസ്ത്രക്രിയയെന്നും അതിലൂടെ എന്തൊക്കെ മാറ്റങ്ങൾ വരുത്താനാവുമെന്നും ഇന്റർനെറ്റിൽ തിരഞ്ഞവർ അനവധിയാണ്. നമുക്ക് അത്ര പരിചിതമല്ല ഈ ശസ്ത്രക്രിയ എന്നതുതന്നെ കാരണം.
ഒരാളുടെ ചിരിക്ക് കൂടുതല്‍ ഭംഗി വരുത്താന്‍ ചെയ്യുന്ന ഡെന്റല്‍ ശസ്‌ത്രക്രിയയാണ് സ്‌മൈല്‍ ഡിസൈനിങ് ട്രീറ്റ്‌മെന്റ്. 50,000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഇന്ത്യയില്‍ ഇതിന്റെ ചെലവ്. ഡെന്റല്‍ വെനീറുകള്‍, ഇംപ്ലാന്റുകള്‍, പല്ല് വെളുപ്പിക്കല്‍, ബോണ്ടിങ്, മോണയുടെ വടിവ് മെച്ചപ്പെടുത്തല്‍, ഫില്ലിങ്ങുകള്‍ എന്നിവയെല്ലാം ഈ ശസ്‌ത്രക്രിയയുടെ ഭാഗമായി ചെയ്യാറുണ്ട്. ചിലര്‍ക്ക് പല്ലിന്റെ സ്ഥിതി അനുസരിച്ച് ഡെന്റല്‍ ക്രൗണുകളും ബ്രിഡ്‌ജുകളും വേണ്ടി വരാറുണ്ട്.
പല്ലുകളെയും ചിരിയെയും സംബന്ധിച്ച രോഗിയുടെ ആവലാതികള്‍, ശസ്‌ത്രക്രിയ ലക്ഷ്യങ്ങള്‍, പ്രതീക്ഷകള്‍ എന്നിവ ചര്‍ച്ച ചെയ്‌തു കൊണ്ടാണ് സ്‌മൈല്‍ ഡിസൈന്‍ ട്രീറ്റ്‌മെന്റ് ആരംഭിക്കുക. രോഗിയുടെ പല്ലുകളും മോണയും ആകമാന ദന്താരോഗ്യവും ഡോക്ടര്‍ ഈ ഘട്ടത്തില്‍ പരിശോധിക്കും. അത്യാധുനിക സാങ്കേതിക വിദ്യകളായ ഡിജിറ്റല്‍ ഇമേജിങ്, ഇംപ്രഷന്‍സ് പോലുള്ള സങ്കേതങ്ങളും രോഗിയുടെ നിലവിലെ ചിരിയെ വിലയിരുത്താന്‍ ഉപയോഗിക്കും.
ഇവയുടെ എല്ലാം അടിസ്ഥാനത്തില്‍ ഓരോ രോഗിക്കും പ്രത്യേകമായ ചികിത്സ പദ്ധതിയാണ് ദന്തഡോക്ടര്‍ വികസിപ്പിക്കുക. പല്ലുകള്‍ നേരെയാക്കാന്‍ ബ്രേസുകളും അലൈനറുകളും ചിലപ്പോള്‍ ശുപാര്‍ശ ചെയ്യപ്പെടാം. പല്ലുകളുടെ മുന്‍വശത്തായി ഒട്ടിച്ചു വയ്‌ക്കുന്ന പ്രൊക്ലെയ്‌നിന്റെയോ കോംപസിറ്റ് മെറ്റീരിയലിന്റെയോ കനം കുറഞ്ഞ ആവരണത്തെയാണ് ഡെന്റല്‍ വെനീറുകള്‍ എന്നു വിളിക്കുന്നത്. ഇത് പൊട്ടിയിരിക്കുന്ന പല്ലുകള്‍, പല്ലുകളുടെ നിറംമാറ്റം, വിടവുകള്‍ എന്നിവ പരിഹരിക്കാന്‍ ഉപയോഗിക്കുന്നു.
ക്ഷതം വന്ന പല്ലുകളുടെ രൂപവും ശക്തിയും പുനസ്ഥാപിക്കാന്‍ ഡെന്റല്‍ ക്രൗണുകള്‍ ഉപയോഗിക്കുന്നു. പല്ലുകള്‍ക്കിടയിലെ വിടവ്, പൊട്ടിയ പല്ലുകള്‍, നിറം മാറ്റം എന്നിങ്ങനെയുള്ള ചില്ലറ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പല്ലിന്റെ നിറമുള്ള റെസിന്‍ മെറ്റീരിയല്‍ ഉപയോഗിച്ച് ഡെന്റല്‍ ബോണ്ടിങ്ങും നടത്താറുണ്ട്. കൂടുതല്‍ സന്തുലിതവും ആകര്‍ഷകവുമായ ചിരിക്കായി മോണയുടെ അതിര്‍ത്തികള്‍ ചിലപ്പോള്‍ വീണ്ടും രൂപപ്പെടുത്തേണ്ടിയും വന്നേക്കാം. അനസ്‌തീസിയ നല്‍കിയതിലെ പിഴിവ് ഹൈദരാബാദിലെ യുവാവിന്റെ ജീവനെടുത്തെങ്കിലും സുരക്ഷിതമായി നിരവധി പേര്‍ സ്‌മൈല്‍ ഡിസൈന്‍ ട്രീറ്റ്‌മെന്റിന് വിധേയരാകുന്നുണ്ട്. ചിലര്‍ക്ക് പല്ലിന് സെന്‍സിറ്റീവിറ്റി, മോണയ്‌ക്ക് അസ്വസ്ഥത പോലുള്ള ചില്ലറ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം.
ലളിതമായ വ്യായാമങ്ങളിലൂടെ കഴുത്ത് വേദന അകറ്റാം: വിഡിയോ