ഫ്‌ളിര്‍ട്ട്: പുതിയ കോവിഡ് വകഭേദങ്ങളെ അറിയാം
Mail This Article
ഫ്‌ളിര്‍ട്ട് (FLiRT ) എന്ന പേരില്‍ അറിയപ്പെടുന്ന രണ്ട് പുതിയ കോവിഡ് വകഭേദങ്ങള്‍ കണ്ടെത്തി. കെപി.1.1, കെപി.2. എന്നീ വകഭേദങ്ങളാണ് രാജ്യത്ത് ഇപ്പോള്‍ പരക്കുന്നതെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു. അമേരിക്കയിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്
ഇതില്‍ കെപി.2 ആണ് രാജ്യത്ത് നാല് കോവിഡ് അണുബാധകളില്‍ ഒന്നിന് പിന്നില്‍. ഒമിക്രോണിന്റെ ഉപവകഭേദമായ ജെഎന്‍.1 നെയും കെപി.2 മറികടന്നു. കെപി.2ന്റെ അത്രയും വ്യാപകമല്ലെങ്കിലും രാജ്യത്തെ പുതിയ കോവിഡ് അണുബാധകളുടെ 7.5 ശതമാനത്തിന് പിന്നില്‍ കെപി.1.1 ആണെന്നും സിഡിസി കണക്കുകള്‍ വ്യക്തമാക്കുന്നു. ഒമിക്രോണ്‍ വകഭേദത്തിന്റെ ഭാഗമായിരുന്ന ജെഎന്‍.1.11.1 ല്‍ നിന്നുണ്ടായവയാണ് ഫ്‌ളിര്‍ട്ട് വകഭേദങ്ങള്‍.
ഒമിക്രോണ്‍ ഉപവകഭേദങ്ങളുടേതിന് സമാനമായി തൊണ്ട വേദന, ചുമ, ക്ഷീണം, മൂക്കടപ്പ്, മൂക്കൊലിപ്പ്, തലവേദന, പേശിവേദന, പനി, രുചിയും മണവും നഷ്ടമാകല്‍ എന്നിവയാണ് ഫ്‌ളിര്‍ട്ട് വകഭേദങ്ങള്‍ മൂലമുണ്ടാകുന്ന രോഗലക്ഷണങ്ങള്‍. വാക്‌സീന്‍ നല്‍കുന്ന പ്രതിരോധ സംരക്ഷണത്തില്‍ നിന്ന് വെട്ടിച്ച് രക്ഷപ്പെടാനുള്ള പല ജനിതക വ്യതിയാനങ്ങളും കെപി.2ല്‍ ഉണ്ടെന്ന് പകര്‍ച്ചവ്യാധി വിദഗ്‌ധര്‍ പറയുന്നു. വൈറസ് ഇരട്ടിക്കുന്നതിന്റെ ശേഷിയെ സൂചിപ്പിക്കുന്ന റിലേടീവ് എഫക്ടീവ് റീപ്രൊഡക്ഷന്‍ നമ്പര്‍ കെപി.2ന് ജെഎന്‍.1നെ അപേക്ഷിച്ച് 1.22 മടങ്ങ് അധികമാണ്.
യുഎസ്, യുകെ, ന്യൂസിലാന്‍ഡ്, ദക്ഷിണകൊറിയ എന്നിവിടങ്ങളിലെ എറിസ് വകഭേദത്തെ ഫ്‌ളിര്‍ട്ട് വകഭേദങ്ങള്‍ അതിവേഗം പിന്നിലാക്കിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ രാജ്യങ്ങളിലെ കോവിഡ് മൂലമുളള ആശുപത്രിവത്‌ക്കരണ നിരക്ക് ഉയര്‍ന്നതിന് പിന്നിലും ഫ്‌ളിര്‍ട്ട് വകഭേദങ്ങളാണെന്ന് കരുതപ്പെടുന്നു. എന്നാല്‍ ഡെല്‍റ്റ വകഭേദത്തെ പോലെ ഗുരുതരമായ ശ്വാസകോശ നാശം ഉണ്ടാക്കാനുള്ള കഴിവ് ഒമിക്രോണില്‍ നിന്നുണ്ടായ വകഭേദങ്ങള്‍ക്കൊന്നും ഇല്ലെന്നത് ആശ്വാസം പകരുന്നു.
ആതുരസേവനരംഗത്ത് 34 വർഷങ്ങൾ, മനസ്സ് തുറന്ന് എൽസമ്മ: വിഡിയോ