ഓസ്‌റ്റിയോആര്‍ത്രൈറ്റിസ് എട്ട് വര്‍ഷം മുന്‍പ് തന്നെ കണ്ടെത്താം, ഈ രക്തപരിശോധന മാത്രം മതി
Mail This Article
ഏതാണ്ട് എല്ലാ സന്ധികളെയും ബാധിക്കുന്ന രോഗമാണ് ഓസ്‌റ്റിയോആര്‍ത്രൈറ്റിസ്. സന്ധികളില്‍ എല്ലുകള്‍ കൂട്ടിമുട്ടി ഉരയാതെ സംരക്ഷണം നല്‍കുന്ന തരുണാസ്ഥിക്ക് വരുന്ന തേയ്‌മാനമാണ് ഓസ്‌റ്റിയോ ആര്‍ത്രൈറ്റിസിലേക്ക് നയിക്കുന്നത്. ഇതിന് സ്ഥിരമായ പരിഹാരമില്ലെങ്കിലും നേരത്തെ രോഗനിര്‍ണ്ണയം നടത്തുന്നത് രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കും.
എക്‌സ്‌റേയില്‍ ഓസ്‌റ്റിയോആര്‍ത്രൈറ്റിസ് പ്രത്യക്ഷമാകുന്നതിനും എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ രോഗത്തെ കുറിച്ച് സൂചനകള്‍ നല്‍കാന്‍ ഒരു രക്തപരിശോധനയ്‌ക്ക് സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് നോര്‍ത്ത് കരോളിന ഡ്യൂക് സര്‍വകലാശാലയിലെ ഗവേഷകര്‍.
എക്‌സ്‌റേയില്‍ ഓസ്‌റ്റിയോആര്‍ത്രൈറ്റിസ് തിരിച്ചറിയുമ്പോഴേക്കും തരുണാസ്ഥി തേഞ്ഞ് വേദന ആരംഭിച്ചിരിക്കും. എന്നാല്‍ ഇതിന്റെ സാധ്യത നേരത്തെ തന്നെ തിരിച്ചറിയാനായാല്‍ ഭാരം കുറച്ചും വ്യായാമം ചെയ്‌തും നോണ്‍ സ്‌റ്റീറോയ്‌ഡല്‍ ആന്റി-ഇന്‍ഫ്‌ളമേറ്ററി മരുന്നുകള്‍ കഴിച്ചും രോഗം ഗുരുതരമാകുന്നതിനെ വൈകിപ്പിക്കാന്‍ സാധിക്കും.
ഓസ്‌റ്റിയോആര്‍ത്രൈറ്റിസ് വരാനുള്ള സാധ്യതയെ പ്രവചിക്കുന്ന ആറ് ബയോമാര്‍ക്കറുകളാണ് ഗവേഷണസംഘം കണ്ടെത്തിയത്. 77 ശതമാനം കൃത്യതയോടെ രോഗം പ്രവചിക്കാന്‍ ഈ ബയോമാര്‍ക്കറുകള്‍ക്ക് സാധിച്ചു. ബോഡി മാസ് ഇന്‍ഡെക്‌സ് ഉപയോഗിച്ചും മുട്ട് വേദന ഉപയോഗിച്ചുമുള്ള ഓസ്‌റ്റിയോആര്‍ത്രൈറ്റിസ് പ്രവചനത്തിന് യഥാക്രമം 51ഉം 57 ഉം ശതമാനം കൃത്യത മാത്രമേയുള്ളൂ എന്ന് ഗവേഷകര്‍ പറയുന്നു.
ഈ ബയോമാര്‍ക്കറുകളുമായി ബന്ധപ്പെട്ട ജീനുകള്‍ കാല്‍മുട്ട് സന്ധികളിലെ തരുണാസ്ഥിയിലും സിനോവിയത്തിലും സജീവമായിരുന്നതായും ഗവേഷണറിപ്പോര്‍ട്ട് പറയുന്നു. 10 വര്‍ഷത്തിലധികം നീണ്ട പഠനത്തില്‍ 45നും 65നും ഇടയില്‍ പ്രായമുള്ള 200 സ്‌ത്രീകളാണ് പങ്കെടുത്തത്. ഇവരില്‍ പാതിയോളം പേര്‍ക്ക് പത്ത് വര്‍ഷത്തിനിടെ ഓസ്‌റ്റിയോആര്‍ത്രൈറ്റിസ് ഉണ്ടായി. സയന്‍സ് അഡ്വാന്‍സസ് ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
കർക്കടകത്തിൽ പാലിക്കേണ്ട ആരോഗ്യശീലങ്ങൾ: വിഡിയോ