സൂക്ഷിക്കുക; അന്റാസിഡ് മരുന്നുകള്‍ മൈഗ്രെയ്ന്റെയും കടുത്ത തലവേദനയുടെയും സാധ്യത വര്‍ധിപ്പിക്കാം
Mail This Article
ആസിഡ് റീഫ്‌ളക്‌സിനും ഗ്യാസിനും മറ്റുമായി അന്റാസിഡ് മരുന്നുകളും ചികിത്സയും എടുക്കുന്നവര്‍ക്ക് മൈഗ്രെയ്‌നും കടുത്ത തലവേദനയും വരാന്‍ സാധ്യത കൂടുതലാണെന്ന് പഠനം. 11,000 പേരില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ന്യൂറോളജി ക്ലിനിക്കല്‍ പ്രാക്ടീസ് ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
ആസിഡ് സപ്രഷന്‍ തെറാപ്പിയുടെ ഭാഗമായി
എസോമെപ്രസോള്‍(നെക്‌സിയം), ഒമെപ്രസോള്‍(പ്രിലോസെക്) പോലുള്ള പ്രോട്ടോണ്‍ പമ്പ് ഇന്‍ഹിബിറ്ററുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മൈഗ്രേയ്‌നിനും തലവേദനയ്‌ക്കുമുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 70 ശതമാനം അധികമാണെന്ന് ഗവേഷകര്‍ പറയുന്നു. ഹിസ്റ്റമിന്‍ എച്ച്-2 റിസപ്‌റ്റര്‍ അന്റഗോണിസ്‌റ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് 40 ശതമാനവും മറ്റ് ജനറിക് അന്റാസിഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 30 ശതമാനവും അധികമാണെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വയറിലെ ആസിഡുകളും മറ്റും അന്നനാളിയിലൂടെ തിരികെ വായിലേക്ക് കയറി വരുന്ന അവസ്ഥയാണ് ഗ്യാസ്‌ട്രോ ഈസോഫാഗല്‍ റിഫ്‌ളക്‌സ് ഡിസീസ്. അസ്വസ്ഥത, നെഞ്ചെരിച്ചില്‍, ചുമ, ഏമ്പക്കം പോലുള്ള പല പ്രശ്‌നങ്ങളും ആസിഡ് റീഫ്‌ളക്‌സ് രോഗം മൂലം ഉണ്ടാകാം. അമിതവണ്ണക്കാര്‍, ഗര്‍ഭിണികള്‍, പുകവലിക്കാര്‍ എന്നിവര്‍ക്കെല്ലാം ആസിഡ് റീഫ്‌ളക്‌സ് പ്രശ്‌നമുണ്ടാകാനുള്ള സാധ്യത അധികമാണ്.
പ്രോട്ടോണ്‍ പമ്പ് ഇന്‍ഹിബിറ്റര്‍ മരുന്നുകളുടെയും എച്ച്2 ബ്ലോക്കറുകളുടെയുമൊക്കെ പാര്‍ശ്വഫലമായിട്ടാകാം തലവേദനയുണ്ടാകുന്നതെന്ന് കരുതപ്പെടുന്നു. ഈ മരുന്നുകള്‍ മഗ്നീഷ്യത്തിന്റെയും മറ്റ് ചില വൈറ്റമിനുകളുടെയും ആഗീരണത്തെ ബാധിക്കുന്നതാകാം തലവേദനയ്‌ക്ക് കാരണമാകുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ആസിഡ് റിഫ്‌ളക്‌സിനെ തുടര്‍ന്നുണ്ടാകുന്ന നീര്‍ക്കെട്ട് കേന്ദ്ര നാഡീവ്യൂഹ സംവിധാനത്തെ ട്രിഗര്‍ ചെയ്‌ത് കാല്‍സിടോണിന്‍ ജീന്‍ അനുബന്ധ പെപ്‌റ്റൈഡുകളെ പുറത്ത് വിടുന്നതാകാം മൈഗ്രെയ്‌നിന്റെ മറ്റൊരു കാരണം. ആസിഡ് റീഫ്‌ളക്‌സുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദവും തലവേദനയിലേക്ക് നയിക്കാമെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.
കർക്കടകത്തിൽ പാലിക്കേണ്ട ആരോഗ്യശീലങ്ങൾ: വിഡിയോ