മദ്യത്തിന്റെ ദൂഷ്യവശങ്ങള്‍ കുറയ്ക്കാന്‍ പ്രോട്ടീന്‍ ജെല്‍; ആദ്യ പരീക്ഷണങ്ങൾ വിജയം
Mail This Article
മദ്യപാനത്തിന് സുരക്ഷിതമായ അളവ് എന്നൊന്ന് ഇല്ല എന്ന് തന്നെ പറയാം. നിരന്തരമായ മദ്യത്തിന്റെ ഉപയോഗം കരള്‍ രോഗത്തിലേക്കും ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ ട്രാക്ടിന്റെ നീര്‍ക്കെട്ടിലേക്കും അര്‍ബുദത്തിലേക്കുമെല്ലാം നയിക്കാം. ഓരോ വര്‍ഷവും ഏതാണ്ട് 30 ലക്ഷം പേര് അമിതമായ മദ്യപാനത്തിന്റെ ദൂഷ്യവശങ്ങള്‍ മൂലം മരണപ്പെടാറുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകളും വ്യക്തമാക്കുന്നു.
ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മുടെ കൊച്ചു കേരളത്തില്‍ ഉള്‍പ്പെടെ മദ്യത്തിന്റെ ഉപയോഗം കൂടുന്നതല്ലാതെ കുറയുന്നില്ല എന്ന് കാണാം. മദ്യപാനം ഒഴിവാക്കാന്‍ സാധിച്ചില്ലെങ്കില്‍ അവയുടെ ആഘാതം കുറയ്ക്കുകയെന്നാണ് പിന്നെ മുന്നിലുള്ള പോംവഴി. മദ്യത്തിന്റെ ദൂഷ്യവശങ്ങളെ ലഘൂകരിക്കുന്ന അത്തരത്തിലൊരു പ്രോട്ടീന്‍ അധിഷ്ഠിത ജെല്‍ കണ്ടെത്തിയിരിക്കുകയാണ് ഇടിഎച്ച് സൂറിച്ചിലുള്ള ഒരു കൂട്ടം ഗവേഷകര്‍.
രക്തപ്രവാഹത്തില്‍ പ്രവേശിക്കും മുന്‍പ് തന്നെ മദ്യത്തെ വളരെ വേഗം അസറ്റിക് ആസിഡായി മാറ്റാന്‍ സഹായിക്കുന്നതാണ് ഈ ജെല്‍. എലികളില്‍ ഇത് വിജയകരമായി പരീക്ഷിച്ചതായി നേച്ചര്‍ നാനോടെക്നോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ ഗവേഷകര്‍ പറയുന്നു.
എലികളില്‍ 30 മിനിട്ടിനകം മദ്യത്തിന്റെ തോത് 40 ശതമാനം കുറയ്ക്കാന്‍ ഈ ജെല്ലിന് സാധിച്ചു. അഞ്ച് മണിക്കൂറിന് ശേഷം 56 ശതമാനം വരെ രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയ്ക്കാനായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ജെല്‍ ഉപയോഗിച്ച എലികളില്‍ അസറ്റാല്‍ഡിഹൈഡിന്റെ സംഭരണം കുറവായിരുന്നതായും ഗവേഷകര്‍ നിരീക്ഷിച്ചു. അമിത മദ്യപാനം മൂലമുള്ള പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണാകുന്നത് തന്നെ ഈ അസറ്റാല്‍ ഡിഹൈഡാണ്. ഈ ജെല്‍ ഉപയോഗിച്ച എലികളുടെ കരളുകളിലെ സമ്മര്‍ദ്ദ പ്രതികരണങ്ങളും കുറവായിരുന്നതായി ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.
10 ദിവസം മദ്യം നല്കിയ എലികളില്‍ മദ്യത്തിന്റെ തോത് കുറയ്ക്കാനും ഭാരനഷ്ടം, കരള്‍ നാശം പോലുള്ള പ്രതികൂല ഫലങ്ങളുടെ ആധിക്യം കുറയ്ക്കാനും ജെല്ലിന് സാധിച്ചു. പ്ലീഹ, കുടല് തുടങ്ങിയ അവയവങ്ങള്‍ക്ക് മദ്യം ഉണ്ടാക്കുന്ന നാശവും കുറയ്ക്കാന്‍ ജെല്ലിനായി.
മദ്യം കരളില്‍ വച്ച് വിഘടിക്കുന്നതിന് പകരം ദഹനനാളിയില്‍ വച്ച് വിഘടിക്കാനും ഈ ജെല്‍ സഹായിക്കുന്നു. കരളില്‍ വച്ച് മദ്യം വിഘടിക്കുമ്പോള്‍ ഉപോത്പന്നമായി അസറ്റാല്‍ഡിഹൈഡ് ഉണ്ടാകുന്നത് പോലെ ദഹനനാളിയില്‍ ഇത് സംഭവിക്കുന്നില്ലെന്ന് ഇടിഎച്ച് സൂറിച്ചിലെ പ്രഫസര്‍ റാഫേല്‍ മെസ്സെങ്ക പറയുന്നു. മനുഷ്യരില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിക്കുന്നതിന് നിരവധി ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ കൂടി ജെല്‍ ഉപയോഗിച്ച് നടത്തേണ്ടതുണ്ട്.