ടാറ്റൂ ചെയ്താല്‍ അര്‍ബുദം ഉണ്ടാകുമോ? പുതിയ പഠനം പറയുന്നത്
Mail This Article
ശരീരത്തില്‍ വരയുന്ന ടാറ്റൂകള്‍ക്ക് ഇന്ന് കൂടുതല്‍ സ്വീകാര്യത സമൂഹത്തില്‍ ലഭിക്കുന്നുണ്ട്. പല ഡിസൈനിലും വലുപ്പത്തിലുമുള്ള ടാറ്റൂകള്‍ ആണ്‍-പെണ്‍ ഭേദമില്ലാതെ പലരും ശരീരത്തില്‍ പതിപ്പിക്കുന്നുമുണ്ട്. എന്നാല്‍ അവയുടെ ദീര്‍ഘകാല ആരോഗ്യ പ്രത്യാഘാതങ്ങളെ കുറിച്ച് വലിയ പഠനങ്ങള്‍ നടന്നിട്ടില്ല.
ശരീരത്തിലെ ടാറ്റൂകളും ലിംഫാറ്റിക് സംവിധാനത്തെ ബാധിക്കുന്ന ലിംഫോമ എന്ന അര്‍ബുദവുമായി ബന്ധമുണ്ടെന്ന് അടുത്തിടെ സ്വീഡനിലെ ലണ്ട് സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി. 12,000 പേരിലാണ് പഠനം നടത്തിയത്. ഇതില്‍ നിന്ന് ശരീരത്തില്‍ ഒരു ടാറ്റൂ എങ്കിലും ഉള്ളവര്‍ക്ക് ലിംഫോമ സാധ്യത 21 ശതമാനം കൂടുതലാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു.
എന്നാല്‍ ടാറ്റൂകള്‍ എങ്ങനെയാണ് അര്‍ബുദത്തിന് കാരണമാകുന്നതെന്ന് വിശദീകരിക്കാന്‍ റിപ്പോര്‍ട്ടിന് സാധിക്കുന്നില്ല. ടാറ്റൂകള്‍ ശരീരത്തില്‍ ഉണ്ടാക്കുന്ന ചെറിയ തോതിലെ നീര്‍ക്കെട്ടാണോ അര്‍ബുദത്തിന് പിന്നിലെന്ന് സംശയിക്കാവുന്നതാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ലണ്ട് സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസര്‍ ക്രിസ്റ്റീല്‍ നീല്‍സണ്‍ പറയുന്നു. മറ്റൊരു അപകടസാധ്യതയായി ഗവേഷകര്‍ സൂചിപ്പിക്കുന്നത് ടാറ്റൂ ചെയ്യാന്‍ ഉപയോഗിക്കുന്ന മഷിയിലെ രാസവസ്‌തുക്കളാണ്. എന്നാല്‍ ഇവ സ്ഥിരീകരിക്കാന്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
എന്നാല്‍ ടാറ്റൂകളും അര്‍ബുദവും തമ്മില്‍ ശക്തവും വ്യക്തമായതുമായ ബന്ധമൊന്നും പഠനം സ്ഥിരീകരിക്കുന്നില്ലെന്ന് ഹാര്‍വാഡ് ടി.എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ പ്രഫസര്‍ ഡോ. തിമോത്തി റെബെക് സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇക്ലിനിക്കല്‍ മെഡിസിന്‍ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.