ADVERTISEMENT

ശ്വാസകോശത്തിലേക്ക് ബാഷ്പരൂപത്തിൽ മരുന്നുകൾ നൽകുന്നതിനാണ് നെബുലൈസേഷൻ എന്ന് പറയുന്നത്. വൈറൽ അണുബാധകൾക്കും വൈറൽ പനികൾക്കും ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ചുള്ള നെബുലൈസേഷൻ നല്ലതാണെന്നും അത് വളരെ ഫലപ്രദമാണെന്നും നടി സമാന്ത പറഞ്ഞതിനെ ചുറ്റിപ്പറ്റിയാണ് സോഷ്യൽ മീഡിയയിലെ വാദപ്രതിവാദങ്ങൾ. സഹായിക്കാൻ ഉദ്ദേശിച്ച് പറഞ്ഞതാണെങ്കിലും ശാസ്ത്രീയവശത്തെപ്പറ്റി യാതൊരു ധാരണ ഇല്ലാതെയും, അപകടം വിളിച്ചുവരുത്തുമെന്ന് ചിന്തിക്കാതെയുമുള്ള ഈ പ്രവർത്തി ശരിയായില്ലെന്നാണ് ഒരുപക്ഷം. ഡോക്ടർ നിർദേശിക്കുകയും പരീക്ഷിച്ച് ഉപകാരപ്പെടുകയും ചെയ്ത കാര്യമാണ് അവർ പങ്കുവച്ചതെന്നും അതിൽ തെറ്റ് പറയാനില്ലെന്നും മറ്റൊരു വിഭാഗം ആളുകളും പറയുന്നുണ്ട്.

എന്നാൽ ശരിക്കും ഈ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്യാമോ? അതിൽ അപകടങ്ങൾ എന്തെങ്കിലുമുണ്ടോ? ഈ വിഷയങ്ങളിൽ ആലപ്പുഴ ഗവ മെഡിക്കൽകോളജ് പൽമണറി വിഭാഗം പ്രഫസർ, ഡോ. പി. എസ് ഷാജഹാൻ മനോരമ ഓൺലൈനിനോട് പ്രതികരിക്കുന്നു. 

dr-ps-shajahan
ഡോ. പി. എസ്. ഷാജഹാൻ

ഹൈഡ്രജൻ പെറോക്സൈഡ് നെബുലൈസേഷന് യാതൊരുവിധ ശാസ്ത്രീയ അടിസ്ഥാനവുമില്ല. അങ്ങനെ എന്തെങ്കിലും വസ്തുക്കൾ നെബുലൈസേഷൻ ചെയ്തതു കൊണ്ട് മാത്രം വൈറൽ പനിയോ അല്ലെങ്കിൽ മറ്റേതെങ്കിലും അസുഖമോ മാറുകയില്ല എന്നതുമാണ് ശാസ്ത്രീയ സത്യം. 

ഹൈഡ്രജൻ പെറോക്സൈഡ് പോലുള്ള വസ്തുക്കൾ നെബുലൈസ് ചെയ്താലുള്ള കുഴപ്പം, അതിന്റെ അൽപമെങ്കിലും കണികകൾ ശ്വാസകോശത്തിൽ എവിടെയെങ്കിലുമൊക്കെ എത്തി അവിടെ നീർക്കെട്ട് ഉണ്ടാക്കുക എന്നുള്ളതല്ലാതെ മറ്റ് യാതൊരു വിധ പ്രയോജനവും ചെയ്യില്ല എന്നതാണ്. നെബുലൈസേഷൻ ചെയ്യുന്നതിനുേവണ്ടി പ്രത്യേക തരത്തിലാണ് ലായനി തയാറാക്കുന്നത്. ഇപ്പോൾ ഇഞ്ചക്ഷൻ രൂപത്തിൽ ലഭ്യമായിട്ടുള്ള പല മരുന്നുകളും നെബുലൈസേഷൻ രൂപത്തിലും ലഭ്യമാണ്. ഇഞ്ചക്ഷൻ രൂപത്തിലുള്ള ആ ലായനി നെബുലൈസ് ചെയ്താൽ പോലും സാധാരണ നെബുലൈസേഷന്റെ ഗുണം കിട്ടണമെന്നില്ല. കാരണം ഈ ചികിത്സയ്ക്കു വേണ്ടിയുള്ള ദ്രാവകം ഒരു പ്രത്യേക രീതിയിൽ പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ചുണ്ടാക്കുന്നതാണ്. അതുകൊണ്ടാണിതിനെ നെബുലൈസിങ് സൊലൂഷൻ എന്നു വിളിക്കുന്നത്. ഇങ്ങനെ ഉണ്ടാക്കുന്ന ലായനി നെബുലൈസറിൽ വച്ച് പ്രവർത്തിക്കുമ്പോൾ വിവിധ അളവുകളിലുള്ള കണികകൾ ഉണ്ടാവുകയാണ്. ഈ കണികകൾ ശ്വാസകോശത്തിൽ എത്തുന്ന കണികകളെ കൂടുതൽ ഉൽപാദിപ്പിക്കുകയും അത് ശ്വാസകോശ നാളികളിൽ എത്തിക്കുകയും ചെയ്യുക എന്നുള്ളതാണ് നെബുലൈസിങ് സൊലൂഷന്റെ പ്രത്യേകത. 

Representative image. Photo Credits : alexeisido / Shutterstock.com
Representative image. Photo Credits : alexeisido / Shutterstock.com

അങ്ങനെ എന്തെങ്കിലും ഒരു വസ്തു, അത് വെള്ളമാകട്ടെ മറ്റെന്തെങ്കിലും പദാർഥമാകട്ടെ എടുത്ത് നെബുലൈസറിൽ ഇട്ട് നെബുലൈസിങ് സൊലൂഷൻ പോലെ ശ്വാസകോശത്തിൽ എല്ലായിടത്തും എത്തിക്കാമെന്നു കരുതിയാൽ അതും നടക്കില്ല എന്നുള്ള കാര്യം കൂടി മനസ്സിലാക്കണം. അതു മാത്രമല്ല ഏതൊരു വസ്തുവും അങ്ങനെ നെബുലൈസ് ചെയ്ത് ശ്വാസകോശത്തിൽ എത്തിക്കുന്നത് അപകടം ചെയ്യും. അത് ശ്വാസകോശ നാളികളുടെ വിവിധ ഭാഗങ്ങളിൽ നീർക്കെട്ട് ഉണ്ടാക്കും. അപകടം ചെയ്യും. അല്ലാതെ ഇങ്ങനെ ചെയ്തെന്നു കരുതി പകർച്ച പനിയോ അല്ലെങ്കിൽ മറ്റ് വൈറൽ അണുബാധകളോ മാറില്ല. അത് അപകടമേ ചെയ്യൂ. ഇത്തരത്തിൽ ഒരോ വ്യക്തികൾ സ്വയം ചെയ്യുന്ന കാര്യങ്ങൾക്ക് യാതൊരു വിധ ശാസ്ത്രീയ അടിസ്ഥാനവുമില്ല. പൊതുസമൂഹം അത് ഏറ്റെടുക്കരുത്. അത് ഏറ്റെടുക്കുന്നത് വലിയ കുഴപ്പങ്ങളിലേക്ക് വഴിതെളിക്കും.

English Summary:

Doctor response on samantha viral post regarding hydrogen peroxide nebulization

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com