ഗുജറാത്തില്‍ ചന്ദിപുര വൈറസ് ബാധ; അറിയാം കുട്ടികളെ ബാധിക്കുന്ന ഈ മാരക രോഗത്തെ
Mail This Article
കഴിഞ്ഞ അഞ്ച് ദിവസത്തില്‍ ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ ചന്ദിപുര വൈറസ് ബാധിച്ച് മരണപ്പെട്ടത് ആറ് കുട്ടികളാണ്. 12 പേര്‍ക്ക് വൈറസ് ബാധിച്ചതായി സംശയിക്കപ്പെടുന്നു. ആറില്‍ അഞ്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സബര്‍കാന്ത ജില്ലയിലെ ഹിമത് നഗര്‍ സിവില്‍ ആശുപത്രിയിലാണ്.
ചന്ദിപുര വെസിക്കുലോവൈറസ് (സിഎച്ച്‌പിവി) എന്ന പേരില്‍ അറിയപ്പെടുന്ന ഈ ആര്‍എന്‍എ വൈറസ് പേപ്പട്ടി വിഷബാധയുണ്ടാക്കുന്ന റാബിസ് വൈറസിന്റെ കുടുംബമായ റാബ്‌ഡോവിറിഡയില്‍ ഉള്‍പ്പെടുന്നു. മഹാരാഷ്ട്രയിലെ ചന്ദിപുര ഗ്രാമത്തില്‍ 1965ലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്.
മുഖ്യമായും കുട്ടികളെ ബാധിക്കുന്ന ഈ വൈറസ് ഇന്ത്യയിലെ തീവ്ര മസ്‌തിഷ്‌കവീക്കവുമായും ബന്ധപ്പെട്ടിരിക്കുന്നു. അണുവാഹകരമായ സാന്‍ഡ് ഫ്‌ളൈ കടിക്കുന്നതിലൂടെയാണ് ഈ രോഗം പടരുന്നത്. 9 മാസം മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികളെ ബാധിക്കാം. ഗ്രാമീണ മേഖലകളിലാണ് പൊതുവേ കണ്ട് വരുന്നത്. പനി, ഛര്‍ദ്ദി, അതിസാരം, തലവേദന, ചുഴലി, ആശയക്കുഴപ്പം, ദേഷ്യം, ബോധം മറയല്‍ എന്നിവയാണ് രോഗബാധിതരിലെ മുഖ്യ ലക്ഷണങ്ങള്‍. കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ രോഗി കോമയിലേക്കും മരണത്തിലേക്കും പോകാനും സാധ്യതയുണ്ട്.
ഈ രോഗത്തിന് പ്രത്യേകമായ ആന്റിവൈറല്‍ ചികിത്സ ലഭ്യമല്ലാത്തതിനാല്‍ നേരത്തെ രോഗനിര്‍ണ്ണയം നടത്തി ലക്ഷണങ്ങള്‍ക്ക് ചികിത്സ നല്‍കേണ്ടത് അത്യാവശ്യമാണ്. നിരന്തരമായ ഛര്‍ദ്ദി നിര്‍ജലീകരണത്തിലേക്ക് നയിക്കാമെന്നതിനാല്‍ ആവശ്യത്തിന് വെള്ളം കുടിക്കാന്‍ രോഗികള്‍ ശ്രദ്ധിക്കേണ്ടതാണ്. സാന്‍ഡ് ഫ്‌ളൈയുടെ കടിയേല്‍ക്കാതിരിക്കാന്‍ ശരീരം മറയുന്ന വസ്‌ത്രങ്ങളും രാത്രിയില്‍ കൊതുക് വലയും ഉപയോഗിക്കേണ്ടതാണ്. പ്രാണികളെ പ്രതിരോധിക്കാനുള്ള റിപ്പല്ലന്റുകളും ഉപയോഗിക്കാം.