ADVERTISEMENT

മനുഷ്യരിലെ ദന്തചികിത്സ പൂര്‍ണ്ണമായും ചെയ്യുന്ന റോബോട്ടിക്‌ എഐ സാങ്കേതിക വിദ്യ വികസിപ്പിച്ച്‌ അമേരിക്കയിലെ സ്‌റ്റാര്‍ട്ട്‌ അപ്പ്‌ കമ്പനി. ബോസ്‌റ്റണിലുള്ള പെര്‍സെപ്‌റ്റീവ്‌ എന്ന കമ്പനി വികസിപ്പിച്ച ഈ ഡെന്റല്‍ റോബോട്ടിന്‌ യുഎസ്‌ ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌സ്‌ അഡ്‌മിനിസ്‌ട്രേഷന്റെ അംഗീകാരം ലഭിച്ചു. നിര്‍മ്മിത ബുദ്ധിയാല്‍ നയിക്കപ്പെടുന്ന ഈ റോബോട്ടില്‍ 3ഡി ഇമേജിങ്‌ സോഫ്‌ട്‌ വെയറും പല്ലുമായി ബന്ധപ്പെട്ട ചികിത്സ ചെയ്യുന്നതിന്‌ റോബോട്ടിക്‌ കൈകളുമുണ്ട്‌.

ക്രൗണ്‍ മാറ്റിവയ്‌ക്കല്‍ പോലെ പല്ലിനെ പഴയ മട്ടിലാക്കുന്ന ചികിത്സകള്‍ 15 മിനിട്ടില്‍ പൂര്‍ത്തിയാക്കാന്‍ ഡെന്റല്‍ റോബോയ്‌ക്ക്‌ സാധിക്കും. പല്ലിന്റെയും മോണകളുടെയും പ്രശ്‌നങ്ങള്‍ കൃത്യമായി കണ്ടെത്താനും റോബോയ്‌ക്ക്‌ കഴിയും. ദന്തചികിത്സയുടെ കൃത്യതയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്ന ഈ റോബോട്ടിക്‌ ചികിത്സ ഉയര്‍ന്ന നിലവാരമുള്ള ദന്തപരിചരണം സാധ്യമാക്കുമെന്നും രോഗികള്‍ക്ക്‌ മെച്ചപ്പെട്ട ഫലങ്ങള്‍ നല്‍കുമെന്നും പെര്‍സെപ്‌റ്റീവ്‌ സിഇഒ ക്രിസ്‌ സിറിയെല്ലോ പറയുന്നു.

3ഡി വോളുമെട്രിക്‌ ഡേറ്റ ഉപയോഗപ്പെടുത്തിയാണ്‌ റോബോട്ട്‌ ചികിത്സ പദ്ധതികള്‍ക്ക്‌ രൂപം നല്‍കുന്നത്‌. റോബോട്ടിക്‌ കൈയ്യില്‍ പിടിക്കുന്ന ഇന്‍ട്രാ ഓറല്‍ സ്‌കാനര്‍ ഉപയോഗിച്ച്‌ രോഗിയുടെ വായ സ്‌കാന്‍ ചെയ്യുന്ന ഒപ്‌റ്റിക്കല്‍ കൊഹെറെന്‍സ്‌ സാങ്കേതിക വിദ്യയും ഇതിലുണ്ട്‌. വിശദമായ 3ഡി ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്ന സ്‌കാനര്‍ ദന്താരോഗ്യത്തെ പറ്റി വിശദറിപ്പോര്‍ട്ട്‌ നല്‍കുന്നു. ഈ ദൃശ്യങ്ങള്‍ കണ്ട്‌ തങ്ങളുടെ ചികിത്സാ ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍ രോഗികള്‍ക്കും സാധിക്കുന്നതാണ്‌.

കുറഞ്ഞ സമയത്തിനുള്ളില്‍, മനുഷ്യ അധ്വാനവും മാനുഷികമായി സംഭവിക്കാവുന്ന തെറ്റുകളും കുറച്ച്‌ കൂടുതല്‍ രോഗികള്‍ക്ക്‌ ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കാന്‍ റോബോട്ടിക്‌ സംവിധാനം ദന്ത ഡോക്ടര്‍മാരെ സഹായിക്കുമെന്ന്‌ കരുതപ്പെടുന്നു. വിവിധ നിക്ഷേപകരില്‍ നിന്നായി 30 ദശലക്ഷം ഡോളര്‍ സമാഹരിക്കാനും പെര്‍സെപ്‌റ്റീവിന്‌ സാധിച്ചു.

English Summary:

How Perceptive's AI Robot Outperforms Human Dentists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com