ADVERTISEMENT

രാത്രിയില്‍ ഷിഫ്‌റ്റ്‌ ജോലി ചെയ്യേണ്ടി വരുന്നത്‌ സുരക്ഷിതമല്ലെന്ന്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) നടത്തിയ പഠനത്തില്‍ പങ്കെടുത്ത 35 ശതമാനം ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടു. ഇവരില്‍ ഭൂരിപക്ഷവും വനിത ഡോക്ടര്‍മാരാണ്‌. സ്വയം പ്രതിരോധത്തിനായി ജോലി സ്ഥലത്തേക്ക്‌ ആയുധങ്ങള്‍ കൊണ്ടു പോകേണ്ടതിന്റെ ആവശ്യകതയെ പറ്റി ചിന്തിച്ച്‌ തുടങ്ങിയതായും പലരും സര്‍വേയില്‍ പറഞ്ഞു. രാത്രി ഷിഫ്‌റ്റ്‌ സുരക്ഷിതമല്ലെന്ന്‌ പ്രതികരിച്ചവര്‍ 24.1 ശതമാനമാണ്‌. തീര്‍ത്തും സുരക്ഷിതമല്ലെന്ന്‌ അഭിപ്രായപ്പെട്ടവര്‍ 11.4 ശതമാനവും. രാത്രി ഷിഫ്‌റ്റില്‍ ഒരു ഡ്യൂട്ടി റൂം പോലും ലഭ്യമല്ലെന്ന്‌ ഓണ്‍ലൈനായി നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 45 ശതമാനം ഡോക്ടര്‍മാരും ചൂണ്ടിക്കാട്ടി. 

അമിതമായ തിരക്ക്‌ കാരണം ഡ്യൂട്ടി റൂമുകള്‍ അപര്യാപ്‌തമാണെന്നും സ്വകാര്യതയില്ലായ്‌മയും ലോക്കുകള്‍ ഇല്ലാത്തതും മൂലം വിശ്രമിക്കാന്‍ വേറെയിടങ്ങള്‍ തേടേണ്ടി വരുന്നതായും ഡോക്ടര്‍മാരില്‍ പലരും അഭിപ്രായപ്പെട്ടു. മൂന്നിലൊന്ന്‌ ഡ്യൂട്ടി റൂമുകളിലും അനുബന്ധ ശുചിമുറി കൂടിയില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

കൊൽക്കത്തയിലെ ആർ‌.ജി.കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടർ രാത്രി ഷിഫ്‌റ്റിനിടെ ബലാത്സംഗത്തിനിരയായി പീഢിപ്പിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്‌തതിന്റെ പശ്ചാത്തലത്തിലാണ്‌ ഐഎംഎ സര്‍വേ. 3885 ഡോക്ടര്‍മാര്‍ പഠനത്തില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതായി ഐഎംഎ പറയുന്നു. 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇവരില്‍ 85 ശതമാനം പേരും 35 വയസ്സിന്‌ താഴെയുള്ളവരാണ്‌. 61 ശതമാനം പേര്‍ ഇന്റേണുകളോ പോസ്‌റ്റ്‌ഗ്രാജുവേറ്റ്‌ ട്രെയ്‌നികളോ ആണ്‌. 

രാത്രി കാലങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ പരിശീലനം ലഭിച്ച സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും സിസിടിവി ക്യാമറകള്‍ വയ്‌ക്കണമെന്നും ശരിയായ വെളിച്ചം ഉറപ്പാക്കണമെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ നിര്‍ദ്ദേശിക്കുന്നു. കേന്ദ്ര സുരക്ഷ നിയമം നടപ്പാക്കുക, രോഗികളുടെ കൂട്ടിരിപ്പുകാരുടെ  എണ്ണം നിയന്ത്രിക്കുക, അലാം സംവിധാനങ്ങള്‍ സ്ഥാപിക്കുക, അടച്ചുറപ്പുള്ള സുരക്ഷിതമായ ഡ്യൂട്ടി റൂമുകള്‍ ഉറപ്പാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും സര്‍വേയില്‍ ഉയര്‍ന്നു. ഐഎംഎ കേരള  റിസര്‍ച്ച്‌ സെല്‍ ചെയര്‍മാന്‍ ഡോ. രാജീവ്‌ ജയദേവനും സംഘവുമാണ്‌ സര്‍വേ കണ്ടെത്തലുകള്‍ ക്രോഡീകരിച്ചത്‌. ഐഎംഎയുടെ കേരള മെഡിക്കല്‍ ജേണലില്‍ പഠനഫലം പ്രസിദ്ധീകരിക്കും.

English Summary:

35% of Indian Doctors Feel Unsafe During Night Shifts, IMA Survey Finds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com