'ആ കാഴ്ചയാണ് എന്നെയൊരു ഡോക്ടറാക്കിയത്'; വഴിമുട്ടിയ അവസ്ഥകൾ വഴികാട്ടിയായി
Mail This Article
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്തുള്ള കൊടോളിപ്പുറം എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛനും അമ്മയും അധ്യാപകരായിരുന്നു. ഞങ്ങള്‍ അഞ്ച് ആണ്‍കുട്ടികളാണ്. വളരുന്ന അന്തരീക്ഷം കുട്ടികളുടെ മുന്നോട്ടുള്ള ജീവിതത്തെ സ്വാധീനിക്കും എന്നത് തെളിയിക്കപ്പെട്ട കാര്യമായിരുന്നു. എന്റെ അച്ഛനും അമ്മയും പൊതുപ്രവര്‍ത്തകര്‍ കൂടിയായതിനാല്‍ വീട് ഒരു പൊതുസ്ഥലം പോലെയായിരുന്നു. നാട്ടിലെ എല്ലാവര്‍ക്കും എല്ലാ സമയത്തും വന്നു പോകാവുന്ന ഒരു ഇടം. അതുകൊണ്ടു തന്നെ ‘എന്റെ വീട്’ എന്ന് ഒരിക്കലും പറയാന്‍ തോന്നില്ലായിരുന്നു. ഒരുപാടുപേര്‍ വന്ന് താമസിച്ചു പോകുന്നു. ‘നമ്മുടെ വീട്’ എന്നേ പറഞ്ഞിട്ടുള്ളൂ. നാട്ടുകാരെല്ലാം വീട്ടുകാരായിരുന്നു. അച്ഛനും അമ്മയും വീട്ടിലെ ഈ അന്തരീക്ഷവും തന്നെയാണ് എന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളത്. കഴിയുന്നത്ര ആളുകളെ സഹായിക്കണം എന്നു ചിന്തിച്ചിരുന്ന വ്യക്തിയായിരുന്നു അമ്മ. 80 വയസ്സിലാണ് അമ്മ മരിച്ചത്. മരിക്കുന്നതിന്റെ തലേദിവസം വരെ വളരെ സജീവമായി പ്രവര്‍ത്തിച്ച ആളാണ്.
നാട്ടിലെ വാണി വിലാസം വായനശാലയില്‍ ഞാന്‍ ഒരുപാടു സമയം ചെലവിട്ടിരുന്നു. വായനശാലയിലെ പുസ്തകങ്ങള്‍ക്കും അവിടെ നടന്നിരുന്ന ചര്‍ച്ചകള്‍ക്കും എന്നെ രൂപപ്പെടുത്തിയതില്‍ വലിയ പങ്കുണ്ട്. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ്, ഹവായിയിലെ മൊളോകാ ദ്വീപിലെ കുഷ്ഠരോഗികള്‍ക്കു വേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ച ഫാദര്‍ ഡാമിയേനെക്കുറിച്ചു വായിച്ചത്. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് വായന. കിടന്ന് വായിക്കുന്നതിനിടെ പുസ്തകം മുഖത്തേക്കു വീഴുകയും വിളക്കില്‍ തട്ടി അതിന്റെ ഒരുമൂല കത്തിപ്പോകുകയും ചെയ്തു. പക്ഷേ, ആ വായന എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തെപ്പോലൊരാളാകണമെന്ന് ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്തിട്ടുണ്ട്.
അമ്മ പറഞ്ഞതു പോലെ ആളുകളെ സഹായിക്കാനുള്ള വഴിയായിരുന്നു എനിക്ക് ഡോക്ടറാകുക. മട്ടന്നൂരില്‍ ഒരു ഡെന്നി ഡോക്ടര്‍ ഉണ്ടായിരുന്നു. അവിടെ നിന്ന് ഞങ്ങളുടെ ഗ്രാമത്തിലേക്ക് അഞ്ചു കിലോമീറ്റര്‍ ദൂരം നടക്കണം. അതല്ലെങ്കില്‍ കുറച്ച് മുകള്‍ഭാഗം വരെ ജീപ്പ് വരും. അവിടെ ഇറങ്ങി താഴേക്കു നടക്കണം. ഡോക്ടര്‍ അന്നൊക്കെ ഓരോ വീട്ടിലും സന്ദര്‍ശനം നടത്തുമായിരുന്നു. ആളുകളെ കാണുകയും അസുഖവിവരങ്ങള്‍ തിരക്കുകയും ചെയ്തു. ഇത്രയും ദൂരം നടന്നാണ് ഡോക്ടര്‍ ചെല്ലുന്നത്. അന്ന് ഡോക്ടര്‍ നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ ബാഗുമെടുത്ത് എന്റെ അച്ഛനോ അല്ലെങ്കില്‍ നാട്ടിലെ സി.വി.കുഞ്ഞിക്കണ്ണന്‍ മാഷോ പിറകെ നടക്കും. രാത്രിയാണെങ്കില്‍ വയല്‍വരമ്പിലൂടെ ചൂട്ടും കത്തിച്ചാകും യാത്ര. അതായിരുന്നു ആദ്യത്തെ സ്പാര്‍ക്ക്. ഡോക്ടര്‍ എന്നാല്‍ ഇങ്ങനെയാണെന്ന തോന്നല്‍ എന്നില്‍ ഉണ്ടാക്കിയത് ആ കാഴ്ചയാണ്. ഡോക്ടറാകണം എന്നത് എന്റെ ആഗ്രഹമായിരുന്നില്ല, തീരുമാനമായിരുന്നു. മറ്റൊരു വഴി മനസ്സില്‍ ഉണ്ടായിരുന്നില്ല.
കുട്ടിക്കാലത്ത് നാട്ടില്‍ ഗാസ്‌ട്രോ എന്‍ട്രൈറ്റിസ് വന്ന് ഒരാള്‍ മരിച്ചത് എനിക്ക് ഓര്‍മയുണ്ട്. ഗാസ്‌ട്രോ എന്‍ട്രൈറ്റിസ് എന്നാല്‍ വയറിളക്കമാണ്. നാട്ടില്‍ അന്ന് സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല. ഒരു ചാരുകസേരയില്‍ അദ്ദേഹത്തെ കെട്ടിവച്ച് മട്ടന്നൂരേക്കു കൊണ്ടുപോയി. അവിടെ നിന്ന് കണ്ണൂരേക്കു കൊണ്ടു പോകാന്‍ നിര്‍ദേശിച്ചു. പക്ഷേ, നിര്‍ജലീകരണം കാരണം കണ്ണൂരെത്തുന്നതിനു മുൻപ് അദ്ദേഹം മരിച്ചു. വയറിളക്കം വന്നാല്‍ ഒആര്‍എസ് അല്ലെങ്കില്‍ ഉപ്പിട്ട കഞ്ഞിവെള്ളം കൊടുക്കണം എന്നൊന്നും അന്ന് നാട്ടില്‍ ആര്‍ക്കും അറിയില്ല. ചികിത്സാ സൗകര്യങ്ങള്‍ തീരെ ഇല്ല. തിരിഞ്ഞു നോക്കുമ്പോള്‍ വഴിമുട്ടിയ അത്തരം അവസ്ഥകളെല്ലാം വഴികാട്ടികളായിട്ടുണ്ടെന്നു തോന്നാറുണ്ട്.
(ലേഖകൻ മെഡിക്കൽ കോളജ് ശിശുരോഗ വിഭാഗത്തിൽ പ്രഫസർ ആയിരുന്നു. ശിശുരോഗ ചികിത്സയിലും മനോരോഗ ചികിത്സയിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 2006 മുതൽ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസിന്റെ ഡയറക്ടർ ആയി പ്രവർത്തിച്ചു വരുന്നു)