2050 ആകുമ്പോഴേക്കും സൂപ്പര്‍ ബഗ്ഗുകള്‍ 39 ദശലക്ഷത്തിലധികം പേരെ കൊന്നൊടുക്കും: പഠനം
Mail This Article
രോഗം വന്നാല്‍ മരുന്ന് കഴിക്കണം. എന്നാല്‍ അനാവശ്യമായി ആന്റിബയോട്ടിക് പോലുളള മരുന്നുകള്‍ എപ്പോഴും കഴിക്കുന്നത് രോഗം പരത്തുന്ന അണുക്കള്‍ക്ക് മരുന്നിനോടുള്ള പ്രതിരോധം വളര്‍ത്തും. ആന്റിമൈക്രോബിയല്‍ ചികിത്സകളോട് പ്രതിരോധം വളര്‍ത്തുന്ന ബാക്ടീരിയ, ഫംഗസ്, വൈറസ്, പാരസൈറ്റുകള്‍ എന്നിവയെ പൊതുവേ വിളിക്കുന്ന പേരാണ് സൂപ്പര്‍ ബഗ്. സൂപ്പര്‍ ബഗ്ഗുകളുടെ ആവിര്‍ഭാവം മൂലം ചികിത്സ ഫലിക്കാതെ മരിക്കുന്നവരുടെ എണ്ണം 2050 ഓടെ 70 ശതമാനം വര്‍ധിക്കുമെന്ന് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം വെളിപ്പെടുത്തുന്നു.
2025നും 2050നും ഇടയില്‍ സൂപ്പര്‍ ബഗുകള്‍ മൂലമുള്ള 39 ദശലക്ഷം മരണങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിക്കുമെന്നും പഠനറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ആന്റിമൈക്രോബിയല്‍ പ്രതിരോധവുമായി ബന്ധപ്പെട്ട് 204 രാജ്യങ്ങളില്‍ നിന്ന് 1990നും 2021നും ഇടയില്‍ ശേഖരിച്ച 520 ദശലക്ഷം രേഖകള്‍ അവലോകനം ചെയ്‌താണ് ഗവേഷകര്‍ ഈ നിഗമനത്തിലേക്ക് എത്തിയത്.
എന്നാല്‍ വര്‍ധിച്ച വാക്‌സിനേഷന്‍, ശുചിത്വ നടപടികള്‍, ചികിത്സ പദ്ധതികള്‍ എന്നിവയുടെ ഫലമായി അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ ആന്റി മൈക്രോബിയല്‍ പ്രതിരോധവുമായി ബന്ധപ്പെട്ട മരണങ്ങള്‍ 50 ശതമാനത്തിലധികം കുറഞ്ഞെന്നും പഠനത്തില്‍ കണ്ടെത്തി. അതേ സമയം 70 വയസ്സിന് മുകളിലുള്ളവരുടെ ഇത് മൂലമുളള മരണത്തില്‍ 80 ശതമാനത്തിന്റെ വര്‍ദ്ധനയാണ് നിരീക്ഷിച്ചത്.
മെഥിസിലിനോട് പ്രതിരോധം വളര്‍ത്തിയ സ്‌റ്റഫിലോകോക്കസ് ഓറിയസ് ബാക്ടീരിയ മൂലമാണ് 1990-2021 കാലയളവില്‍ ഏറ്റവുമധികം മരണമുണ്ടായത്. ഈ അണുബാധ മൂലമുള്ള മരണം 57,200ല്‍ നിന്ന് 1,30,000 ആയി വര്‍ദ്ധിച്ചു. ആരോഗ്യപരിചരണത്തിലും ആന്റിബയോട്ടിക് ലഭ്യതയിലും മാറ്റമൊന്നും ഉണ്ടായില്ലെങ്കില്‍ ആഗോള തലത്തിലുള്ള ആന്റി മൈക്രോബിയല്‍ പ്രതിരോധ മരണങ്ങള്‍ 2050 ഓടെ 19 ലക്ഷമായി മാറാമെന്നും ഗവേഷകര്‍ പറയുന്നു. ദക്ഷിണ ഏഷ്യ, ലാറ്റിന്‍ അമേരിക്ക, സബ് സഹാറന്‍ ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളെയാകും ഇത് ഏറ്റവുമധികം ബാധിക്കുകയെന്നും കണക്കാക്കപ്പെടുന്നു.