ADVERTISEMENT

ദീര്‍ഘ നേരം ഒരേയിടത്തില്‍ ഇരുന്ന്‌ ജോലി ചെയ്യുന്നത്‌ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്‌. പുറം വേദന, കഴുത്ത്‌ വേദന, പിരിമുറുക്കം, എല്ലുകളുടെ കുറഞ്ഞ സാന്ദ്രത, നടുവേദന എന്നിങ്ങനെ പല പ്രശ്‌നങ്ങള്‍ ദീര്‍ഘനേരം ഇരിക്കുന്നവരെ ബാധിക്കാറുണ്ട്‌. ഈ പട്ടികയിലേക്ക്‌ കൂട്ടിച്ചേര്‍ക്കാവുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ്‌ ഡെഡ്‌ ബട്ട്‌ സിന്‍ഡ്രോം. 

പേര്‌ കേട്ടാല്‍ അല്‍പം തമാശയൊക്കെ തോന്നിയേക്കാമെങ്കിലും സംഗതി വളരെ ഗുരുതരമാണ്‌. ഗ്ലൂട്ടിയല്‍ അംനേഷ്യ എന്നാണ്‌ ഈ രോഗത്തിന്റെ ശരിയായ പേര്‌. ദീര്‍ഘനേരമുള്ള ഇരിപ്പ്‌ പൃഷ്‌ഠ ഭാഗത്തുള്ള മൂന്ന്‌ ഗ്ലൂട്ടിയല്‍ പേശികളെ ദുര്‍ബലമാക്കുന്നതാണ്‌ ഈ രോഗത്തിലേക്ക്‌ നയിക്കുന്നത്‌. ചലന സമയത്ത്‌ ശരിയായി ചുരുങ്ങാനായി ഇത്‌ മൂലം ഗ്ലൂട്ടിയല്‍ പേശികള്‍ മറന്ന്‌ പോകും. ഇത്‌ നമ്മുടെ നടപ്പിനെയും ഇരിപ്പിനെയും ചലനത്തെയുമെല്ലാം ബാധിക്കുന്നു. 

പലതരത്തിലുള്ള ശാരീരിക ചലനങ്ങളില്‍ മുഖ്യപങ്ക്‌ വഹിക്കുന്ന പേശികളാണ്‌ ഗ്ലൂട്ടുകള്‍. നട്ടെല്ലിനുള്ള ഒരു അടിത്തറ പോലെ നിലകൊള്ളുന്ന ഈ പേശികള്‍ പൃഷ്‌ഠ ഭാഗത്തെ ദൃഢമാക്കുകയും കാലുകള്‍ പൊക്കി വയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. നാം ഇരിക്കുമ്പോള്‍ വിശ്രമിക്കുന്ന ഈ പേശികളെ പക്ഷേ അതിദീര്‍ഘ ഇരിപ്പ്‌ ദോഷകരമായി ബാധിക്കുന്നു. 

Representatve Image. Photo Credit : Ljubaphoto / iStockPhoto.com
Representatve Image. Photo Credit : Ljubaphoto / iStockPhoto.com

ഗ്ലൂട്ട്‌ പേശികള്‍ ദുര്‍ബലമാകുമ്പോള്‍ അരക്കെട്ടിന്റെ ചലനത്തെയും ശരീര സന്തുലനത്തെയും ഏകോപനത്തെയുമെല്ലാം ഇത്‌ ദോഷകരമായി ബാധിക്കുകയും പിന്‍ ഭാഗത്തിനും കാലിലെ പേശികള്‍ക്കും അമിത സമ്മര്‍ദ്ധം നല്‍കുകയും ചെയ്യും. സാധാരണ നടത്തത്തെയും ഓട്ടത്തെയുമെല്ലാം ഇത്‌ ബാധിക്കുമെന്ന്‌ മുംബൈ കെജെ സോമയ്യ മെഡിക്കല്‍ കോളജ്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്ററിലെ ഓര്‍ത്തോപീഡിക്‌സ്‌ പ്രഫസര്‍ ഡോ. സുധീര്‍ കുമാര്‍ ശ്രീവാസ്‌തവ ഇന്ത്യ ടുഡേയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

കാലുകളിലും അരക്കെട്ടിലും പുറം ഭാഗത്തും വേദന, അസ്വസ്ഥത, പരിമിതമായ ചലനങ്ങള്‍, എഴുന്നേല്‍ക്കാനും നേരെ നില്‍ക്കാനും, പടി കയറാനും , ഭാരം ഉയര്‍ത്താനും, ഓടാനും, ഒറ്റക്കാലില്‍ നില്‍ക്കാനുമെല്ലാമുള്ള  ബുദ്ധിമുട്ട്‌ എന്നിവയെല്ലാമാണ്‌ ഡെഡ്‌ ബട്ട്‌ സിന്‍ഡ്രോം ലക്ഷണങ്ങള്‍. കാലിലെ സന്ധിവാതത്തിലേക്കും ഇത്‌ നയിക്കാം. 

ദീര്‍ഘനേരമുള്ള ഇരിപ്പിന്‌ ഇടവേള നല്‍കി സ്‌ട്രെച്ച്‌ ചെയ്യുന്നതും ഇടയ്‌ക്ക്‌ എഴുന്നേറ്റ്‌ നടക്കുന്നതും നിത്യവും വ്യായാമം ചെയ്യുന്നതും ഇരിക്കുമ്പോള്‍ ശരിയായ പോസ്‌ചര്‍ പാലിക്കുന്നതും നീന്തല്‍, നൃത്തം, കായികവിനോദങ്ങള്‍ തുടങ്ങിയവയില്‍ ഏര്‍പ്പെടുന്നതും ഡെഡ്‌ ബട്ട്‌ സിന്‍ഡ്രോം ലക്ഷണങ്ങളെ ലഘൂകരിക്കും. ഗ്ലൂട്ട്‌, പെല്‍വിക്‌ പേശികളെ ബലപ്പെടുത്താനുള്ള വ്യായാമങ്ങളും സഹായകമാണ്‌. 

English Summary:

Dead Butt Syndrome": Is Your Desk Job Slowly Killing Your Glutes?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com