ചിക്കനും മുട്ടയും കഴിച്ചില്ലെങ്കിലും പ്രോട്ടീൻ കിട്ടുമെന്നേ, വെജിറ്റേറിയൻ ഭക്ഷണം സൂപ്പറാ!
Mail This Article
ഇന്ന് സസ്യാഹാരത്തിന് പ്രാധാന്യം ഏറിവരുകയാണ്. ആരോഗ്യഗുണങ്ങൾ ഏറെയുള്ള സസ്യഭക്ഷണരീതി പിന്തുടരുന്നത് ഹൃദ്രോഗം, പ്രമേഹം, ചിലയിനം കാൻസറുകൾ തുടങ്ങി നിരവധി രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കും. വെജിറ്റേറിയൻ ആയി ഇരിക്കുന്നത് പലപ്പോഴും ബുദ്ധമുട്ടാണ്. ശരീരത്തിന് ആവശ്യമായ പോഷണങ്ങൾ സസ്യങ്ങളിൽ നിന്നു മാത്രം ലഭിക്കുമോ എന്നതും പലരുടെയും സംശയമാണ്. ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി പലരും സസ്യാഹാരത്തിലേക്ക് മാറാറുണ്ട്. എന്നാൽ എന്തെങ്കിലും പച്ചക്കറികള്‍ കഴിച്ചു എന്നത്കൊണ്ട് കാര്യമുണ്ടോ?
കാലറി കൂടിയതും, പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഇവ ധാരാളമുള്ളതും പ്രോസസ് ചെയ്തതുമായ സസ്യാഹാരം ഒഴിവാക്കാൻ ശ്രദ്ധിക്കാം. പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ തുടങ്ങി പോഷകസമ്പുഷ്ടമമായ ഭക്ഷണമാണ് ശീലിക്കേണ്ടത്.
എല്ലാ പ്രായത്തിലുമുള്ള ആളുകളുടേയും, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരുടെയും പോഷകാവശ്യങ്ങൾ നിറവേറ്റാന്‍ സസ്യഭക്ഷണത്തിനാവും. ഭക്ഷണത്തിലെ വ്യത്യസ്തത അനുസരിച്ച് സസ്യാഹാരം തന്നെ പലതരത്തിലുണ്ട്.
∙ലാക്റ്റോ വെജിറ്റേറിയൻ – ഈ ഭക്ഷണരീതിയിൽ ഇറച്ചി, മത്സ്യം, പൗൾട്രി, മുട്ട എന്നിവ ഒഴിവാക്കും. പാലുൽപന്നങ്ങളായ പാൽ, ചീസ്, യോഗർട്ട്, വെണ്ണ ഇവ ഇതിൽ ഉൾപ്പെടും.
∙ഓവോ വെജിറ്റേറിയൻ – ഇറച്ചി, പൗൾട്രി, കടൽവിഭവങ്ങൾ, പാലുൽപന്നങ്ങൾ ഇവ ഒഴിവാക്കും എന്നാൽ മുട്ട ഈ ഭക്ഷണരീതിയിൽ ഉൾപ്പെടും.
∙ലാക്റ്റോ–ഓവോ വെജിറ്റേറിയൻ– ഇറച്ചി, മത്സ്യം, പൗൾട്രി ഇവ ഒഴിവാക്കി പാലുൽപന്നങ്ങളും മുട്ടയും ഉൾപ്പെടുന്ന ഭക്ഷണരീതിയാണിത്.
∙പെസ്കറ്റേറിയൻ – ഈ ഭക്ഷണരീതിയിൽ ഇറച്ചി, പൗൾട്രി, പാൽഉൽപന്നങ്ങൾ, മുട്ട എന്നിവ ഒഴിവാക്കുന്നു. എന്നാൽ മത്സ്യം ഇതിൽ ഉൾപ്പെടുന്നു.
∙വീഗൻ – ഈ ഭക്ഷണരീതിയിൽ ഇറച്ചി, പൗൾട്രി, മത്സ്യം, മുട്ട, പാലുൽപന്നങ്ങൾ ഇവ ഒഴിവാക്കിയിരിക്കുന്നു. ഇവ അടങ്ങിയ ഭക്ഷ്യവസ്തുക്കളും വീഗൻ ഭക്ഷണരീതി പിന്തുടരുന്നവര്‍ കഴിക്കില്ല.
ചിലരാകട്ടെ സസ്യാധിഷ്ഠിത ഭക്ഷണം കൂടുതലായി കഴിക്കും എങ്കിലും ഇടയ്ക്കെങ്കിലും ചെറിയ അളവിൽ എങ്കിലും മത്സ്യം, മുട്ട, ഇറച്ചി, പൗൾട്രി, പാലുൽപന്നങ്ങൾ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഫ്ലെക്സിറ്റേറിയൻ ഭക്ഷണരീതിയാണിത്.
സസ്യഭക്ഷണത്തിന്റെ ഗുണങ്ങൾ ശരീരത്തിനു ലഭിക്കണമെങ്കിൽ പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, നട്സ്, പയർവർഗങ്ങൾ, പരിപ്പ് വര്‍ഗങ്ങൾ ഇവയെല്ലാം ശീലമാക്കണം. അതേ സമയം അനാരോഗ്യഭക്ഷണങ്ങൾ ആയ മധുരപാനീയങ്ങൾ പഴച്ചാറുകൾ, റിഫൈൻ ചെയ്ത ധാന്യങ്ങൾ ഇവയുടെ അളവ് കുറയ്ക്കുകയും വേണം. ഭക്ഷണത്തിലൂടെ കാത്സ്യം, വൈറ്റമിൻ ഡി, വൈറ്റമിൻ ബി12, പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ്, അയൺ, സിങ്ക് തുടങ്ങിയ പോഷകങ്ങൾ അയഡിൻ ഇവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ശക്തിയുള്ള എല്ലിനും പല്ലിനും കാത്സ്യം ആവശ്യമാണ്. പാലിലും പാലുൽപന്നങ്ങളിലും കാത്സ്യം ധാരാളമുണ്ട്. ഇരുണ്ട പച്ചനിറത്തിലുള്ള പച്ചക്കറികളിൽ (ഉദാ: ബ്രോക്കോളി) കാത്സ്യം ധാരാളമുണ്ട്. പാൽ, സോയാ മിൽക്ക് തുടങ്ങിയവയിൽ വിറ്റമിൻ ഡി ഉണ്ട്.
വിളർച്ച തടയാനും അരുണരക്താണുക്കളുടെ ഉൽപാദനത്തിനും വൈറ്റമിൻ ബി12 ആവശ്യമാണ്. മൃഗോൽപന്നങ്ങളിലാണ് പ്രധാനമായും വൈറ്റമിൻ ബി12 ഉള്ളത്. വീഗൻ ഭക്ഷണരീതി പിന്തുടരുന്നവർ വൈറ്റമിൻ സപ്ലിമെന്റുകൾ, വൈറ്റമിൻ അടങ്ങിയ സിറീയലുകൾ, ഫോർട്ടിഫൈഡ് സോയ ഉൽപന്നങ്ങൾ ഇവ ഉപയോഗിക്കാവുന്നതാണ്. സോയ ഉൽപന്നങ്ങൾ, പയർ, പരിപ്പ് വർഗങ്ങൾ, നട്സ്, സീഡ്സ്, മുഴുധാന്യങ്ങൾ ഇവയെല്ലാം പ്രോട്ടീന്റെ ഉറവിടങ്ങളാണ്. ഉണക്കിയ പയർ, ബീൻസ്, ഇലക്കറികൾ, ഉണക്കപ്പഴങ്ങൾ ഇവയെല്ലാം ഇരുമ്പിന്റെ ഉറവിടങ്ങളാണ്.
ശീലമാക്കാം സസ്യഭക്ഷണം
സസ്യഭക്ഷണം ശീലമാക്കാൻ ആദ്യമായി ഭക്ഷണത്തിൽ ഇറച്ചിയുടെ അളവ് കുറച്ചു കൊണ്ടുവരണം. ഇതേസമയം പഴങ്ങളുടെയും പച്ചക്കറികളുടെയും അളവ് കൂട്ടുകയും വേണം. ഇലക്കറികൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം. ഇഷ്ടവിഭവങ്ങളിൽ നിന്ന് സസ്യേതരഭക്ഷണങ്ങളെ ഒഴിവാക്കി രുചിയേറുന്ന സസ്യഭക്ഷണം കഴിച്ചു ശീലിക്കാം. ആവശ്യമുള്ള പോഷകങ്ങൾ അടങ്ങിയ സസ്യഭക്ഷണം ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കാം.