60 വയസ്സ് കഴിഞ്ഞോ? അറിയാം അവകാശങ്ങൾ; നേടാം സംരക്ഷണം
Mail This Article
വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി ഒട്ടേറെ പദ്ധതികളും നിയമസംവിധാനങ്ങളും നിലവിലുണ്ട്. 60 വയസ്സ് കഴിഞ്ഞവരെയാണ് മുതിർന്ന പൗരന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മുതിർന്ന വ്യക്തികൾക്ക് അവരുടെ മക്കളോടു പ്രതിമാസ ജീവനാംശം ആവശ്യപ്പെടാം. ജീവനാംശം കിട്ടുന്നില്ലെങ്കിൽ പ്രത്യേകം നിയമിക്കപ്പെട്ട ട്രൈബ്യൂണൽ മുൻപാകെ പരാതി നൽകാം.
ക്ഷേമപദ്ധതികൾ
∙ വയോ രക്ഷ: സാമ്പത്തിക – ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ബിപിഎൽ വിഭാഗത്തിലുള്ള മുതിർന്ന അംഗങ്ങൾക്കുള്ള പദ്ധതി. അടിയന്തര ഘട്ടങ്ങളിൽ പ്രാഥമിക ശുശ്രൂഷ, അടിയന്തര ശസ്ത്രക്രിയ, വയോജനങ്ങൾക്ക് അത്യാവശ്യ ഉപകരണങ്ങൾ, പ്രകൃതി ദുരന്തങ്ങൾക്ക് ഇരയാകുന്ന മുതിർന്നവർക്ക് വൈദ്യ സഹായവും ഭക്ഷണവും ലഭിക്കും.
∙ വയോമധുരം: ദരിദ്ര വിഭാഗത്തിലുള്ള മുതിർന്ന പൗരന്മാർക്ക് ഗ്ലൂക്കോമീറ്റർ സൗജന്യമായി ലഭിക്കും. ഡോക്ടറുടെ സാക്ഷ്യപത്രം സഹിതം ജില്ലാ സാമൂഹികനീതി ഓഫിസർക്ക് അപേക്ഷ നൽകണം.
∙ വയോമിത്രം: 65 വയസ്സിനു മുകളിലുള്ളവർക്കു നഗരപ്രദേശങ്ങളിൽ മൊബൈൽ ക്ലിനിക്കും കൗൺസലിങ്ങും വൈദ്യസഹായവും മരുന്നും സൗജന്യമായി ലഭിക്കും. (അപേക്ഷ അങ്കണവാടി, ബ്ലോക്ക് ഉദ്യോഗസ്ഥർ വഴി )
∙ മന്ദഹാസം : ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 60 വയസ്സ് പൂർത്തിയായവർക്ക് സൗജന്യമായി കൃത്രിമ ദന്തനിര വച്ചുകൊടുക്കുന്ന പദ്ധതി.
∙ സായംപ്രഭ ഹോം: തദ്ദേശ സ്ഥാപനങ്ങൾ നടത്തിവരുന്ന പകൽ വീടുപോലുള്ള പരിപാലന കേന്ദ്രങ്ങളിലൂടെ മുതിർന്ന പൗരന്മാർക്കു വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന പദ്ധതി.
ഒപ്പമുണ്ട് പൊലീസ്
∙ വയോജനങ്ങൾ ഒറ്റയ്ക്ക് താമസിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി അവിടെ പട്ടാ ബുക്ക് സ്ഥാപിച്ച് പരിശോധന നടത്താനുള്ള സംവിധാനം പൊലീസിനുണ്ട്.
∙ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വയോജനങ്ങളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റാൻ പൊലീസും സന്നദ്ധ സംഘടനകളും ചേർന്നു പ്രവർത്തിക്കുന്നു.
∙ പൊലീസ് സ്റ്റേഷനുകളിൽ വയോജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനു സീനിയർ സിറ്റിസൻ സെൽ പ്രവർത്തിക്കുന്നു.
∙ ഭാരതീയ ന്യായ് സംഹിത പ്രകാരം, 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ പ്രതികളാകുന്ന കേസുകളിൽ 3 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണു ചുമത്തുന്നതെങ്കിൽ അറസ്റ്റിനു മുൻകൂർ കോടതി അനുമതി തേടണം.
കൈത്താങ്ങായി സംഘടന
വയോജനങ്ങളുടെ സ്വപ്നങ്ങൾക്ക് കൈത്താങ്ങായി 2003 മുതൽ പ്രവർത്തിക്കുന്ന സംഘടനയാണ് ഡ്രീംസ് സെറ്റേഴ്സ്. സാമൂഹിക പ്രവർത്തകൻ എ.പി. തോമസും ഭാര്യയും റിട്ട. അധ്യാപികയുമായ മിനി തോമസും ഡയറക്ടർമാരായ സംഘടന മുതിർന്ന പൗരന്മാർക്കായി സജീവമായി രംഗത്തുണ്ട്. ശാസ്ത്രി റോഡിലാണ് ഓഫിസ്. എല്ലാ മാസവും വയോജനങ്ങളുടെ കൂട്ടായ്മ നടത്തുന്നുണ്ട്. ഫോൺ: 9447114328.