ADVERTISEMENT

20 വര്‍ഷത്തിന്‌ ശേഷം ഹെവി വെയ്‌റ്റ്‌ ബോക്‌സിങ്ങിന്‌ ഇറങ്ങിയ ഇതിഹാസ ബോക്‌സിങ്‌ താരം മൈക്‌ ടൈസണ്‍ റിങ്ങില്‍ പരാജയപ്പെട്ടെങ്കിലും ഒട്ടേറെ ആരാധകരുടെ മനസ്സില്‍ വിജയം നേടിയാണ്‌ മത്സരം അവസാനിപ്പിച്ചത്‌. 58കാരനായ ടൈസണ്‍ പ്രായത്തിന്റെ വെല്ലുവിളികളെ അതിജീവിച്ചാണ്‌ തന്നേക്കാള്‍ 31 വയസ്സിന്‌ ചെറുപ്പമായ ജേക്ക്‌ പോളുമായി പോരാട്ടത്തിന്‌ ഇറങ്ങിയത്‌. 

എന്നാല്‍ ഈ മത്സരത്തിനുള്ള തയ്യാറെടുപ്പിനിടെ സംഭവിച്ച ഒരു ആരോഗ്യപ്രശ്‌നം തന്നെ മരണത്തിന്റെ പടിവാതില്‍ക്കല്‍ വരെ എത്തിച്ചിരുന്നതായി മൈക്ക്‌ ടൈസണ്‍ വെളിപ്പെടുത്തി. മെയ്‌ മാസത്തില്‍ ഫിറ്റ്‌നസിന്റെ കൊടുമുടിയിലായിരുന്ന തന്നെ വീഴ്‌ത്തി കളഞ്ഞത്‌ ഒരു അള്‍സര്‍ രോഗ മൂര്‍ച്ഛയായിരുന്നെന്ന്‌ മൈക്‌ ടൈസണ്‍ പറയുന്നു. മെയ്‌ 26നാണ്‌ ടൈസണ്‌ അള്‍സര്‍ സങ്കീര്‍ണ്ണമായത്‌. കടുത്ത വേദന അനുഭവിച്ച ആ നിമിഷങ്ങളില്‍ താന്‍ മരിക്കാന്‍ പോകുന്നത്‌ പോലെ തോന്നിയെന്നും ടൈസണ്‍ കൂട്ടിച്ചേര്‍ത്തു. 

പകുതിയോളം രക്തം ശരീരത്തില്‍ നിന്ന്‌ നഷ്ടപ്പെട്ട തനിക്ക്‌ എട്ട്‌ തവണ ബ്ലഡ്‌ ട്രാന്‍സ്‌ഫ്യൂഷന്‍ ചെയ്യേണ്ടി വന്നെന്നും ടൈസണ്‍ ചൂണ്ടിക്കാട്ടി. ഇതിനെ തുടര്‍ന്നാണ്‌ ജൂലൈ 20ന്‌ നടക്കേണ്ടിയിരുന്ന ടൈസണ്‍-ജേക്ക്‌ പോള്‍ മത്സരം മാറ്റിവച്ചത്‌. അള്‍സര്‍ മൂര്‍ച്ഛയ്‌ക്ക്‌ ശേഷം തയ്യാറെടുപ്പുകളെല്ലാം തനിക്ക്‌ ആദ്യം മുതല്‍ തന്നെ ആരംഭിക്കേണ്ടി വന്നെന്നും ടൈസണ്‍ ന്യൂയോര്‍ക്കര്‍ മാഗസിന്‌ നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. 

തനിക്ക്‌ സംഭവിച്ച ആരോഗ്യപ്രശ്‌നങ്ങള്‍ക്കെല്ലാം ശേഷം എഴുന്നേറ്റ്‌ നിവര്‍ന്ന്‌ നില്‍ക്കാനും പാതി പ്രായമുള്ള മിടുക്കനായ ഒരു ഫൈറ്ററുടെ ഒപ്പം എട്ട്‌ റൗണ്ട്‌ ബോക്‌സിങ്ങ്‌ റിങ്ങില്‍ പിടിച്ച്‌ നില്‍ക്കാനായതും തന്നെ വലിയ കാര്യമാണെന്നും റിങ്ങിലേക്ക്‌ അവസാനമായി ഒന്ന്‌ ഇറങ്ങിയതില്‍ പശ്ചാത്താപമൊന്നും ഇല്ലെന്നും, ആ മത്സര രാവിന്‌ താന്‍ കടപ്പെട്ടിരിക്കുന്നതായും മൈക്‌ ടൈസണ്‍ എക്‌സില്‍ കുറിച്ചു. 

നെറ്റ്‌ഫ്‌ളിക്‌സിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്‌ത മൈക്‌ ടൈസണ്‍-ജേക്ക്‌ പോള്‍ മത്സരം 12 കോടിയിലധികം പേര്‍ കണ്ടതായാണ്‌ കണക്ക്‌.

English Summary:

Mike Tyson's Near-Death Experience: Boxing Legend Details Harrowing Health Battle Before Comeback Fight.Mike Tyson Defies Death: How the Boxing Icon Overcame.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com