പ്രായം കുറയാന്‍ ചെയ്ത ചികിത്സ പണിയായി; മുഖം വീര്‍ത്ത് കെട്ടി ടെക് സംരംഭകന് ബ്രയാന്‍ ജോണ്‍സണ്‍
Mail This Article
തന്റെ ശരീരത്തിന്റെ പ്രായം കുറയ്‌ക്കാനായി ദശലക്ഷങ്ങള്‍ ചെലവഴിച്ചുള്ള ബയോ ഹാക്ക് ചികിത്സയിലാണ് ടെക് സംരംഭകനും ശതകോടീശ്വരനുമായ ബ്രയാന്‍ ജോണ്‍സണ്‍. എന്നാല്‍ ഇതിന്റെ ഭാഗമായി നടത്തിയ കൊഴുപ്പ് കുത്തിവയ്‌ക്കല്‍ ചികിത്സ പാളി പോയതിനെ തുടര്‍ന്ന് ബ്രയാന്റെ മുഖം ചുവന്ന് വീര്‍ത്തു. മറ്റൊരാളുടെ ശരീരത്തില്‍ നിന്നുള്ള കൊഴുപ്പ് കുത്തിവച്ചതിനെ തുടര്‍ന്നുള്ള അലര്‍ജി പ്രതികരണമാണ് മുഖം വീര്‍ക്കാന്‍ ഇടയാക്കിയത്.
ബ്രയാന്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഈ പരാജയപ്പെട്ട പരീക്ഷണത്തിന്റെ 'ഭയാനക ദൃശ്യങ്ങള്‍' പങ്കുവച്ചത്. മുഖം വീര്‍ത്ത് കാഴ്‌ച പോലും മറയ്‌ക്കപ്പെട്ട അവസ്ഥയുണ്ടായതായി ബ്രയാന്‍ പറയുന്നു. 47കാരനായ ബ്രയാന്‍ 150 വര്‍ഷം വരെ ജീവിച്ചിരിക്കാനായി പ്രോജക്ട് ബ്ലൂപ്രിന്റ് എന്ന പേരിലാണ് ലക്ഷണങ്ങള്‍ ചെലവിട്ടുള്ള ചികിത്സ നടത്തുന്നത്. 1950 കലോറി മാത്രം അടങ്ങിയ കര്‍ശന ഭക്ഷണക്രമം മൂലം നഷ്ടപ്പെട്ട ഭാരം തിരികെ പിടിച്ച് മുഖത്ത് അല്‍പം തടിപ്പ് തോന്നിപ്പിക്കാനാണ് പ്രോജക്ട് ബേബി ഫേസ് എന്ന പേരില്‍ കൊഴുപ്പ് ശരീരത്തിലേക്ക് കുത്തിവച്ചുള്ള ചികിത്സ ആരംഭിച്ചത്.
30 ഡോക്ടര്‍മാരടങ്ങിയ സംഘത്തിനെയാണ് ബ്രയാന്‍ 20 ലക്ഷം ഡോളര്‍ ചെലവില്‍ പ്രോജക്ട് ബ്ലൂപ്രിന്റിനായി നിയോഗിച്ചിരിക്കുന്നത്. തന്റെ തലച്ചോര്‍, ഹൃദയം, ശ്വാസകോശം, കരള്‍, വൃക്കകള്‍, ടെന്‍ഡനുകള്‍, പല്ലുകള്‍, ചര്‍മ്മം, മുടി, മൂത്രസഞ്ചി, ലിംഗം, മലദ്വാരം ഉള്‍പ്പെടെയുള്ള സകല അവയവങ്ങളുടെയും പ്രായം 18 വയസ്സാക്കി മാറ്റാനാണ് ബ്രയാന്റെ ശ്രമം.
ഒരാഴ്‌ചയ്‌ക്ക് ശേഷം മുഖം പഴയതു പോലെയായെന്നും പരീക്ഷണത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പ്രോജ്‌കട് ബ്ലൂപ്രിന്റ് പദ്ധതികളില്‍ ചില മാറ്റങ്ങള്‍ വരുത്തുകയാണെന്നും ബ്രയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കന്‍ സംരംഭകനും വെന്‍ച്വര്‍ ക്യാപിറ്റലിസ്റ്റും എഴുത്തുകാരനുമൊക്കെയായ ബ്രയാന്റെ പ്രായം പിടിച്ച് നിര്‍ത്താനുള്ള പരീക്ഷണ മുന്നേറ്റങ്ങള്‍ക്ക് ലോകമെങ്ങും നിരവധി ആരാധകരുണ്ട്