ADVERTISEMENT

കടല അഥവാ കപ്പലണ്ടി ആരോഗ്യകരമായ ഭക്ഷണമാണോ എന്ന കാര്യത്തില്‍ രണ്ടഭിപ്രായമാണുള്ളത്‌. ഇവയിലെ ഉയര്‍ന്ന കൊഴുപ്പിന്റെ അംശം മൂലം കടല അനാരോഗ്യകരമായ പ്രോട്ടീന്‍ സ്രോതസ്സാണെന്ന്‌ കരുതുന്നവര്‍ നിരവധിയാണ്‌. എന്നാല്‍ ചില പുതിയ പഠനങ്ങള്‍ കടലയെ പ്രതിക്കൂട്ടില്‍ നിന്ന്‌ താഴെയിറക്കുന്ന കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്‌.

കടല നിത്യവുമുള്ള ഭക്ഷണക്രമത്തിന്റെ ഭാഗമാക്കിയാലുള്ള ഗുണങ്ങള്‍ ഇനി പറയുന്നവയാണ്‌.
1. ഹൃദയാരോഗ്യത്തിന്‌ നല്ലത്‌

മോണോസാച്ചുറേറ്റഡ്‌, പോളിസാച്ചുറേറ്റഡ്‌ കൊഴുപ്പ്‌ എന്നിവയാല്‍ സമ്പന്നമായതിനാല്‍ കടല എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ തോത്‌ കുറയ്‌ക്കുമെന്ന്‌ ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ മിതമായ തോതില്‍ ഇവ കഴിക്കാന്‍ ശ്രദ്ധിക്കണം.
ഇവയിലെ അര്‍ജിനൈന്‍ എന്ന ഘടകം നൈട്രിക്‌ ഓക്‌സൈഡിന്റെ ഉത്‌പാദനത്തെ ത്വരിതപ്പെടുത്തി രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. കടലയിലെ മഗ്നീഷ്യം, വൈറ്റമിന്‍ ഇ, പൊട്ടാസിയം എന്നീ പോഷണങ്ങളും ഹൃദയാരോഗ്യത്തിന്‌ നല്ലതാണ്‌.

Photo Credit: Mohammed Sohail Khan/ Istockphoto
Photo Credit: Mohammed Sohail Khan/ Istockphoto

2. അര്‍ബുദ സാധ്യത കുറയ്‌ക്കും
കടലയില്‍ അടങ്ങിയിരിക്കുന്ന റെസ്‌ വെറട്രോള്‍, പി -കൗമാറിക്‌ ആസിഡ്‌ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ ഫ്രീ റാഡിക്കലുകള്‍ ഉണ്ടാക്കുന്ന ക്ഷതത്തില്‍ നിന്ന്‌ കോശങ്ങളെ സംരക്ഷിക്കുന്നു. ഇത്‌ അര്‍ബുദം, അള്‍സ്‌ഹൈമേഴ്‌സ്‌ പോലുള്ള രോഗങ്ങളുടെ സാധ്യതയും കുറയ്‌ക്കും.

3. പ്രോട്ടീന്‍ സ്രോതസ്സ്‌
ഉയര്‍ന്ന നിലവാരമുള്ള സസ്യാധിഷ്‌ഠിത പ്രോട്ടീന്‍ സ്രോതസ്സാണ്‌ കടല. ഇവയില്‍ മനുഷ്യാരോഗ്യത്തിനും പേശീ വളര്‍ച്ചയ്‌ക്കും ആവശ്യമായ ഒന്‍പത്‌ അവശ്യ അമിനോ ആസിഡുകള്‍ അടങ്ങിയിരിക്കുന്നു.

4. ഭാരം കുറയ്‌ക്കും
കടലയിലെ ഉയര്‍ന്ന പ്രോട്ടീനും ഫൈബറും വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കുന്നു. ഇത്‌ വിശപ്പ്‌ നിയന്ത്രിക്കാനും അമിതമായി കഴിക്കുന്നത്‌ ഒഴിവാക്കാനും സഹായിക്കും. കടലയിലെ ഡൈറ്ററി ഫൈബര്‍ ദഹനാരോഗ്യത്തെയും മെച്ചപ്പെടുത്തും.

5. പ്രതിരോധ ശക്തിക്കും നല്ലത്‌
നിറയെ പോഷണങ്ങള്‍ അടങ്ങിയിരിക്കുന്ന കടല ഊര്‍ജ്ജവും പ്രദാനം ചെയ്യുന്നു. ഇവയിലെ അവശ്യ വൈറ്റമിനുകളും ധാതുക്കളും പ്രതിരോധശേഷിയെയും ശക്തിപ്പെടുത്തുന്നു.

6. നിരവധി രൂപങ്ങളില്‍ ലഭ്യം
കടലയായിട്ടും, പീനട്ട്‌ ബട്ടര്‍ ആയിട്ടും, പീനട്ട്‌ പ്രോട്ടീന്‍ പൗഡര്‍ ആയിട്ടും വിവിധ രൂപങ്ങളില്‍ കടല അധിഷ്‌ഠിത ഉത്‌പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്‌. ഓരോരുത്തരുടെയും ആവശ്യവും ഇഷ്ടവും അനുസരിച്ച്‌ ഇവ തിരഞ്ഞെടുക്കാവുന്നതാണ്‌.
 

English Summary:

Health Benefits of Peanuts: Heart Health, Weight Loss, and More

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com