മഴക്കാലത്ത് പ്രതിരോധശക്തി മെച്ചപ്പെടുത്താൻ കുടിക്കാം ഈ പാനീയങ്ങൾ
Mail This Article
മഴക്കാലം രോഗങ്ങളുടെയും കാലമാണ്. നിരവധി ഘടകങ്ങള്‍ മൂലം രോഗപ്രതിരോധശേഷി കുറയുന്നതു മൂലമാണിത്. അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കുന്നത് ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയവയുടെ വളർച്ചയ്ക്ക് അനുകൂലമാകുകയും ഇത് അണുബാധകൾക്കുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. പെട്ടെന്നുളള കാലാവസ്ഥാമാറ്റം ശരീരത്തെ സമ്മർദത്തിലാക്കുന്നതു മൂലവും പ്രതിരോധ സംവിധാനം ദുർബലപ്പെടാം. വെള്ളം മോശമാകുന്നതു മൂലം ഡെങ്കി, മലേറിയ തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യതയും കൂടുന്നു.
മഴക്കാലത്ത് രോഗപ്രതിരോധശക്തി വർധിപ്പിക്കാൻ ആയുർേവദത്തിലെ ചില ആരോഗ്യപാനീയങ്ങൾ സഹായിക്കും. ഇവയിലെ വിറ്റമിനുകളും നാച്വറൽ ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി ഏജന്റുകളും ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.
രോഗപ്രതിരോധശക്തി വർധിപ്പിക്കുന്ന ആരോഗ്യപാനീയങ്ങളെ പരിചയപ്പെടാം.
മഞ്ഞളിട്ട പാൽ
മഞ്ഞളിൽ കുര്‍കുമിൻ എന്ന സംയുക്തമുണ്ട്. ആന്റി ഇൻഫ്ലമേറ്ററി ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള ഇത് പ്രതിരോധ ശക്തി വർധിപ്പിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും ഇൻഫ്ലമേഷൻ കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും മഞ്ഞൾ ചേർന്ന പാൽ (Turmeric Milk) കുടിക്കുന്നതു മൂലം സാധിക്കുന്നു.
തുളസിച്ചായ
ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ള തുളസിക്ക് ആന്റി മൈക്രോബിയൽ ഗുണങ്ങളും ഉണ്ട്. ഇത് അണുബാധകളെ പ്രതിരോധിക്കുകയും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. സ്ട്രെസ്സ് കുറയ്ക്കാനും ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ദഹനത്തിനും ഇത് സഹായിക്കും.
ഇഞ്ചിച്ചായ
ഇഞ്ചിയിൽ ജിഞ്ചെറോൾ (gingerol) എന്ന ബയോ ആക്ടീവ് സംയുക്തം ഉണ്ട്. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ആന്റി ഓക്സിഡന്റ് ഗുണങ്ങളുമുള്ള ഇഞ്ചി പ്രതിരോധപ്രതികരണം വർധിപ്പിക്കുന്നു. ഓക്കാനം വരാതിരിക്കാനും ദഹനം മെച്ചപ്പെടുത്താനും പേശിവേദന കുറയ്ക്കാനും ഇഞ്ചിച്ചായ ഗുണകരമാണ്.
നെല്ലിക്കാ ജ്യൂസ്
വിറ്റമിൻ സി ധാരാളം അടങ്ങിയ നെല്ലിക്ക രോഗപ്രതിരോധ ശക്തി വർധിപ്പിക്കുകയും അണുബാധകളെ തടയുകയും ചെയ്യും. ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ചർമത്തെ ആരോഗ്യമുള്ളതാക്കാനും ദഹനം മെച്ചപ്പെടുത്താനും നെല്ലിക്കാ ജ്യൂസ് സഹായിക്കും.
അമുക്കുരം ചേർത്ത പാൽ
അമുക്കുരം അഥവാ അശ്വഗന്ധ, സമ്മർദം (stress) അകറ്റാൻ സഹായിക്കും. ഇത് പ്രതിരോധശക്തി വർധിപ്പിക്കും. ഉത്കണ്ഠ അകറ്റാനും ശരീരത്തിന് ബലം നൽകാനും ഇത് സഹായിക്കും.
ജീരകവെള്ളം
ജീരകത്തിൽ ആന്റി ഓക്സിഡന്റുകൾ ധാരാളമുണ്ട്. ജീരകത്തിന് ആന്റി മൈക്രോബിയൽ ഗുണങ്ങളും ഉണ്ട്. ഇത് പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. ജീരകവെള്ളം ദഹനം മെച്ചപ്പെടുത്തുന്നു വയറ് കമ്പിക്കൽ തടയുന്നു. കൂടാതെ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
നീം ടീ
ആര്യവേപ്പിന് ആന്റിബാക്ടീരിയൽ ആന്റിവൈറൽ, ആന്റിഫംഗൽ ഗുണങ്ങളുണ്ട്. ഇത് അണുബാധകളിൽ നിന്ന് സംരക്ഷണമേകുന്നു. പ്രതിരോധശക്തി വർധിപ്പിക്കുന്നു. രക്തം ശുദ്ധിയാക്കാനും ചർമത്തിന്റെ ആരോഗ്യത്തിനും ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ആര്യവേപ്പിലയിട്ട ചായ സഹായിക്കും.
നാരങ്ങയും തേനും ചേർത്ത വെള്ളം
നാരങ്ങയിൽ വിറ്റമിൻ സി ധാരാളമുണ്ട്. തേനിന് ആന്റിമൈക്രോബിയൽ ഗുണങ്ങളും ഉണ്ട്. ഇതു രണ്ടും ചേരുമ്പോൾ രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്തുന്നു. വെള്ളത്തിൽ നാരങ്ങാപിഴിഞ്ഞ് തേനും ചേർത്ത് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നു. ശരീരത്തിൽ ജലാംശം നിലനിർത്താനും ഇത് സഹായിക്കുന്നു. കൂടാതെ ഊർജനില മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
കറുവാപ്പട്ടച്ചായ
കറുവാപ്പട്ടയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ്, ആന്റി മൈക്രോബിയൽ ഗുണങ്ങളുണ്ട് ഇത് പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
പെരുംജീരകച്ചായ
ആന്റിഓക്സിഡന്റ് ഗുണങ്ങളും ആന്റിമൈക്രോബിയൽ സംയുക്തങ്ങളും ഉള്ള പെരുംജീരകം രോഗപ്രതിരോധശക്തി വർധിപ്പിക്കും. ദഹനം മെച്ചപ്പെടുത്താനും ബ്ലോട്ടിങ് കുറയ്ക്കാനും ആർത്തവസംബന്ധമായ അസ്വസ്ഥതകൾക്ക് ആശ്വാസം നൽകാനും പെരുംജീരകം സഹായിക്കും.
ഈ ആയുർവേദ പാനീയങ്ങൾ മഴക്കാലത്ത് പതിവാക്കിയാൽ രോഗപ്രതിരോധശക്തി വർധിക്കാനും ആരോഗ്യം മെച്ചപ്പെടാനും സഹായിക്കും.