ശരീരത്തിന്റെ ആരോഗ്യം അളക്കണോ? ഈ ഫിറ്റ്നസ്സ് ടെസ്റ്റുകൾ വീട്ടിലിരുന്ന് ചെയ്യാം
Mail This Article
നമ്മുടെ ഫിറ്റ്നസിനെ കുറിച്ച് സൂചന ലഭിക്കാന്‍ ലാബിലെ പരിശോധനകള്‍ തന്നെ വേണമെന്നില്ല. നാം നിത്യേന ചെയ്യുന്ന ശാരീരിക പ്രവര്‍ത്തനങ്ങളും നമ്മുടെ ആരോഗ്യത്തെ കുറിച്ച് വിളിച്ച് പറയും. ഭാരം പൊക്കാനുള്ള ശേഷി, ചില വ്യായാമങ്ങള്‍ കൃത്യമായി ചെയ്യാനുള്ള കഴിവ് എന്നിവയെല്ലാം നമ്മുടെ കരുത്തിന്റെ പ്രതിഫലനങ്ങളാണ്.
ഇനി പറയുന്ന സ്വയം മൂല്യനിര്‍ണ്ണയ മാര്‍ഗ്ഗങ്ങളിലൂടെ നിങ്ങളുടെ ഫിറ്റ്നസ് തോത് അളക്കാവുന്നതാണ്.
1. ഡെഡ് ഹാങ് ടെസ്റ്റ്
പേര് കേട്ട് ഭയപ്പെടേണ്ട. വീട്ടില്‍ നിങ്ങളുടെ ഉയരത്തിന് മേലെയുള്ള ഏതെങ്കിലും കമ്പിയോ ബാറോ ബലമുള്ള മരക്കൊമ്പോ കണ്ടു പിടിച്ച് അതില്‍ ബലമായി പിടിച്ച് കാല് നിലത്ത് നിന്നുയര്‍ന്ന് നില്ക്കുന്ന രീതിയില്‍ തൂങ്ങികിടക്കുക. എത്ര നേരം ഇത്തരത്തില്‍ തൂങ്ങി കിടക്കാനാകും എന്നത് നിങ്ങളുടെ ശക്തി വെളിപ്പെടുത്തും.
30 സെക്കന്‍ഡിന് താഴെയാണ് തൂങ്ങി കിടക്കാന്‍ സാധിക്കുന്നതെങ്കില്‍ ആരോഗ്യം ഇനിയും മെച്ചപ്പെടാനുണ്ടെന്ന് അര്‍ത്ഥം. 30 മുതല്‍ 60 സെക്കന്‍ഡ് തുങ്ങി കിടക്കാന്‍ സാധിച്ചാല്‍ മിതമായ തോതിലുള്ള കരുത്തുണ്ടെന്ന് കരുതാം. 60 സെക്കന്‍ഡിന് മുകളില്‍ തൂങ്ങി കിടക്കാന്‍ സാധിച്ചാല്‍ മികച്ച ഫിറ്റ്നസ് ഉണ്ടെന്ന് മനസ്സിലാക്കാം. സ്ത്രീകളുടെ കാര്യത്തില്‍ ഇത് യഥാക്രമം 20 സെക്കന്‍ഡും 40 സെക്കന്‍ഡും 60 സെക്കന്‍ഡുമാണ്.
2. കൂപ്പര്‍ ടെസ്റ്റ്
നിങ്ങളുടെ ഹൃദയാരോഗ്യവും സഹനശക്തിയുമെല്ലാം അളക്കാനുള്ള പരിശോധനയാണ് കൂപ്പര്‍ ടെസ്റ്റ്. ഇതിനായി സമതലപ്പാര്ന്ന ഒരു സ്ഥലത്ത് 12 മിനിറ്റ് ഓടുകയോ വേഗത്തില്‍ നടക്കുകയോ ചെയ്യുക. ഒരു സ്മാര്‍ട്ട് വാച്ചോ മറ്റോ ഉപയോഗിച്ച് 12 മിനിറ്റ് കൊണ്ട് താണ്ടിയ ദൂരം അളക്കുക. ഇതിനെ 35.97 കൊണ്ട് ഗുണിച്ച ശേഷം കിട്ടുന്ന സംഖ്യയില്‍ നിന്ന് 11.29 കുറയ്ക്കുക. ഇതില്‍ നിന്ന് നിങ്ങളുടെ വിഒ2 സ്കോര്‍ കിട്ടും. കഠിനമായ വ്യായാമത്തിന്റെ സമയത്ത് ഒരു വ്യക്തിക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഓക്സിജന്റെ പരമാവധി നിരക്കാണ് വിഒ2 സ്കോര്‍. ഇത് എത്ര കൂടുതലോ അത്രയും നല്ലത്.
3. പ്ലാങ്ക് ടെസ്റ്റ്
ശരീരത്തിന്റെ കോര്‍ സ്ട്രെങ്ത്തിന്റെ വിലയിരുത്തലാണ് പ്ലാങ്ക് ടെസ്റ്റിലൂടെ നടത്തുക. ഇതിനായി മുഖം നിലത്തേക്ക് അഭിമുഖമായി വരുന്ന രീതിയില്‍ കിടക്കുക. എന്നിട്ട് കൈമുട്ടുകളിലും കാല്‍വിരലുകളിലും ശരീരഭാരം താങ്ങി കൊണ്ട് ശരീരം ഉയര്‍ത്തുക. കൈമുട്ടുകളും കാലിലെ വിരലുമല്ലാതെ മറ്റൊരു ഭാഗവും ഈ സമയം നിലത്ത് തൊടരുത്. തലമുതല്‍ കാല് വരെ ഒരു നേര്‍രേഖയില്‍ വയ്ക്കാനും ശ്രദ്ധിക്കണം. ഈ പൊസിഷനില്‍ എത്ര നേരം തുടരാന്‍ സാധിക്കുമെന്ന് കണക്കാക്കുക.
ഒരു മിനിട്ടെങ്കിലും പ്ലാങ്ക് പൊസിഷനില്‍ തുടരാന്‍ സാധിക്കുന്നത് സ്ത്രീകളുടെയും പുരുഷന്മാരുടെയും കോര്‍ സ്ട്രെങ്ത് മികച്ചതാണെന്ന സൂചന നല്കുന്നു. കുറഞ്ഞത് 30 സെക്കന്‍ഡെങ്കിലും പ്ലാങ്ക് പൊസിഷനില്‍ തുടരാന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങളുടെ ആരോഗ്യം വളരെ മോശമാണെന്ന് കരുതാം.