ADVERTISEMENT

ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ ഗുണപ്രദമായ പോഷണമാണ് കൊഴുപ്പുള്ള മീനിലും മറ്റും അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡ്. എന്നാല്‍ ഇത് മാത്രമല്ല ദേഷ്യം കുറയ്ക്കാനും ഒമേഗ-3 സപ്ലിമെന്റുകള്‍ നല്ലതാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

അക്രമണോത്സുകത 30 ശതമാനം വരെ കുറയ്ക്കാന്‍ ഒമേഗ-3 സപ്ലിമെന്റുകള്‍ സഹായിക്കുമെന്നാണ് 29 പഠനങ്ങളുടെ മെറ്റാ അനാലിസിസില്‍ നിന്നും ഗവേഷകര്‍ കണ്ടെത്തിയത്. പെട്ടെന്നുള്ള പ്രകോപനത്തിന്റെ ഫലമായുള്ള ദേഷ്യവും നേരത്തെ ആസൂത്രണം ചെയ്തുള്ള അക്രമണഭാവവുമെല്ലാം അമര്‍ത്തിവയ്ക്കാന്‍ ഒമേഗ-3 പോഷണത്തിന്റെ ഉപയോഗം സഹായിക്കുമെന്നാണ് കണ്ടെത്തല്‍.

Photo Credit: photka/ Shutterstock.com
Photo Credit: photka/ Shutterstock.com

തലച്ചോറിലുണ്ടാകുന്ന നിരന്തരമായ നീര്‍ക്കെട്ട് മൂഡ് മാറ്റത്തിനും ദേഷ്യമുള്ള സ്വഭാവത്തിനുമെല്ലാം കാരണമാകാറുണ്ട്. ഈ നീര്‍ക്കെട്ടിനെ തടയാന്‍ ഒമേഗ-3 ഫാറ്റി ആസിഡിന് സാധിക്കും. സെറോടോണിന്‍, ഡോപ്പമിന്‍ പോലുള്ള ന്യൂറോട്രാന്‍സ്മിറ്ററുകളുടെ ഉത്പാദനം ഒമേഗ-3 വര്‍ധിപ്പിക്കുന്നതും മൂഡ് മെച്ചപ്പെടുന്നതിന് ഒരു കാരണമാണ്. ഈ ന്യൂറോട്രാന്‍സ്മിറ്ററുകളുടെ അസന്തുലനം ദേഷ്യത്തിലേക്ക് നയിക്കാറുണ്ട്.

ഹൈപ്പോതലാമിക്-പിച്യുറ്ററി-അഡ്രനാല്‍ അച്ചുതണ്ടാണ് സമ്മര്‍ദ്ദത്തോടുള്ള ശരീരത്തിന്റെ പ്രതികരണത്തെ നിയന്ത്രിക്കുന്നത്. ഈ അച്ചുതണ്ടിനെ ഒമേഗ-3 സന്തുലിതമാക്കി വയ്ക്കുന്നതും ദേഷ്യം കുറയാനുള്ള കാരണമാണെന്ന് ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ഉത്കണ്ഠ, വിഷാദരോഗം, മേധാശക്തി ക്ഷയം എന്നിവ കുറയ്ക്കാനും ഒമേഗ-3 ഫാറ്റി ആസിഡിന്റെ ഉപയോഗം സഹായിക്കും.

സാല്‍മണ്‍, മത്തി പോലുള്ള മീനുകളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. എക്‌സ്ട്രാ വിര്‍ജിന്‍ ഒലീവ് എണ്ണ, ചിയ വിത്തുകള്‍ എന്നിയും ഒമേഗ-3 യുടെ സമ്പന്ന സ്രോതസ്സുകളാണ്.
 

English Summary:

How Omega-3 Fatty Acids Can Help You Control Anger and Improve Mood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com