പ്രണയബന്ധം അവസാനിച്ചിട്ടും എക്‌സുമായി ആശയവിനിമയം തുടരുന്നോ? അപകടം!
Mail This Article
ഒരു പ്രണയം അവസാനിപ്പിക്കുമ്പോള്‍ പലര്‍ക്കും ഉണ്ടാകുന്ന ഒരു ആശയക്കുഴപ്പം ഉണ്ട്. അത്ര നാളും നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവളും പ്രിയപ്പെട്ടവനുമൊക്കെയായി കൊണ്ട് നടന്ന ആ വ്യക്തിയുമായിട്ടുള്ള എല്ലാ ആശയവിനിമയവും പൂര്‍ണ്ണമായും നിര്‍ത്തണോ വേണ്ടയോ എന്നത്.
ചിലപ്പോഴൊക്കെ ക്ലീനായി കാര്യങ്ങള്‍ പറഞ്ഞ് രണ്ടും രണ്ട് വഴിക്ക് പോകുന്നതിന് പകരം ചിലര്‍ വളരെ പതിയെ ആശയവിനിമയത്തിന്റെ തോത് കുറച്ച് കുറച്ച് കൊണ്ട് വന്ന് പ്രണയം അവസാനിപ്പിക്കാമെന്ന് കരുതാറുണ്ട്. പെട്ടെന്ന് ബന്ധം അവസാനിക്കുമ്പോള്‍ മറ്റേയാള്‍ക്ക് ഉണ്ടാകുന്ന ഹൃദയവ്യഥ കുറയ്‌ക്കാമെന്ന് കരുതിയായിരിക്കും ഇങ്ങനെ ചെയ്യുന്നത്. ചിലരാകട്ടെ നമുക്ക് സുഹൃത്തുക്കളായി ഇരിക്കാമെന്ന് പറഞ്ഞ് ആശയവിനിമയം തുടരും.
എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നത് നിങ്ങളെ ആ ബന്ധത്തില്‍ നിന്ന് പുറത്ത് വരാനും മുന്നോട്ട് പോകാനും കഴിയാത്ത വിധത്തിലുള്ള ഒരു ടോക്‌സിക് ലൂപ്പില്‍ വീഴ്‌ത്തിയെന്ന് വരാം. പ്രണയബന്ധം അവസാനിച്ചിട്ടും എക്‌സുമായി ആശയവിനിമയം തുടരുന്നതിലെ പ്രശ്‌നങ്ങള്‍ ഇനി പറയുന്നവയാണ്.
1. അനാരോഗ്യകരമായ ജീവിതാവസ്ഥ
ആശയവിനിമയം തുടര്‍ന്നാല്‍ എന്തെങ്കിലും പ്രശ്‌നം വരുമ്പോഴോ സങ്കടം തോന്നുമ്പോഴോ വീണ്ടും എക്‌സിനെ അഭയം പ്രാപിക്കുന്ന സ്ഥിതി വിശേഷം ഉണ്ടാകും. നിങ്ങളെ പിന്തുണയ്‌ക്കാനും സന്തോഷിപ്പിക്കാനും കരയാനുമൊക്കെ വീണ്ടും എക്‌സിന്റെ സഹായം തേടേണ്ടി വരുന്നത് അനാരോഗ്യകരമായ സ്ഥിതിവിശേഷം ഉളവാക്കും. നിങ്ങള്‍ ഏത് ബന്ധം വേണ്ടെന്ന് വച്ച് അവസാനിപ്പിച്ചോ അതിലേക്ക് തന്നെ മടങ്ങി വന്ന് കാര്യങ്ങള്‍ പഴയപടിയായി വീണ്ടും വിഷലിപ്‌തമായ ബന്ധത്തിലേക്ക് വീണു പോകാന്‍ ഇതിടയാക്കും.
2. വൈകാരികമായ മാനസിക അസ്വാസ്ഥ്യം
ഒരു സമയം നിങ്ങള്‍ എക്‌സിനെ വെറുക്കാനുള്ള കാരണങ്ങള്‍ എല്ലാം കണ്ടെത്തും. തൊട്ടടുത്ത നിമിഷം ആ വ്യക്തിയുടെ കൂടെ ഇരിക്കാനുള്ള കാരണം കണ്ടെത്തും. എക്‌സുമായി ആശയവിനിമയം തുടര്‍ന്നാല്‍ പരസ്‌പരം പോരടിക്കുന്ന ഈ ആലോചനകളുടെയും വൈകാരിക വിക്ഷോഭത്തിന്റെയും നടുവില്‍പ്പെട്ടു പോകും നിങ്ങള്‍. ഒരു പ്രണയബന്ധം അവസാനിപ്പിക്കുന്നതിന് നിങ്ങള്‍ക്കുണ്ടായിരുന്ന ന്യായമായ കാരണങ്ങളെ അപ്രസക്തമാക്കി നിങ്ങളുടെ തന്നെ തീരുമാനങ്ങളെ സംശയിക്കാന്‍ ഈ തുടര്‍ ആശയവിനിമയങ്ങള്‍ കാരണമാകും. ജീവിതത്തില്‍ മുന്നോട്ട് പോകാതെ എക്‌സിനെ വൈകാരികമായി ആശ്രയിക്കേണ്ട അവസ്ഥയും ഇതുണ്ടാക്കും.
3. മനസ്സിലെ മുറിവുണങ്ങുന്ന പ്രക്രിയ വൈകും
ഒരു പ്രണയബന്ധം പൂര്‍ണ്ണമായും അവസാനിപ്പിച്ച് നിങ്ങള്‍ മുന്നോട്ട് പോയാല്‍ മാത്രമേ നിങ്ങളുടെ മനസ്സിന്റെ മുറിവ് ഉണക്കാന്‍ സാധിക്കൂ. എക്‌സുമായി വീണ്ടും മിണ്ടിക്കൊണ്ടിരുന്നാല്‍ ഈ മുറിവുണക്കല്‍ പ്രക്രിയ വൈകും.
4. തെറ്റായ പ്രതീക്ഷകള്‍
ബന്ധം അവസാനിപ്പിച്ചിട്ടും ആശയവിനിമയം തുടരുമ്പോള്‍ മറ്റേയാളുടെ ഭാഗത്ത് നിന്ന് കൂടുതല്‍ ശ്രദ്ധയും ക്ഷമാപണങ്ങളും മൃദുവായ വാക്കുകളുമൊക്കെ നിങ്ങള്‍ വെറുതേ പ്രതീക്ഷിച്ചെന്ന് വരാം. അവരോട് നിത്യവും സംസാരിക്കുമ്പോള്‍ അവര്‍ മാറിയെന്നും നന്നായെന്നും ഇനി നിങ്ങളെ വേദനിപ്പിക്കില്ലെന്നുമൊക്കെ മിഥ്യാഭ്രമങ്ങള്‍ നിങ്ങള്‍ക്കുണ്ടാകും. ഇത് ഭാവിയെ കുറിച്ച് തെറ്റായ പ്രതീക്ഷകള്‍ നല്‍കും.
5. അനാവശ്യമായ നാടകീയത
ഇനി നിങ്ങള്‍ക്കൊരു പുതിയ പ്രണയബന്ധം ഉണ്ടായിട്ടും നിങ്ങള്‍ എക്‌സുമായി ആശയവിനിമയത്തില്‍ ഇരുന്നാല്‍ ഇത് തീര്‍ത്തും അനാവശ്യമായ പല നാടകീയതയ്‌ക്കും ജീവിതത്തില്‍ കാരണമാകും. നിങ്ങളുടെ പുതിയ ബന്ധത്തെ വരെ ഇത് അപകടത്തിലാക്കാം.
ഇക്കാരണങ്ങളാല്‍ ഒരു ബന്ധം അവസാനിപ്പിക്കുമ്പോള്‍ വൃത്തിയായി കാര്യങ്ങള്‍ പറഞ്ഞവസാനിപ്പിച്ച് അവനവന്റെ വഴി നോക്കി മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നതാണ് ആരോഗ്യകരം.