അച്ഛനമ്മമാരും മക്കളുമടക്കം കൂട്ട ആത്മഹത്യ; കാരണമെന്ത്? വിഷാദ കൂട്ടായ്മകളെ കരുതിയിരിക്കണം
Mail This Article
കുടുംബങ്ങളിൽ രൂപപ്പെടുന്ന ‘വിഷാദ കൂട്ടായ്മയാണ്’ കൂട്ട ആത്മഹത്യകൾക്കു വഴിയൊരുക്കുന്നത്. കുടുംബത്തിലെ ഒരു വ്യക്തി മാനസിക വിഷമങ്ങളിലേക്കു വീഴുന്നതു തിരിച്ചറിയാൻ അവരുടെ ജീവിതപങ്കാളിക്കോ മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ കഴിയണം. അല്ലാതെ അവരും വിഷാദത്തിന്റെ പടുകുഴിയിലേക്കു മെല്ലെ മെല്ലെ വഴുതി വീഴുകയല്ല വേണ്ടത്. ഇത്തരം സന്ദർഭങ്ങളിൽ ഉചിതമായ ചികിത്സയോ പ്രതിവിധികളോ തേടാൻ സ്വയം കഴിയുന്നില്ലെങ്കിൽ കുടുംബാംഗങ്ങൾ എല്ലാവരും ബഹുമാനിക്കുന്ന മറ്റൊരാളുടെ സഹായം സ്വീകരിക്കാവുന്നതാണ്.
സാമ്പത്തിക പ്രതിസന്ധികളും ഗാർഹിക പ്രശ്നങ്ങളോ അഭിമുഖീകരിക്കുമ്പോഴാണു കുടുംബത്തിലെ വ്യക്തികൾ വിഷാദത്തിന്റെയും ആത്മഹത്യാ ചിന്തയുടെയും പിടിയിൽ അകപ്പെടുന്നത്. അത് അവർക്കു വിധേയപ്പെട്ടു നിൽക്കുന്ന മറ്റുള്ളവരിലേക്കും പടരുമ്പോഴാണ് കുടുംബം ഒരുമിച്ച് ഇല്ലാതാവുന്നത്.
മാനസിക വിഷമങ്ങളിൽ വീണയാളെ അതിൽ നിന്നു മുക്തനാക്കുന്ന കൂട്ടായ്മയാണു വിഷാദ കൂട്ടായ്മയ്ക്കു പകരം കുടുംബങ്ങളിൽ രൂപപ്പെടേണ്ടത്. ആശ്രയിച്ചു കഴിയുന്ന കുട്ടികൾ അനാഥരാകുമെന്ന വിചാരത്തിൽ അവരെ കൊല്ലുവാനുള്ള വഴികളും നടപ്പിലാക്കുന്നത് അങ്ങേയറ്റം ദുഖകരമാണ്. ഇത്തരത്തിലുള്ള വാത്സല്യ കൊലപാതകങ്ങളും ആത്മഹത്യയും ഒത്തു ചേരുമ്പോഴാണ് ഇത്തരം ചില കുടുംബ ദുരന്തങ്ങൾ ഉണ്ടാകുന്നത്. കുടുംബത്തിലെ ഒരു വ്യക്തി സ്വയം മരിക്കണമെന്നും മറ്റുള്ളവർ ഒപ്പം ചേരണമെന്നും പറയുമ്പോൾ, അയാൾക്കു വിഷാദ രോഗ സാധ്യതയുണ്ടെന്നു തിരിച്ചറിഞ്ഞു വിദഗ്ധ സഹായത്തിനു പ്രേരിപ്പിക്കുകയാണു വേണ്ടത്. വിശ്വസിക്കാവുന്ന ആരോടെങ്കിലും ഈ അവസ്ഥ പങ്കു വയ്ക്കുകയും വേണം. അസ്വസ്ഥതകളിലൂടെ കടന്നു പോകുന്ന വീടുകളെ തിരിച്ചറിയാനും പിന്തുണയ്ക്കാനുമുള്ള സംവിധാനങ്ങൾ ഉണ്ടാകണം. ബുദ്ധിമുട്ടുകളെ നേരിടാനുള്ള ധൈര്യം ഇതിലൂടെ ഉണ്ടാവുമ്പോൾ ദുരന്തത്തെ തടയാം. ജീവിക്കാൻ അവകാശമുള്ള കുഞ്ഞുങ്ങളെ കൊല്ലാൻ ആർക്കും അവകാശമില്ല. പല കുടുംബങ്ങളെയും കരകയറ്റാനുള്ള ശേഷി ഈ കുഞ്ഞുങ്ങൾക്കുണ്ടാവും. അതിൽ വിശ്വസിച്ചു സ്വയം ജീവിക്കാനുള്ള നല്ല ബുദ്ധിയാണു പ്രതിസന്ധി നേരിടുന്ന മാതാപിതാക്കൾ കാണിക്കേണ്ടത്.