കണ്ണുകള്‍ക്കു താഴെ കറുപ്പ്, എപ്പോഴും ക്ഷീണിച്ച മുഖഭാവം; കാരണങ്ങളും ചികിത്സയും അറിയാം
Mail This Article
പുരുഷന്മാരും സ്‌ത്രീകളും ഒരേ പോലെ നേരിടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് കണ്ണിനു താഴെ പ്രത്യക്ഷമാകുന്ന കറുത്ത പാടുകള്‍. ഡാര്‍ക് സര്‍ക്കിള്‍സ് എന്നറിയപ്പെടുന്ന ഇവ നമ്മുടെ മുഖത്തിന്റെ ആകര്‍ഷണീയതയ്‌ക്ക് ഭംഗം വരുത്തുന്നു. ക്ഷീണിച്ച മുഖഭാവത്തിനു കാരണമാകുന്ന ഡാര്‍ക്ക് സര്‍ക്കിളുകള്‍ നമ്മുടെ ഉറക്കമില്ലായ്‌മയുടെയും മോശം ജീവിതശൈലിയുടെയും അടയാളം കൂടിയായി ചിലപ്പോള്‍ മാറാം.
ഉറക്കക്കുറവും ക്ഷീണവും മാത്രമല്ല മറ്റു പല കാരണങ്ങള്‍ കൊണ്ടും കണ്ണിനു കീഴെയുള്ള കറുത്ത പാടുകള്‍ വരാമെന്ന് ദ ഏസ്‌തെറ്റിക്‌സ് ക്ലിനിക്‌സിലെ കണ്‍സള്‍ട്ടന്റ് ഡര്‍മറ്റോളജിസറ്റ് ഡോ. റിങ്കി കപൂര്‍ എച്ച്‌ടി ലൈഫ്‌സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കറുത്ത പാടുകളുടെ പ്രധാന കാരണങ്ങളിലൊന്ന് ശരീരത്തിലെ നിര്‍ജലീകരണമാണ്. ജലത്തിന്റെ അളവ് ശരീരത്തില്‍ കുറയുന്നത് കണ്ണുകള്‍ക്ക് താഴെയുള്ള ചര്‍മ്മം മങ്ങിയതും ചുളിവുകളുള്ളതുമാക്കി മാറ്റുന്നു.
അമിതമായ തോതില്‍ വെയില്‍ മുഖത്തടിക്കുന്നതാണ് ഡാര്‍ക്ക് സര്‍ക്കിളിന്റെ മറ്റൊരു കാരണം. വിനാശകാരിയായ അള്‍ട്രാവയലറ്റ് രശ്‌മികള്‍ കൊളാജനെയും ഇലാസ്‌റ്റിന്‍ ഫൈബറുകളെയും വിഘടിപ്പിച്ച് നേര്‍ത്തതും സുതാര്യവുമായ ചര്‍മ്മത്തിന് കാരണമാകുന്നു. ഇത് കണ്ണുകള്‍ക്കടിയിലെ രക്തധമനികളെ വ്യക്തമാക്കുകയും കണ്ണുകളില്‍ നിഴല്‍ പടര്‍ത്തുകയും ചെയ്യും. ജനിതക ഘടകങ്ങളും ഡാര്‍ക്ക് സര്‍ക്കിള്‍സില്‍ സ്വാധീനം ചെലുത്താം. മദ്യപാനം, പുകവലി, ചര്‍മ്മ രോഗങ്ങള്‍ എന്നിവയും ഡാര്‍ക്ക് സര്‍ക്കിള്‍സിന് കാരണമാകാമെന്ന് ഡോ. റിങ്കി ചൂണ്ടിക്കാട്ടി.
ജീവിതശൈലി മാറ്റങ്ങളിലൂടെയും ചില ചികിത്സകളിലൂടെയും കണ്ണിന് താഴെയുള്ള കറുപ്പ് മായ്‌ക്കാനും അതിന്റെ തീവ്രത ലഘൂകരിക്കാനും സാധിക്കുമെന്നും ഡോ. റിങ്കി പറയുന്നു. ഡെര്‍മല്‍ ഫില്ലറുകള്‍, ലേസര്‍ തെറാപ്പി, ചില തരം ജെല്ലുകള്‍, ക്രീമുകള്‍ എന്നിവ ഇക്കാര്യത്തില്‍ ഫലപ്രദമാണ്. പ്ലാസ്‌റ്റിക് സര്‍ജറി, പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്‌മ കുത്തിവയ്‌പ്പുകള്‍, ബോട്ടുലിനം ടോക്‌സിന്‍ എന്നിവയും സഹായകമാണ്. ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതും കണ്ണുകളില്‍ വെയിലടിക്കാതെ സൂക്ഷിക്കുന്നതും കണ്ണിന് വിശ്രമം നല്‍കുന്ന കോള്‍ഡ് കംപ്രസുകള്‍ ഉപയോഗിക്കുന്നതും ഫേഷ്യല്‍ മസാജുകളും ഫലപ്രദമാണെന്നും ഡോ. റിങ്കി കൂട്ടിച്ചേര്‍ത്തു.
ഡാര്‍ക്ക് സര്‍ക്കിളുകള്‍ക്കുള്ള ചികിത്സ ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിയെയും അലര്‍ജി ഉള്‍പ്പെടെയുള്ള രോഗചരിത്രത്തെയും അടിസ്ഥാനമാക്കി വ്യത്യസ്‌തമായിരിക്കും. ഇതിനാല്‍ ചര്‍മ്മരോഗ വിദഗ്‌ധനെ കണ്ട് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ചികിത്സകള്‍ ആരംഭിക്കാവൂ.
കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാം: വിഡിയോ