ADVERTISEMENT

ജോലിസ്ഥലത്തെ സമ്മർദ്ദം. പഠന സമ്മർദ്ദം. പ്രവേശന പരീക്ഷയുടെ സമ്മർദ്ദം. വീട്‌ വയ്‌ക്കുന്നതിന്റെ സമ്മർദ്ദം.കല്യാണം കഴിക്കാന്‍ പറ്റാത്തത്തിന്റെ സമ്മർദ്ദം. ഇനി കല്യാണം കഴിച്ചവര്‍ക്ക്‌ ജീവിതം മുന്നോട്ട്‌ കൊണ്ടു പോകുന്നതിന്റെ സമ്മർദ്ദം. കുട്ടികള്‍ ഇല്ലാത്തിന്റെ സമ്മർദ്ദം. ഇനി കുട്ടികളായാല്‍ അവരെ നോക്കി വളര്‍ത്തുന്നതിന്റെ സമ്മർദ്ദം. കടം മേടിച്ചാല്‍ തിരികെ കൊടുക്കാന്‍ പറ്റാത്തതിന്റെ സമ്മർദ്ദം. ചുരുക്കം പറഞ്ഞാല്‍ സമ്മര്‍ദ്ദങ്ങള്‍ ഒഴിഞ്ഞ ജീവിതം എന്നത്‌ അസാധ്യമാണെന്നു തന്നെ പറയാം. അതിവേഗം ഓടുന്ന ലോകത്തില്‍ സമ്മര്‍ദ്ദവും നമ്മുടെ സന്തതസഹചാരിയായി മാറി കഴിഞ്ഞു. 

എന്നാല്‍ ഈ സമ്മർദ്ദം പരിധി വിട്ടുയരുന്നത്‌ നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പ്രത്യേകിച്ച്‌ ഹൃദയത്തെ. ജിഒക്യുഐഐ ഇന്ത്യ ഫിറ്റ്‌ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ഇന്ത്യക്കാരില്‍ 24 ശതമാനവും സമ്മര്‍ദ്ദവുമായി മല്ലിട്ട്‌ ജീവിക്കുന്നവരാണ്‌. ജോലി സ്ഥലത്തെ സാഹചര്യങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളുമൊക്കെയാണ്‌ പലരുടെയും സമ്മര്‍ദ്ദതോത്‌ ഉയര്‍ത്തുന്നത്‌. 

ഈ സമ്മര്‍ദ്ദങ്ങള്‍ക്കിടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ പിന്തുടരേണ്ട കാര്യങ്ങള്‍ പങ്കുവയ്‌ക്കുകയാണ്‌ എച്ച്‌ടി ലൈഫ്‌സ്റ്റൈലിന്‌ നല്‍കിയ അഭിമുഖത്തില്‍ മുംബൈ ഏഷ്യന്‍ ഹാര്‍ട്ട്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്‌റ്റ്‌ ഡോ. തിലക്‌ സുവര്‍ണ്ണ. 

Representative Image. Photo Credit : Agrobacter / iStockPhoto.com
Representative Image. Photo Credit : Agrobacter / iStockPhoto.com

1. സ്വയം പരിചരണം ആവശ്യം
നിങ്ങളുടെ മാനസിക, ശാരീരിക ആരോഗ്യം സംരക്ഷിക്കാനും നിങ്ങളെ സ്വയം പരിചരിക്കുന്നതിനും സമയം കണ്ടെത്തുക. നിങ്ങള്‍ക്കു സന്തോഷവും വിശ്രമവും നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. അതിപ്പോൾ യോഗയെങ്കില്‍ യോഗ. നടത്തമെങ്കില്‍ അങ്ങനെ. അതുമല്ല സ്‌പായില്‍ പോയി ഒരു മസാജോ പെഡിക്യൂറോ ആണെങ്കില്‍ അങ്ങനെ. സമ്മർദ്ദം നല്‍കുന്ന ശാരീരികവും മാനസികവുമായ ദുഷ്‌ഫലങ്ങളെ ഒരു പരിധി വരെ ലഘൂകരിക്കാന്‍ സ്വയം പരിചരണത്തിലൂടെ സാധിക്കും. 

2. സജീവമായ ജീവിതശൈലി
സമ്മർദ്ദം കുറയ്‌ക്കാനും ഹൃദയാരോഗ്യം നിലനിര്‍ത്താനും നിത്യവുമുള്ള വ്യായാമവും ശാരീരിക പ്രവര്‍ത്തനങ്ങളും സഹായിക്കും. വ്യായാമത്തിലൂടെ പുറത്ത്‌ വരുന്ന എന്‍ഡോര്‍ഫിനുകള്‍ മൂഡ്‌ മെച്ചപ്പെടുത്തും. ആഴ്‌ചയില്‍ കുറഞ്ഞത്‌ 150 മിനിട്ട്‌ മിതമായ തീവ്രതയിലുള്ള വ്യായാമം ഏതെങ്കിലും തിരഞ്ഞെടുക്കുക. നടത്തമോ, നീന്തലോ സൈക്ലിങ്ങോ അങ്ങനെ നിങ്ങളുടെ താത്‌പര്യത്തിനനുസരിച്ചുള്ള വ്യായാമം എന്തുമാകാം. 

Representative Image. Photo Credit : Deepak Sethi/ iStockPhoto.com
Representative Image. Photo Credit : Deepak Sethi/ iStockPhoto.com

3. സന്തുലിതമായ ഭക്ഷണക്രമം
പഴങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്‌നുകള്‍, ലീന്‍ പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പ്‌ എന്നിങ്ങനെ ഹൃദയാരോഗ്യത്തിനു സഹായകമായ ഭക്ഷണവിഭവങ്ങള്‍ കഴിക്കാനും ശ്രദ്ധിക്കാം. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, മധുരം ചേര്‍ത്ത ഭക്ഷണങ്ങള്‍, അമിതമായി ഉപ്പ്‌ ചേര്‍ന്ന ഭക്ഷണങ്ങള്‍ എന്നിവ പരിമിതപ്പെടുത്തുക. 

4. ധ്യാനവും പ്രാണായാമവും
ശ്വസനവ്യായാമങ്ങള്‍, ധ്യാനം, പ്രാണായാമം, പേശികള്‍ക്ക്‌ അയവ്‌ നല്‍കുന്ന വ്യായാമങ്ങള്‍ എന്നിവയെല്ലാം മനസ്സിനെ ശാന്തമാക്കി വൈകാരിക ആരോഗ്യം മെച്ചപ്പെടുത്തും. ഇവയെല്ലാം ഉറക്കത്തിന്റെ നിലവാരവും വര്‍ദ്ധിപ്പിക്കും. നല്ല ഉറക്കവും ഹൃദയത്തിന്റെ ആരോഗ്യത്തിന്റെ അത്യന്താപേക്ഷിതമാണ്‌. 

Representative image. Photo Credit: Georgijevic/istockphoto.com
Representative image. Photo Credit: Georgijevic/istockphoto.com

5. ചുറ്റുമുണ്ടാകട്ടെ പ്രിയപ്പെട്ടവര്‍
നിങ്ങളുടെ സുഹൃത്തുകളും വീട്ടുകാരും ബന്ധുക്കളും അടക്കമുള്ള പ്രിയപ്പെട്ടവരെ എപ്പോഴും ചേര്‍ത്തു നിര്‍ത്തുക. ഇവര്‍ നല്‍കുന്ന വൈകാരിക പിന്തുണ സമ്മർദ്ദം അലിയിച്ച്‌ കളയാന്‍ സഹായകമാണ്‌. നിങ്ങള്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്ന വ്യക്തികളോടു ഹൃദയം തുറക്കാനും നിങ്ങളുടെ പ്രശ്‌നങ്ങള്‍ അവരോടു പങ്കുവയ്‌ക്കാനും മടി കാണിക്കരുത്‌. സഹിക്കാന്‍ പറ്റാത്ത മാനസിക വിക്ഷോഭങ്ങളോ വിഷാദമോ തോന്നുന്ന പക്ഷം മാനസികാരോഗ്യ വിദഗ്‌ധന്റെ സഹായം തേടാനും മറക്കരുത്‌. 

സ്ട്രെസ് അകറ്റാൻ 3 ടെക്നിക്: വിഡിയോ

English Summary:

Tips to protect heart from Stress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com