അത്ര നിസ്സാരമല്ല കുളി; ആരോഗ്യം സംരക്ഷിക്കാൻ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
Mail This Article
ആകെ ക്ഷീണം തോന്നുന്ന സമയത്ത് ചെറു ചൂട് വെള്ളത്തില്‍ ഒരു കുളിയങ്ങ് പാസ്സാക്കിയാല്‍ കിട്ടുന്ന ഊര്‍ജ്ജം തന്നെ ഒന്നു വേറെയാണ്. ശരീരത്തിന് അയവും വിശ്രമവും നല്കാന് കുളിക്ക് സാധിക്കുന്നു. കുളിക്കാന്‍ വേണ്ടി നമ്മള് ഉപയോഗിക്കുന്ന രീതികളും മാര്‍ഗ്ഗങ്ങളും ഉത്പന്നങ്ങളുമെല്ലാം നമ്മുടെ കുളിയുടെ നിലവാരത്തെ ബാധിക്കാറുണ്ട്. ശരിയായ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് ശരിയായ രീതിയില്‍ കുളിച്ചാല്‍ കുളിയെ ആസ്വാദ്യകരമായ അനുഭവമാക്കി മാറ്റാന്‍ സഹായിക്കും. കാലാവസ്ഥയ്ക്ക് അനുസരിച്ച് നമ്മുടെ കുളിയുടെ രീതിയിലും മാറ്റങ്ങള്‍ വരുത്തേണ്ടതാണ്. ചര്‍മ്മത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന നിര്‍ജീവ കോശങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യാനായി കുളിക്കുമ്പോള്‍ മസ്ലിന് തുണി ഉപയോഗിക്കാം. നനഞ്ഞ മസ്ലിന് തുണിയിലേക്ക് ക്ലന്‍സര്‍ ഒഴിച്ച് ചര്‍മ്മത്തില്‍ വട്ടത്തില്‍ തേച്ച് ഉരച്ച് വേണം വേനല്‍ക്കാലത്ത് കുളിക്കാന്‍. തണുത്ത വെള്ളമാണ് ഈ കാലാവസ്ഥയില്‍ എല്ലാവരും തന്നെ ഇഷ്ടപ്പെടുക. ഇത്തരത്തില്‍ തേച്ചുരച്ച് കുളിക്കുന്നത് ചര്‍മ്മത്തിന് തൊട്ടു താഴെയുള്ള ലിംഫാറ്റിക് സംവിധാനത്തെ ഉത്തേജിപ്പിക്കാന്‍ സഹായിക്കും. ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും അത് വഴി ചയാപചയ സംവിധാനം മികച്ചതാക്കാനും തേച്ചുരച്ചുള്ള കുളി സഹായിക്കും. ശരീരത്തില്‍ കുരുക്കളും ബ്ലാക് ഹെഡുകളും വളരാതിരിക്കാനും ഇത്തരത്തിലുള്ള കുളി നല്ലതാണ്.
ചര്‍മ്മത്തിന് പല തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന തണുപ്പ് കാലത്തും കുളിയിലൂടെ അവയ്ക്ക് പരിഹാരം കാണാന്‍ സാധിക്കും. ചൂട് വെള്ളത്തിലുള്ള കുളി ഈ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്. തണുത്ത വെള്ളത്തില്‍ തന്നെ കുളിച്ച് ശീലിച്ചവര്‍ക്ക് അത് പിന്തുടരാം. കുളിക്കുന്നതിന് മുന്‍പ് ശരീരത്തില്‍ എണ്ണ തേച്ച് പിടിപ്പിച്ച് അല്പ നേരം വെയിലത്തിരിക്കുന്നത് തണുപ്പ് കാലത്ത് നല്ലതാണെന്ന് ആയുര്‍വേദ വിദഗ്ധര്‍ പറയുന്നു.