മക്കള്‍ എന്തേ ഇങ്ങനെ?; വയോജനങ്ങള്‍ക്കെതിരായ അതിക്രമത്തിൽ പ്രതിസ്ഥാനത്ത് കൂടുതലും മക്കളും മരുമക്കളും
Mail This Article
കൊല്ലം തേവലക്കരയില്‍ 80 വയസ്സുള്ള ഭര്‍ത്തൃമാതാവിനെ സ്കൂൾ അധ്യാപിക കൂടിയായ മരുമകള്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ മരുമകള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
നമ്മുടെ വയോജനങ്ങള്‍ വീടിനുള്ളില്‍ എത്രമാത്രം സുരക്ഷിതരാണ്? ജീവിതസായന്തനത്തില്‍ ആശ്വാസത്തിന്റെ തണല്‍ തേടുന്നവര്‍ക്ക് അല്‍പം സ്‌നേഹം നല്‍കാന്‍ എത്രപേര്‍ തയാറാകുന്നുണ്ട്? മുതിര്‍ന്ന പൗരന്മാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വീടുകളില്‍ വര്‍ധിച്ചുവരുന്നതായി എല്‍ഡര്‍ ലൈനിലേക്ക് എത്തുന്ന കോളുകള്‍ സൂചന നല്‍കുന്നു.
പ്രതിസ്ഥാനത്ത് മക്കളും മരുമക്കളും
സംസ്ഥാനത്ത് വയോജനങ്ങള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ 70 ശതമാനം കേസുകളിലും പ്രതിസ്ഥാനത്ത് സ്വന്തം മക്കളും മരുമക്കളുമാണെന്ന് സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബാക്കിയുള്ളവയില്‍ ബന്ധുക്കളും അയല്‍വാസികളുമാണ് പ്രതിസ്ഥാനത്ത്. എല്‍ഡര്‍ ലൈനിന്റെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഇത്. മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് ആരംഭിച്ച എല്‍ഡര്‍ ലൈന്‍ എന്ന ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിക്കുന്നവരുടെ പരാതികളില്‍ നിന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ശാരീരിക അതിക്രമം, വാക്കുകളാലുള്ള അധിക്ഷേപം, അവഗണന, അനാവശ്യമായി പഴിചാരല്‍, കുടുംബത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തല്‍ തുടങ്ങിയവ സംബന്ധിച്ചാണ് പരാതികള്‍ ഏറെയും. മുറിക്കുള്ളില്‍ അടച്ചിടുക, ആരോടും സംസാരിക്കാന്‍ അനുവദിക്കാതിരിക്കുക, ഭക്ഷണം നല്‍കാതിരിക്കുക തുടങ്ങിയവയെക്കുറിച്ചുള്ള പരാതികളും കൂടുതലാണ്. അഞ്ചിലൊന്ന് പരാതികളും ശാരീരിക ഉപദ്രവത്തെക്കുറിച്ചാണെന്ന് സാമൂഹികനീതി വകുപ്പിന്റെ എല്‍ഡര്‍ ഹെല്‍പ് ലൈന്‍ പ്രോജക്ട് ടീം ലീഡര്‍ എ.ആര്‍. അരുണ്‍ രാജ് പറയുന്നു.
സഹായം തേടി മാസം 3600 പേര്‍
സഹായം തേടി എല്‍ഡര്‍ ലൈനില്‍ ഒരു ദിവസം ശരാശരി 120 ഫോണ്‍ കോളുകളാണ് എത്തുന്നത്. ഒരു മാസം 3600 കോളുകള്‍. എല്‍ഡര്‍ ലൈന്‍ പ്രവര്‍ത്തനം തുടങ്ങി 2 വര്‍ഷത്തിനിടെ 80,298 കോളുകളാണ് ലഭിച്ചത്. 66 നും 75 നും ഇടയില്‍ പ്രായമുള്ളവരാണ് സഹായം ആവശ്യപ്പെട്ട് കൂടുതലും വിളിക്കുന്നത്. 55 നും 65 നും ഇടയില്‍ പ്രായമുള്ളവരാണ് തൊട്ടടുത്ത്.
സ്വത്തും പണവും ഉപദ്രവകാരണം
പെണ്‍മക്കള്‍ക്ക് കൂടുതല്‍ സ്വത്തു നല്‍കിയെന്നാരോപിച്ച് രക്ഷിതാക്കളെ ശാരീരികമായി ഉപദ്രവിക്കുന്ന ആണ്‍മക്കളെക്കുറിച്ചുള്ള പരാതികളുണ്ട്. പെന്‍ഷന്‍ തുക നല്‍കാത്തതിന് പട്ടിണിക്കിട്ട മൂത്ത മകനെക്കുറിച്ചുള്ള പരാതിയായിരുന്നു ഒരു അമ്മയുടേത്. പെന്‍ഷന്‍ പണം എടുക്കാന്‍ അച്ഛന്റെ എടിഎം കാര്‍ഡ് വാങ്ങിയ ശേഷം ചെറിയ തുക മാത്രം നല്‍കി കബളിപ്പിച്ച മകളെക്കുറിച്ചും പരാതിയുണ്ട്. ക്ഷേമ പെന്‍ഷന്‍ തുക സര്‍ക്കാര്‍ കുറച്ചുവെന്ന് കള്ളം പറഞ്ഞ് പണം തട്ടുന്ന സംഭവവും ഉണ്ട്. ഹോട്ടലില്‍ നിന്നു വരുത്തുന്ന ഭക്ഷണത്തിന്റെ പങ്കുപോലും മരുമകള്‍ നല്‍കാറില്ലെന്ന് ഒരു അമ്മയുടെ പരാതി. മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ രക്ഷിതാക്കളെ ഏക മകന്‍ മര്‍ദിച്ചതിനെക്കുറിച്ചും പരാതി വന്നു.
എന്നോടൊന്ന് സംസാരിക്കുമോ?
വടക്കന്‍ കേരളത്തിലെ ഒരു അമ്മയുടെ പരാതിയാണ്. മക്കള്‍ 4 പേരും വിദേശത്ത്. മനസ്സുതുറന്നൊന്നു സംസാരിക്കാന്‍ ആരുമില്ല. കൊച്ചു മക്കളെങ്കിലും കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആശിച്ചു പോകാറുണ്ടെന്ന് ഇവര്‍ എല്‍ഡര്‍ ലൈനില്‍ വിളിച്ചു പറഞ്ഞു. ഒരു ദിവസം കുറച്ചു നേരമെങ്കിലും സംസാരിക്കണം. അതു മാത്രമാണ് ഈ അമ്മയുടെ ആവശ്യം.
വിളിക്കാം എല്‍ഡര്‍ ലൈനില്‍; നമ്പര്‍: 14567
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വിളിച്ച് സഹായം തേടാവുന്ന ദേശീയ ഹെല്‍പ് ലൈനാണ് എല്‍ഡര്‍ ലൈന്‍ (നമ്പര്‍ 14567). രാവിലെ 8 മുതല്‍ രാത്രി 8 വരെയാണ് പ്രവര്‍ത്തന സമയം. ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ക്ക് കൗണ്‍സലിങ്, പെന്‍ഷന്‍ പ്രശ്‌നങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം, നിയമോപദേശം തുടങ്ങിയവ സൗജന്യമായി ലഭിക്കും. അവഗണന, അധിക്ഷേപം, മോശമായ പെരുമാറ്റം, ഉപദ്രവം തുടങ്ങിയവ നേരിട്ടാല്‍ എല്‍ഡര്‍ ലൈനില്‍ വിളിച്ച് പരാതിപ്പെടാം. മുതിര്‍ന്ന പൗരന്‍മാരുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കും വിളിച്ചറിയിക്കാം. ഹെല്‍പ്് ലൈന്‍ നമ്പര്‍ എന്‍ഗേജ്ഡ് ആണെങ്കില്‍ തിരിച്ചു വിളിക്കും.
കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ വിഭാഗവും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ഡിഫന്‍സും സംസ്ഥാന സര്‍ക്കാരുകളും സംയുക്തമായിട്ടാണ് ഇത് നടപ്പാക്കിയത്. 2021 ലാണ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
അതിക്രമം: പരാതി എവിടെ നല്‍കാം?
മുതിര്‍ന്ന പൗരന്‍മാര്‍ക്കു നേരെ അതിക്രമം ഉണ്ടായാല്‍, മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണവും ക്ഷേമവും സംബന്ധിച്ച 2007ലെ നിയമ പ്രകാരം ആര്‍ഡിഒക്ക് പരാതി നല്‍കാം. ആര്‍ഡിഒ ഇരുകൂട്ടരെയും വിളിച്ച് ചര്‍ച്ച നടത്തി പരിഹാരം നിര്‍ദേശിക്കും. ജീവനാംശം നല്‍കാനും ഉത്തരവിടാം. അപ്പീലിനായി കലക്ടറെയും കോടതിയെയും സമീപിക്കാം.
സ്ത്രീകള്‍ക്കു നേരെ അതിക്രമം ഉണ്ടായാല്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പൊലീസിലും സാമൂഹിക നീതി വകുപ്പിലെ പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്കും പരാതി നല്‍കാമെന്ന് അഡ്വ.കെ.ജി.പ്രകാശ് പറഞ്ഞു. ഇവര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഇതു കൂടാതെ, അതിക്രമമുണ്ടാകുമ്പോള്‍ കോടതിക്ക് നേരിട്ടും പരാതി നല്‍കാം.