കുടലിലെ അര്‍ബുദം യുവാക്കളിലും വ്യാപകം;കരുതിയിരിക്കാം ഈ ലക്ഷണങ്ങള്‍
Mail This Article
പൊതുവേ പ്രായമായവരില്‍ കണ്ടു വന്നിരുന്ന ഒരു അര്‍ബുദമാണ് വന്‍കുടലിനെയും മലാശയത്തെയും ബാധിക്കുന്ന കൊളോറെക്ടല്‍ കാന്‍സര്‍. എന്നാല്‍ മോശം ഭക്ഷണശൈലി, അമിതവണ്ണം, വ്യായാമമില്ലായ്മ തുടങ്ങിയ ജീവിതശൈലി ഘടകങ്ങള്‍ മൂലം ഇപ്പോള്‍ യുവാക്കളിലും ഈ കാന്‍സര്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 2020ല്‍ 19 ലക്ഷത്തിലധികം പുതിയ കൊളോറെക്ടല്‍ അര്‍ബുദങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുകയും 9.3 ലക്ഷം പേര്‍ ഇത് മൂലം മരണപ്പെടുകയും ചെയ്തു. നേരത്തെയുള്ള രോഗനിര്‍ണ്ണയം കൊളോറെക്ടല്‍ അര്‍ബുദത്തിന്റെ ഫലപ്രദമായ ചികിത്സയില്‍ നിര്‍ണ്ണായകമാണ്. ഇനി പറയുന്നവയാണ് ഈ അര്‍ബുദത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
1. മലവിസര്‍ജ്ജനത്തില്‍ വ്യത്യാസം
മലബന്ധം, അതിസാരം എന്നിങ്ങനെ മലവിസര്‍ജ്ജന ശീലങ്ങളില്‍ വരുന്ന വ്യത്യാസം കൊളോറെക്ടല്‍ അര്‍ബുദത്തിന്റെ പ്രധാന ലക്ഷണമാണ്. മലവിസര്‍ജ്ജനത്തിലെ മാറ്റങ്ങള്‍ക്ക് പല കാരണങ്ങള്‍ ഉണ്ടാകാമെങ്കിലും ഈ അര്‍ബുദത്തിന്റെ സാധ്യത അവഗണിക്കരുത്.
2. മലത്തില്‍ രക്തം
മലത്തിലോ മലദ്വാരം വൃത്തിയാക്കുമ്പോള്‍ ടോയ്‌ലറ്റ് പേപ്പറിലോ രക്തമയം കണ്ടാലും ജാഗ്രത പുലര്‍ത്തണം. മലദ്വാരത്തിലെ മുറിവുകള്‍, ഹെമറോയ്ഡുകള്‍ എന്നിവ മൂലവും മലത്തില്‍ രക്തം വരാമെങ്കിലും കൊളോറെക്ടല്‍ അര്‍ബുദത്തിന്റെ ലക്ഷണം കൂടിയായതിനാല്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.
3. വയര്‍ വേദന
നിരന്തരമായ വയര്‍വേദന, വയറിന് വലിച്ചില്‍, മരുന്നുകള്‍ കഴിച്ചാലും മാറാത്ത അസ്വസ്ഥത എന്നിവയെല്ലാം കൊളോറെക്ടല്‍ അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്.
4. അകാരണമായ ഭാരനഷ്ടം
പ്രത്യേകിച്ച് വ്യായാമമോ ഡയറ്റിങ്ങോ കൂടാതെ ശരീരഭാരം കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഒന്നു കരുതിയിരിക്കണം. പല വിധത്തിലുള്ള അര്‍ബുദങ്ങളുടെ ലക്ഷണമാണ് ഇത്.
5. ക്ഷീണം
എപ്പോഴും ക്ഷീണം തോന്നുന്നതും ആവശ്യത്തിന് വിശ്രമവും ഉറക്കം ലഭിച്ചിട്ടും ക്ഷീണം മാറാത്തതുമെല്ലാം കൊളോറെക്ടല്‍ അര്‍ബുദത്തിന്റെ കൂടി ലക്ഷണമാകാം. അകാരണമായ ഇത്തരം ക്ഷീണങ്ങളെയും അവഗണിക്കാതെ പരിശോധനകള്‍ക്ക് വിധേയരാകേണ്ടതാണ്.