രോഗം തിരിച്ചറിയാൻ വൈകിയേക്കാം; വൃക്കയുടെ ആരോഗ്യത്തിൽ ശ്രദ്ധ വേണം
Mail This Article
ശരീരത്തില്‍നിന്നു മാലിന്യങ്ങളെ അരിച്ചു കളയുകയാണല്ലോ വൃക്കയുടെ ജോലി. എന്നാൽ അതിനു വൃക്കയ്ക്കു കഴിയുന്നില്ലെങ്കിലോ? രോഗിയാവാൻ മറ്റു കാരണങ്ങളൊന്നും വേണ്ട. വൃക്കയെ ബാധിക്കുന്ന രോഗങ്ങള്‍ ഏതൊക്കെയെന്ന് അറിയും മുൻപ്, എന്തുകൊണ്ടാണ് വൃക്കയുടെ ആരോഗ്യം താറുമാറാകുന്നതെന്നും അറിഞ്ഞിരിക്കണം.
ജനിതക കാരണങ്ങൾ കൊണ്ടല്ലാതെയുള്ള വൃക്ക രോഗങ്ങൾ ഒരു പരിധി വരെ തടയാം. ഇക്കാലത്തെ ഭക്ഷണരീതിയും അതുകാരണമുള്ള അമിതവണ്ണവുമെല്ലാം വില്ലന്മാരാണ്. കുടുംബത്തിൽ ആർക്കെങ്കിലും വൃക്ക രോഗം ഉണ്ടായിട്ടുണ്ടെങ്കിൽ മറ്റുള്ളവർക്കും രോഗസാധ്യത കൂടുതലായിരിക്കും.
തീരെ ചെറിയ കുട്ടികളിൽ വരെ ജീവിതശൈലീരോഗങ്ങൾ കണ്ടുവരുന്ന കാലമാണിത്. യൂറിക് ആസിഡിന്റെ അളവ് കൂടുതലായിരിക്കുകയും പ്രമേഹം, രക്തസമ്മർദം എന്നിവ ചെറുപ്പക്കാരെ പിടികൂടുകയും ചെയ്യുന്നു. ഇതിനെതിരെ ജനങ്ങളിൽ കൃത്യമായ അവബോധം ഉണ്ടാക്കുകയെന്നതാണ് പ്രധാനം. ഭക്ഷണരീതിയിലും വ്യായാമത്തിലും കാര്യമായ ശ്രദ്ധ കൊടുത്താൽ മാത്രമേ രോഗങ്ങളെ അകറ്റി നിർത്താൻ കഴിയുകയുള്ളു. ശരീരത്തിൽ നിർജലീകരണം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്.
ആരോഗ്യപരിശോധനകൾക്ക് ഇതിൽ വളരെ പ്രാധാന്യമുണ്ട്. വൃക്ക രോഗങ്ങൾ വളരെ വൈകിയായിരിക്കും പലപ്പോഴും കണ്ടെത്തുന്നത്. വേദന പോലെയുള്ള പ്രാരംഭലക്ഷണങ്ങളൊന്നും കാണിക്കണമെന്നില്ല. മറ്റേതെങ്കിലും ആവശ്യങ്ങൾക്കു വേണ്ടി ചെക്കപ്പുകൾ നടത്തുമ്പോഴായിരിക്കും പലപ്പോഴും വൃക്കയുടെ തകരാറുകളും കണ്ടെത്തുന്നത്. ഇത് ചെറുപ്പക്കാരില്‍ പലർക്കും രക്തസമ്മർദ്ദമായി വരാറുണ്ട്. സ്വന്തം ആരോഗ്യത്തെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്..
മൂത്രം പതഞ്ഞു പോവുക, കാലിൽ നീര്, തലവേദന തുടങ്ങിയവയോ രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങളോ കണ്ടാൽ പരിശോധന നടത്തേണ്ടതാണ്. ഇത്തരം ലക്ഷണങ്ങൾ പ്രകടമാവാത്തവർക്ക് റുട്ടീൻ ഹെൽത്ത് ചെക്കപ്പ് പ്രയോജനം ചെയ്യും. പ്രമേഹം, രക്തസമ്മർദം ഒക്കെ ഉള്ള ആളാണെങ്കിൽ പീരിയോഡിക് റുട്ടീൻ ചെക്കപ്പ് നടത്തുമ്പോൾ വൃക്ക രോഗങ്ങൾ കണ്ടെത്താൻ കഴിയും.
വൃക്ക രോഗങ്ങൾക്ക് നിശ്ചിത പ്രായപരിധി പറയാനാവില്ല. ചിലർക്ക് ജന്മനാ ഈ രോഗമുണ്ടായേക്കാം. ബാക്കിയുള്ളവരിൽ ചെറുപ്പത്തിലോ പ്രായം ഒരുപാട് കൂടിയ ശേഷമോ ആയിരിക്കാം ഇതു വരുന്നത്. രോഗങ്ങളെപ്പറ്റിയുള്ള അവബോധത്തോടു കൂടി ജീവിക്കുക എന്നതിലാണ് കാര്യം.
സ്ഥിരമായി നടക്കുക, വ്യായാമം ചെയ്യുക, നല്ല ഭക്ഷണശീലം പിന്തുടരുക, ഭാരം കുറയ്ക്കുക എന്നിവയിലൂടെ ജീവിതശൈലീ രോഗങ്ങൾ ഉൾപ്പെടെ പല അസുഖത്തിൽനിന്നും അകലം പാലിക്കാം. ഇവ വൃക്കയെ സംരക്ഷിക്കുന്നതിൽ സഹായിക്കുകയും ചെയ്യും.
വേദനസംഹാരികൾ അടക്കമുള്ള മരുന്നുകളുടെ തുടർച്ചയായ ഉപയോഗം വൃക്കയുടെ തകരാറിനു കാരണമാകാറുണ്ട്. കുടുംബത്തിൽ ആർക്കെങ്കിലും വൃക്ക രോഗങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അടുത്ത തലമുറയിലേക്കും ഇതു പകരാം. ആ കുട്ടികളുടെ വൃക്കകളിലും സിസ്റ്റുകളുണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതിനാൽ മാതാപിതാക്കൾ അവരുടെ അടുത്ത തലമുറയ്ക്ക് രോഗം വരാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കുകയും അൾട്രാസൗണ്ട് സ്കാൻ ചെയ്ത് ജനറ്റിക് അനാലിസിസ് നടത്തി മുൻകരുതലെടുക്കുകയും വേണം.
(വിവരങ്ങൾക്കു കടപ്പാട്: ഡോ. സ്നേഹ പി സൈമൺ, സീനിയർ കൺസൾട്ടന്റ്, നെഫ്രോളജി വിഭാഗം,ആലുവ രാജഗിരി ആശുപത്രി)
വേദനസംഹാരികളുടെ ഉപയോഗവും വൃക്കരോഗങ്ങളും: വിഡിയോ