മുതിർന്നവർ പെട്ടെന്നു ദേഷ്യപ്പെടുന്നുണ്ടോ?; ഫ്രണ്ടോ ടെംപറൽ ഡിമൻഷ്യയാകാം
Mail This Article
വളരെ മാന്യമായി പെരുമാറിയിരുന്ന ചില വ്യക്തികൾക്ക് പ്രായമാകുമ്പോൾ പെട്ടെന്ന് പെരുമാറ്റത്തിൽ വ്യത്യാസം കാണപ്പെടുന്നുണ്ടോ? പെട്ടെന്ന് ദേഷ്യപ്പെടുകയും മറ്റുള്ളവരെ വേദനിപ്പിക്കുകയും ചെയ്യുന്നുണ്ടോ? ഒരുപക്ഷേ ഇത് ഫ്രണ്ടോ ടെംപറൽ ഡിമൻഷ്യ (Fronto temporal dementia) എന്ന മറവി രോഗത്തിന്റെ ലക്ഷണമാകാം.
50–65 വയസ്സിൽ
സാധാരണ 50 – 65 വയസ്സിനിടയിലുള്ളവരിലാണ് ഈ രോഗം കണ്ടുതുടങ്ങുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ കൂടുതലായി കാണുന്നു.
ആത്മനിയന്ത്രണത്തിന്റെയും വ്യക്തിത്വത്തിന്റെയും കേന്ദ്രമായ, തലച്ചോറിന്റെ മുൻഭാഗത്തുള്ള ഫ്രണ്ടൽ ദളം, വികാരങ്ങളെ നിയന്ത്രിക്കുന്ന പ്രധാന മേഖലയായ തലച്ചോറിന്റെ പാർശ്വഭാഗങ്ങളിലുള്ള ടെംപറൽ ദളം എന്നിവയിലെ കോശങ്ങൾക്കുണ്ടാകുന്ന തകരാറാണ് പ്രധാന കാരണം.
ലക്ഷണങ്ങൾ
സാധാരണ മറവിരോഗം ബാധിക്കുമ്പോൾ അടുത്തിടെ ചെയ്ത കാര്യങ്ങൾ മറന്നുപോകുന്നതാണ് ആദ്യലക്ഷണം. എന്നാൽ ഈ രോഗത്തിന്റെ ആദ്യലക്ഷണം പെരുമാറ്റത്തിലെ വ്യത്യാസമാണ്. വളരെ പ്രിയപ്പെട്ടവരോട് പോലും കരുണയില്ലാതെ പെരുമാറാം. അമിതമായി ഭക്ഷണം കഴിക്കുക, കുളിക്കാനും പല്ലുതേക്കാനും മറ്റും താൽപര്യം കാണിക്കാതിരിക്കുക, സംസാരിക്കുന്നതിനിടെ തപ്പിത്തടയുക തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം.
ചികിത്സ എങ്ങനെ?
തലച്ചോറിലെ ഡോപമിന്റെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന ഔഷധങ്ങൾ, സിറട്ടോണിൽ എന്ന രാസവസ്തുവിന്റെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന വിഷാദവിരുദ്ധ ഔഷധങ്ങൾ എന്നിവ പ്രയോജനപ്രദമാണ്. ചിട്ടയായ ശാരീരിക വ്യായാമവും ഓർമകൾ മെച്ചപ്പെടുത്താനുള്ള പരിശീലനവും വഴി കുറെയധികം നാൾ ഈ അവസ്ഥ വഷളാകാതെ പ്രതിരോധിക്കാൻ കഴിയും.
(വിവരങ്ങൾക്കു കടപ്പാട്: ഡോ. അരുൺ ബി നായർ, പ്രഫസർ, സൈക്യാട്രി വിഭാഗം, മെഡിക്കൽ കോളജ്, തിരുവനന്തപുരം)
പ്രമേഹരോഗികൾ അറിഞ്ഞിരിക്കേണ്ടത്: വിഡിയോ