കൊതുക് കടിച്ചോ? ചൊറിച്ചിലും തിണർപ്പും മാറ്റാൻ എളുപ്പ വഴികള്‍
Mail This Article
ചൂട് കൂടിയതോടെ കഴിവതും വാതിലും ജനലും തുറന്നിടാനാണ് പലരും നോക്കുന്നത്. അത്രയെങ്കിലും നേരം കുറച്ച് കാറ്റ് കിട്ടിയാൽ ആശ്വാസം. എന്നാൽ ഇടയ്ക്ക് പെയ്യുന്ന മഴ കൊതുകുശല്യം കൂട്ടിയെന്ന കാര്യത്തിൽ സംശയമില്ല. സ്വാഭാവികമായും ഡെങ്കിപ്പനി പോലുള്ള രോഗങ്ങളും വർധിച്ചു. ഇനി എത്ര ശ്രദ്ധിച്ച്, ശരീരം മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ച് ഇരുന്നാലും എങ്ങനെയെങ്കിലും കൊതുകുകടി കിട്ടാതിരിക്കില്ല. സ്വാഭാവികമായും ബുദ്ധിമുട്ട് തന്നെയാണ്. കൊതുക് കടിച്ചാലുണ്ടാകുന്ന ചൊറിച്ചിലിൽ നിന്നും തിണർപ്പിൽ നിന്നും രക്ഷപ്പെടാൻ ചില പൊടിക്കൈകൾ നോക്കാം
ആപ്പിൾ സൈഡർ വിനഗർ
ഒരു കഷ്ണം പഞ്ഞിയിൽ ആപ്പിൾ സൈഡർ വിനഗർ മുക്കി കൊതുക് കടിച്ച ഭാഗത്ത് വയ്കക്കുക. അതിലടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചൊറിച്ചിലും തിണർപ്പും കുറയ്ക്കും
തേൻ
തേനിലെ ആന്റിബാക്ടീരിയൽ ഗുണങ്ങൾ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കും. തേനിനു കട്ടിയുള്ളത് കൊണ്ട് ചൊറിച്ചിലിന്റെ കാഠിന്യം കുറയ്ക്കാൻ കഴിയും. കൊതുക് കടിച്ച ഇടത്ത് അൽപ്പം തേൻ പുരട്ടിയാൽ ആശ്വാസമുണ്ടാകും.
സോഡാപ്പൊടി
എപ്പോഴും അടുക്കളയിൽ സോഡാപ്പൊടി ഉണ്ടാകുമല്ലോ, കിട്ടാൻ തീരെ ബുദ്ധിമുട്ടില്ല. ചൊറിച്ചിലും തിണർപ്പും തടയാൻ ഇത് നല്ലതാണ്. അൽപ്പം വെള്ളത്തിൽ ചേർത്ത് കുഴച്ച് കൊതുക് കടിച്ച ഭാഗത്ത് പുരട്ടാം. 10–15 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയാം.
കറ്റാര്‍വാഴ
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ധാരാളമായുള്ള കറ്റാർവാഴ കൊതുക് കടിച്ച ഭാഗത്ത് പുരട്ടിയാൽ മതി. ചെടിയിൽ നിന്നും നേരിട്ടുപയോഗിക്കുന്ന ജെല്ലിനായിരിക്കും സ്വാഭാവികമായും ഗുണം.
ഐസ്
കൊതുക് കടിച്ച സ്ഥലത്ത് ഐസ് വച്ചാൽ ആ ഭാഗം മരവിക്കുകയും ചൊറിച്ചിൽ കുറയുകയും ചെയ്യും. തിണർപ്പ് തടയാനും ഐസിനു കഴിയും. ഒരു ചെറിയ കഷ്ണം തുണിയിൽ പൊതിഞ്ഞ ശേഷം വേണം ഐസ് ഉപയോഗിക്കാന്‍.
എസെൻഷ്യൽ ഓയിൽ
ലാവണ്ടർ ഓയില്‍, ടീ ട്രീ ഓയിൽ എന്നിവ ആന്റി ബാക്ടീരിയൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളവയാണ്. വെളിച്ചെണ്ണ പോലെ മറ്റേതെങ്കിലും എണ്ണയിൽ എസെൻഷ്യൽ ഓയിൽ ചേർത്ത് പുരട്ടാം.
ടീബാഗ്
ചായ ഉണ്ടാക്കിയ ശേഷം ബാക്കിയായ ടീ ബീഗിനെ വെറുതേ കളയേണ്ട. കൊതുകുകടി മാറ്റാൻ കുറച്ചു സമയത്തേക്ക് ടീ ബാഗ് ഏതു ഭാഗത്താണോ കടിച്ചത്, അതിനു മുകളിൽ അമർത്തി വയ്ക്കാം.
വെളുത്തുള്ളി
ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ധാരാളമായുള്ള വെളുത്തുള്ളി തൊലി കളഞ്ഞ് ചതച്ച് കൊതുകുകടിയേറ്റ ഭാഗത്ത് വയ്ക്കാം. നീര് പുരട്ടിയാലും മതി.