ശരീരത്തില്‍ പ്രോട്ടീന്‍ അഭാവമുണ്ടോ? അറിയാം ഈ ലക്ഷണങ്ങള്‍
Mail This Article
നിത്യഭക്ഷണത്തില്‍ നാം ഉള്‍പ്പെടുത്തേണ്ട ഒരു അവശ്യ പോഷണമാണ് പ്രോട്ടീന്‍. പേശികളുടെയും മുടിയുടെയും ചര്‍മ്മത്തിന്റെയും ഹോര്‍മോണുകളുടെയുമൊക്കെ നിര്‍മ്മാണത്തിന് പ്രോട്ടീന്‍ അത്യന്താപേക്ഷിതമാണ്.
ആവശ്യത്തിനു പ്രോട്ടീന്‍ ശരീരത്തിനു ലഭിക്കുന്നുണ്ടോ എന്നറിയാന്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ സഹായിക്കും.
1. ചര്‍മ്മവും മുടിയും നഖവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍
ഇലാസ്റ്റിന്‍, കൊളാജെന്‍, കെരാറ്റിന്‍ പോലുള്ള പ്രോട്ടീനുകളാല്‍ നിര്‍മ്മിതമാണ് മുടിയും ചര്‍മ്മവും നഖവുമൊക്കെ. ഇതിനാല്‍ പ്രോട്ടീന്റെ ശരീരത്തിലെ അഭാവം നഖം പൊട്ടാനും മുടി കൊഴിയാനും ചര്‍മ്മം ചെതുമ്പലുകള്‍ ഉള്ളതാകാനും ഇടയാക്കും.
2. പേശികളുടെ വലിപ്പം കുറയും
പേശികള്‍ വളര്‍ത്താനും സംരക്ഷിക്കാനുമൊക്കെ പ്രോട്ടീന്‍ ആവശ്യമാണ്. പ്രോട്ടീന്‍ ഭക്ഷണം കഴിക്കാത്തവരില്‍ പേശികളുടെ വലുപ്പം കുറയാന്‍ ഇതിനാല്‍ സാധ്യതയുണ്ട്.
3. വര്‍ധിച്ച വിശപ്പ്
ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നതിനൊപ്പം വിശപ്പടക്കാനും പ്രോട്ടീന്‍ സഹായിക്കും. എന്തെല്ലാം കഴിച്ചിട്ടും പെട്ടെന്ന് വിശക്കുന്നത് ആവശ്യത്തിന് പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഇല്ലെന്നതിന്റെ സൂചനയാണ്. ദീര്‍ഘനേരത്തേക്ക് വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കുന്ന പ്രോട്ടീന്‍ ഭാരം കുറയ്‌ക്കാനുള്ള ശ്രമങ്ങളെയും സഹായിക്കും.
4. നീര്
കാലുകളിലും കൈകളിലുമൊക്കെ നീര് വയ്‌ക്കുന്നത് പ്രോട്ടീന്‍ അഭാവത്തെ തുടര്‍ന്ന് ശരീരഭാഗങ്ങളില്‍ ദ്രാവകം കെട്ടിക്കിടക്കുന്നത് മൂലമാണ്. എന്നാല്‍ നീരു വയ്‌ക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ടാകാമെന്നതിനാല്‍ ഒരു ആരോഗ്യ വിദഗ്‌ധനെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്.
5. ഹോര്‍മോണല്‍ അസന്തുലനം
ഭക്ഷണത്തിലെ പ്രോട്ടീന്‍ അഭാവം ഹോര്‍മോണ്‍ സന്തുലനം താളം തെറ്റാനും ഇടയാക്കും. ഇത് മൂഡിനെ ബാധിക്കുകയും വിഷാദം, ദേഷ്യം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
മുട്ട, ചിക്കന്‍, മീന്‍, പാലുത്‌പന്നങ്ങള്‍, നട്‌സ്, വിത്തുകള്‍, കോട്ടേജ് ചീസ്, കടല, ബീന്‍സ്, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം പ്രോട്ടീന്റെ സമ്പുഷ്ട സ്രോതസ്സുകളാണ്.
എന്ത് എപ്പോൾ എങ്ങനെ കഴിക്കണം? വിഡിയോ