കുട്ടികളെ വേനൽക്യാംപിനു വിടാനുള്ള പ്ലാനിലാണോ? ആരോഗ്യം കാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ
Mail This Article
അവധിക്കാലമായതോടെ ഇനി വേനൽക്യാംപുകളുടെ തിരക്കാണ്. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും ആരോഗ്യം മെച്ചപ്പെടുത്താനും സാഹസികതയും കായിക താൽപര്യങ്ങളും വളർത്താനും ഇത്തരം ക്യാംപുകൾ സഹായിക്കും. കുട്ടികളെ ഇത്തരം ക്യാംപുകളിലേക്ക് അയയ്ക്കാൻ താൽപര്യമുണ്ടെങ്കിലും ഏതു തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ രക്ഷിതാക്കൾക്ക് ആശയക്കുഴപ്പമുണ്ടാകാം.
കുട്ടികളുടെ താൽപര്യമാണു പ്രധാന ഘടകം. കലയിലാണോ, കായിക ഇനങ്ങളിലാണു താൽപര്യമെന്ന് ആദ്യം നോക്കണം. കുട്ടിയെ മികച്ച കലാകാരിയോ, കായികതാരമോ ആക്കുകയല്ല ഇത്തരം ക്യാംപുകളുടെ ലക്ഷ്യം. മറിച്ച് കുട്ടികളിലെ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും അവരിൽ താൽപര്യം സൃഷ്ടിക്കുകയുമാണ്.
∙ ക്യാംപ് സൗകര്യങ്ങൾ: കുട്ടികളുടെ താൽപര്യത്തിന് അനുസരിച്ചുള്ള ക്യാംപുകൾ തിരഞ്ഞെടുക്കുക. ക്യാംപുകളിലെ പരിശീലകരുടെ യോഗ്യത, പ്രഥമ ശുശ്രൂഷ സൗകര്യങ്ങൾ, ശുചിമുറി, കുടിവെള്ളം എന്നിവയുടെ ലഭ്യത എന്നിവയും ഉറപ്പാക്കണം.
∙ ഏതു കളി: കുട്ടികളുടെ പ്രായത്തിനും ശരീര ഘടനയ്ക്കും യോജിച്ച കളികൾ തിരഞ്ഞെടുക്കുക. ചെറിയ കുട്ടികളാണെങ്കിൽ കളിയോടു താൽപര്യം സൃഷ്ടിക്കാൻ വേണ്ടിയുള്ള ടീം ഗെയിമുകളാണു നല്ലത്. മുതിർന്ന കുട്ടികൾക്കു അവരുടെ നൈപുണ്യത്തിന് അനുസരിച്ചുള്ളവ തിരഞ്ഞെടുക്കാം.
∙ വസ്ത്രവും ഭക്ഷണവും: കാലാവസ്ഥയ്ക്കും തിരഞ്ഞെടുക്കുന്ന കളിക്കും അനുസരിച്ചുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങളാണു നല്ലത്. സ്വന്തമായി വാട്ടർ ബോട്ടിൽ കയ്യിൽ കരുതണം. മധുരവും ഉപ്പും കലർന്ന നാരങ്ങ വെള്ളം നല്ലത്. ശീതള പാനീയങ്ങൾ വേണ്ട. ക്ഷീണം മാറ്റാൻ ലഘു ഭക്ഷണങ്ങളാകാം.
∙ ശുചിത്വം: പരിശീലന സമയത്തു ധരിച്ച വസ്ത്രങ്ങളും സോക്സും ദിവസവും കഴുകി ഉണക്കി ഉപയോഗിക്കണം. പരിശീലനത്തിനു ശേഷം നനഞ്ഞ വസ്ത്രങ്ങളും അടിവസ്ത്രങ്ങളും മാറ്റി എത്രയും വേഗം കുളിക്കുക. സോപ്പുപയോഗിച്ചു കൈകൾ കഴുകണം. പരിശീലനത്തിന് ഉപയോഗിച്ച് ഷൂസുകൾ, ഹെൽമറ്റുകൾ, ഗ്ലൗസ് തുടങ്ങിയവ വെയിലത്തു വച്ചു കഴുകി ഉപയോഗിക്കാം.
∙ സന്തോഷം മുഖ്യം: കുട്ടികളുടെ സന്തോഷത്തിനായിരിക്കണം മുൻഗണന. പരിശീലന കാര്യങ്ങളിൽ അനാവശ്യമായി ഇടപെടേണ്ട. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കുക. സാംക്രമിക രോഗങ്ങളുണ്ടെങ്കിൽ ക്യാംപിന് അയയ്ക്കരുത്.
(വിവരങ്ങൾ: എം.എ. ജോസഫ്, ചീഫ് ഫിസിയോതെറപ്പിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, കൊച്ചി)
കുട്ടികളിലെ കിഡ്നി രോഗങ്ങൾ: വിഡിയോ