ദിവസം എത്ര ലീറ്റർ വെള്ളം കുടിക്കണം? രോഗികളും പ്രായമായവരും കുടിക്കേണ്ട അളവ് അറിയാം
Mail This Article
വെള്ളമില്ലാതെ ശരീരത്തിലെ ഒരു അവയവത്തിനും പ്രവർത്തിക്കാനാകില്ല. ദഹനത്തിനും വിസർജ്യങ്ങൾ പുറന്തള്ളാനും തലച്ചോറിന്റെയും ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവർത്തനത്തിനും രക്തചംക്രമണത്തിനും ത്വക്ക് സാധാരണ നിലയിലായിരിക്കുന്നതിനുമെല്ലാം ശരീരത്തിൽ വെള്ളം ആവശ്യമാണ്.
എത്ര ലീറ്റർ വെള്ളം കുടിക്കാം?
വെള്ളം എന്ന് പറയുമ്പോൾ ദ്രാവകരൂപത്തിലുള്ള ആഹാരവും ഉൾപ്പെടും. ആരോഗ്യമുള്ള ഒരു പുരുഷന് 3.5 ലീറ്റർ വരെയും സ്ത്രീകൾക്ക് 2.5 ലീറ്റർ വരെയും വെള്ളം കുടിക്കാം. മറ്റ് അസുഖങ്ങളില്ലാത്ത ഒരു സാധാരണ വ്യക്തിയെ സംബന്ധിച്ച് ഇത് കുഴപ്പമില്ല. എന്നാൽ വളരെ പ്രായം ചെന്നവർക്കും വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കും 8 - 10 ഗ്ലാസ് ( 1.5 - 2 ലീറ്റർ ) വരെ വെള്ളമാണ് അനുവദനീയം. കാരണം ഇവർക്ക് കൂടുതൽ ജലം പുറത്തേക്ക് കളയാൻ പരിമിതികളുണ്ട്. അതിനാൽ കൂടുതൽ വെള്ളം ശരീരത്തിൽ കെട്ടിക്കിടന്ന് വാട്ടർ ഇന്റോക്‌സിക്കേഷൻ എന്ന അവസ്ഥയുണ്ടാകാം. ഇങ്ങനെയുള്ളവർക്ക് രക്തത്തിലെ ഉപ്പിന്റെ അംശവും കുറഞ്ഞു പോകാം. ഓർമക്കുറവ്, തളർച്ച, ഛർദി, അപസ്മാരം, അബോധാവസ്ഥ എന്നിവയ്ക്കും സാധ്യതയുണ്ട്. ഈ അവസ്ഥ തക്കസമയത്ത് തിരിച്ചറിഞ്ഞില്ലെങ്കിൽ ഗുരുതരമാകാം.
നിർജലീകരണം അപകടം
ആവശ്യത്തിനു വെള്ളം കുടിക്കാതിരുന്നാൽ നിർജലീകരണം ഉണ്ടാകാം. ഇതും വളരെ ഗൗരവമുള്ളതാണ്. ഓരോരുത്തർക്കും ആവശ്യമുള്ള വെള്ളത്തിന്റെ അളവ് അവരുടെ ജോലി, ജോലിസ്ഥലം (തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നവർക്ക് കൂടുതൽ വെള്ളം ആവശ്യമാണ്), വ്യായാമം എന്നിവയെ ആശ്രയിച്ചിരിക്കും. ഇവിടെയും മുതിർന്ന പൗരന്മാരെ ഒരു പ്രത്യേക വിഭാഗമായി കരുതാം. പ്രത്യേകിച്ച് ഒറ്റയ്ക്ക് താമസിക്കുന്നവർ. പ്രായമുള്ളവർക്ക് ദാഹം അറിയുന്നതിനുള്ള കഴിവ് കുറവായിരിക്കും എന്നതാണ് പ്രധാന പ്രശ്‌നം. ശരീരത്തിൽ വെള്ളത്തിന്റെ അളവും കുറവായിരിക്കും. അതുകൊണ്ട് പ്രായമായവരെ ഇടയ്ക്കിടെ ഓർമിപ്പിച്ചില്ലെങ്കിൽ അവർ വെള്ളം കുടിക്കാൻ മറന്നുപോകാം.
ഇത് നിർജലീകരണത്തിലേക്കു നയിക്കാൻ സാധ്യതയുണ്ട്. നിർജലീകരണം മൂലം ഓർമക്കുറവ്, പെട്ടെന്നുണ്ടാകുന്ന സ്ഥലകാലവിഭ്രമം എന്നിവ സംഭവിക്കാം. രക്തസമ്മർദവും ഹൃദയമിടിപ്പും താഴാൻ സാധ്യതയുണ്ട്. തലച്ചോറിന്റെ പ്രവർത്തനവും കുറയും. പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയവയ്ക്കു വരെ നിർജലീകരണം കാരണമാകാം.
ശ്രദ്ധിക്കാൻ
∙ രണ്ടു മണിക്കൂർ കൂടുമ്പോഴെങ്കിലും വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ജൂസ്, ചായ, കരിക്കിൻ വെള്ളം, സൂപ്പ്, ജലം ധാരാളമുള്ള തണ്ണിമത്തൻ, പൈനാപ്പിൾ, ഓറഞ്ച് തുടങ്ങിയ പഴങ്ങൾ ഇവയെല്ലാം നിർജലീകരണം തടയാൻ സഹായിക്കും.
∙ 60 വയസ്സ് കഴിഞ്ഞവർക്ക് ആവശ്യത്തിന് വെള്ളം നൽകാൻ കുടുംബാംഗങ്ങൾ ശ്രദ്ധിക്കുക. അവർ വെള്ളം വേണ്ടെന്നു പറഞ്ഞാലും പിന്നീട് അസ്വസ്ഥതയോ ശ്വാസംമുട്ടലോ ശ്രദ്ധക്കുറവോ പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക, നിർജലീകരണത്തിന്റെ ലക്ഷണമാകാം.
എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം: വിഡിയോ